നടൻ സിദ്ധാർഥ് പ്രഭു മദ്യലഹരിയിൽ കാറിടിച്ച് ഒരാളെ പരിക്കേൽപ്പിച്ച സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലായതിന് പിന്നാലെ നടനെതിരെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അന്ന ജോൺസൺ. 2021 മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്ന ഡിജെ പാർട്ടിയിൽ സിദ്ധാർത്ഥും ഉണ്ടായിരുന്നെന്ന് അന്ന ജോൺസൺ പറയുന്നു.
‘മോനേ, ശരിക്കും അന്ന ചേച്ചിക്ക് സങ്കടം തോന്നുന്നുണ്ട്. നീ ഓർക്കുന്നുണ്ടോ. 2021 ഒക്ടോബർ 21 ന് കൊച്ചിൻ നമ്പർ 18 ഹോട്ടലിൽ വെച്ച് നമ്മൾ കണ്ടിരുന്നു. ഞാൻ നിന്റെ കൂടെ കുറച്ച് ഫോട്ടോകൾ എടുത്തു. അത് കഴിഞ്ഞ് എന്റെ വ്ലോഗിംഗ് വീഡിയോയിൽ കുറേ നീ പതിഞ്ഞു. അത് കഴിഞ്ഞ് അവിടത്തെ ദുരൂഹതയും രണ്ട് പേരുടെ മരണവുമുണ്ടായി. ഞാൻ കൊച്ചിൻ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി കൊടുത്തു. ചാനലുകാർ ഏറ്റെടുത്തപ്പോൾ നീ എന്നോട് പറഞ്ഞ കാര്യമുണ്ട്, ചേച്ചീ എന്റെ ഫോട്ടോകളും വീഡിയോകളും റിവീൽ ചെയ്യല്ലേ എന്ന്. നീ മാത്രമല്ല മുൻനിര നായിക നടിമാരും നടൻമാരുമൊക്കെ അവിടെ ഉണ്ടായിരുന്നു. ചെറിയ പിള്ളേർ ചേച്ചി ഞങ്ങളെ ഇതിലേക്ക് വലിച്ചിഴയ്ക്കല്ലേ എന്ന് അവർ എന്നോട് പറഞ്ഞു. അവരുടെ പേര് പറഞ്ഞ് എനിക്ക് വേണമെങ്കിൽ റീച്ചുണ്ടാക്കാമായിരുന്നു. ഈ ഡിസംബർ 25 വരെ ഞാൻ വാക്ക് പാലിച്ചു. കാരണം നീ എനിക്ക് വാക്ക് തന്നിരുന്നു. ഞാനിനി ഇതിന്റെ പുറകെ പോകില്ല, നന്നായിക്കോളാം എന്ന്. എന്താണ് മോനെ അവസ്ഥ. ഇത് ഉപയോഗിക്കുന്നവരെയല്ല, ഇത് പലരിലേക്കും എത്തിക്കുന്ന മാഫിയകളെയാണ് പിടിക്കേണ്ടത്’ അന്ന ജോൺസൺ പറയുന്നു.
ഇന്നലെ രാത്രി എംസി റോഡിൽ നാട്ടകം ഗവ. കോളജിനു സമീപത്താണ് നടൻ സിദ്ധാർഥിന്റെ വാഹനം വഴിയാത്രക്കാരനെ ഇടിച്ചത് . കോട്ടയം ഭാഗത്തുനിന്ന് എത്തിയ സിദ്ധാർഥ് ഓടിച്ച കാർ നിയന്ത്രണംവിട്ട് ലോട്ടറി വിൽപനക്കാരനായ കാൽനടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. ചോദ്യംചെയ്ത നാട്ടുകാരെയും തടയാൻ എത്തിയ പൊലീസിനെയും ആക്രമിച്ച ഇയാളെ ഒടുവിൽ ചിങ്ങവനം പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.