carlsen-erigaisy

TOPICS COVERED

തോല്‍വിയെ സമചിത്തതയോടെ കാണാതെ ചെസ് ബോര്‍ഡില്‍ രോഷാകുലനായി ചെസ്സ് ഗ്രാൻഡ്‌മാസ്റ്ററായ  മാഗ്നെസ് കാള്‍സണ്‍. പരാജയം സമ്മതിക്കാനാകാതെ മാഗ്നെസ് കാള്‍സണ്‍ നടത്തുന്ന പരാക്രമങ്ങള്‍ ഇതാദ്യമായല്ല വാര്‍ത്തയാകുന്നത്. നേരത്തേയും ഇത്തരത്തിലുള്ള പല ഫൗള്‍ നീക്കങ്ങളും ചെസ് ബോര്‍ഡിനു പുറത്ത് കാള്‍സണ്‍ നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം അര്‍ജുന്‍ എരിഗെയ്സിയോട് തോറ്റ് ചെസ് ബോര്‍ഡിനുമുകളില്‍ ആഞ്ഞിടിച്ചാണ് വീണ്ടും വൈറലാകുന്നത്. 

ഇടിച്ചതിനു പിന്നാലെ ബോര്‍ഡില്‍ നിന്നും കാള്‍സണ്‍ കളിച്ച വെളുത്ത കരുക്കള്‍ താഴെ വീഴുന്നതും അതെടുത്ത് വീണ്ടും ബോര്‍ഡില്‍ ആഞ്ഞുവയ്ക്കുന്നതുമാണ് പുറത്തുവന്ന വിഡിയോയിലുള്ളത്. ജൂണിൽ നടന്ന നോർവേ ചെസ്സിൽ നിലവിലെ ലോക ചാമ്പ്യൻ ഡി ഗുകേഷിനോട് തോറ്റതിന് ശേഷം നിയന്ത്രണം വിട്ട് കാള്‍സണ്‍ ദേഷ്യപ്പെട്ടതും തലക്കെട്ടായിരുന്നു. 

നിലവില്‍ നോർവീജിയൻ ചെസ്സ് ഗ്രാൻഡ്‌മാസ്റ്ററും വേൾഡ് റാപ്പിഡ് ചെസ്സ്, വേൾഡ് ബ്ലിറ്റ്സ് ചാമ്പ്യനുമാണ് കാള്‍സണ്‍. തിങ്കളാഴ്ച ദോഹയിൽ നടന്ന ഫിഡെ വേൾഡ് ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിലാണ് എരിഗൈസിയോടേറ്റ പതനം സമ്മതിക്കാനാവാതെ കാള്‍സണ്‍ കോപാകുലനായത്. ഗെയിമില്‍ കാണികളെ ഞെട്ടിക്കുന്ന പ്രകടനമാണ് എരിഗെയ്സി കാഴ്ചവച്ചത്. മികച്ച എന്‍ഡ് ഗെയിം തന്ത്രങ്ങളും കണക്കുകൂട്ടലുകളുമാണ് 11 റൗണ്ടുകൾക്ക് ശേഷം ഒമ്പത് പോയിന്റുമായി എരിഗെയ്സിയെ ഒന്നാംസ്ഥാനത്തെത്തിച്ചത്. 

ഗെയിമിനു പിന്നാലെ തന്നെ കാള്‍സന്റെ വിഡിയോ സോഷ്യല്‍മീഡിയകളില്‍ വൈറലായിരുന്നു. ‘കാൾസന്റെ പൊട്ടിത്തെറി 2.0’ എന്നാണ്  ഈ വിഡിയോയെ സോഷ്യല്‍ ഉപയോക്താക്കള്‍ വിശേഷിപ്പിച്ചത്. എരിഗെയ്സിക്കൊപ്പം ഫ്രഞ്ച് താരം മാക്സിം വച്ചിയർ-ലഗ്രേവിനും ഒന്നാംസ്ഥാനത്തുണ്ട്. പിന്നിൽ 8.5 പോയിന്റുമായി ഡാനിൽ ദുബോവ്, അമേരിക്കൻ ജിഎം ഫാബിയാനോ കരുവാന, ചൈനയുടെ യു യാൻഗി എന്നിവരുമുണ്ട്. കാള്‍സണുള്‍പ്പെടെ എട്ട് കളിക്കാര്‍ എട്ട് പോയിന്റുമായി ആറാംസ്ഥാനത്താണ്. ആർ പ്രഗ്നാനന്ദയും നിലവിലെ ക്ലാസിക്കൽ ലോക ചാമ്പ്യൻ ഡി ഗുകേഷും 7.5 പോയിന്റുമായി 14-ാം സ്ഥാനത്താണ്. 

ഈ വർഷം എരിഗൈസി വിവിധ ഫോർമാറ്റുകളിൽ കാൾസണെ തോൽപ്പിച്ചിട്ടുണ്ട്. നോർവേ ചെസ്സിൽ ക്ലാസിക്കല്‍  ഫോര്‍മാറ്റില്‍ കാള്‍സണെ പരാജയപ്പെടുത്തിയ എരിഗെയ്സി ബ്ലിറ്റ്സിലും വിജയം ആവർത്തിക്കുകയായിരുന്നു. 

ENGLISH SUMMARY:

Magnus Carlsen shows anger after losing to Arjun Erigaisi. This is not the first time Carlsen has lost his cool and made headlines for his behaviour on and off the chess board.