ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നിസിൽ ലോകഒന്നാം നമ്പര്‍ താരം കാർലോസ് അൽകാരസ് സെമിയില്‍. അലക്സ് ഡിമിനോറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തു. മൂന്നാം സീഡായ കൊക്കോ ഗോഫിനെ അട്ടിമറിച്ച് സ്വിറ്റോലിന സെമി ഉറപ്പാക്കി. നൊവാക് ജോക്കോവിച്ചും യാനിക് സിന്നറും സെമി ലക്ഷ്യമിട്ട് ഇന്നിറങ്ങും.
അഞ്ചു പതിറ്റാണ്ടിനുശേഷം ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടുന്ന ഓസ്ട്രേലിയന്‍ താരമെന്ന അലക്സ് ഡിമിനോറിന്റെ സ്വപ്നം റോഡ് ലേവർ അരീനയിൽ അല്‍കാരസിന് മുന്നില്‍ ഇടറിവീണു. 7-5, 6-2, 6-1 എന്ന സ്കോറില്‍ നേരിട്ടുള്ള സെറ്റുകള്‍ നേടി അല്‍കാരസ് കരിയറിലാദ്യമായി ഓസ്‌ട്രേലിയൻ ഓപ്പണ്‍ സെമിയില്‍.
സെർവിൽ വരുത്തിയ പിഴവുകൾ തിരിച്ചടിയായതോടെ, മൂന്നാം ഗ്രാൻസ്‌ലാം കിരീടമെന്ന കൊക്കോ ഗോഫിന്റെ മോഹങ്ങൾക്ക് ക്വാർട്ടർ ഫൈനലിൽ അന്ത്യം. പന്ത്രണ്ടാം സീഡായ യുക്രെയ്ൻ താരം എലീന സ്വിറ്റോലിനയോട് നേരിട്ടുള്ള സെറ്റുകൾക്കാണ് മൂന്നാം സീഡായ ഗോഫ് പരാജയപ്പെട്ടത്. സ്കോർ: 6-1, 6-2. തോല്‍വിക്ക് പിന്നാലെ ഡ്രസിങ് റൂമിലേക്കുള്ള വഴിയില്‍ ഗോഫ് റാക്കറ്റ് നിലത്തടിച്ചു തകര്‍ത്തു. കോര്‍ട്ടിന് പുറത്തുനിന്നുള്ള ദൃശ്യം പ്രക്ഷേപണം ചെയ്തതില്‍ ഗോഫ് അമർഷം അറിയിച്ചു.