സൂപ്പർ ലീഗ് കേരള രണ്ടാം സീസണിൽ കണ്ണൂർ വോറിയേഴ്സിന് കിരീടം. തൃശ്ശൂർ മാജിക് എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് കണ്ണൂർ വോറിയേഴ്സ് കിരീടമുയർത്തിയത്. സ്വന്തം തട്ടകത്തിലെ കന്നിക്കിരീടനേട്ടം ചാംപ്യന്‍മാര്‍ക്ക് ഇരട്ടി മധുരമായി.
സൂചി കുത്താൻ ഇടമില്ലാത്ത വിധം നിറഞ്ഞു കവിഞ്ഞിരുന്നു കണ്ണൂർ മുനിസിപ്പൽ ജവഹർ സ്റ്റേഡിയം. അപ്രതീക്ഷിതമായി കണ്ണൂരിലെത്തിയ ഫൈനലിൽ കണ്ണൂർ തന്നെ കരുത്തുകാട്ടി. ഹോം മത്സരങ്ങളിലൊന്നിലും ജയിച്ചില്ലെന്ന ചീത്തപ്പേരും കണ്ണൂരിന്റെ ചുണക്കുട്ടികൾ തിരുത്തി. 18-ാം മിനിറ്റിലെ പെനാൽറ്റി കിക്ക് കണ്ണൂരിന്‍റെ വിജയ ഗോളായി. സ്പാനിഷ് താരം അസിയർ ഗോമസിൻ്റെ കിക്ക് വലയിലേക്ക്.
പിന്നീട് പല തവണ ശ്രമിച്ചെങ്കിലും കണ്ണൂരിന് ലക്ഷ്യം കാണാനായില്ല. കണ്ണൂരും തൃശൂരും പ്രതിരോധ നിരയിൽ കരുത്ത് കാട്ടി. രണ്ടാം പകുതിയിൽ കളിയുടെ വേഗത കുറഞ്ഞു.അധിക സമയത്ത് സമനില പിടിക്കാൻ തൃശൂർ മാജിക് എഫ്സി കിണഞ്ഞു പരിശ്രമിച്ചു. ഫൈനൽ വിസിൽ മുഴങ്ങാൻ കാത്തിരിക്കുകയായിരുന്നു ആരാധകപ്പട . വിസിൽ ഉയർന്നതോടെ ആഘോഷത്തിമിർപ്പ് ആഹ്ലാദം പങ്കുവെച്ച് സെലിബ്രറ്റി പാർട്ട്ണറായ നടൻ ആസിഫലി. സന്തോഷാരവത്തിൽ കണ്ണൂരുകാരായ താരങ്ങളും കഴിഞ്ഞ തവണ സെമി ഫൈനലിൽ തോറ്റ് പുറത്തായ കണ്ണൂർ വോരിയേഴ്സിന് സ്വന്തം മണ്ണിലെ ഫൈനൽ അഭിമാന പോരാട്ടമായിരുന്നു. ഇനി മൂന്നാം സീസണിനായുള്ള കാത്തിരിപ്പ്