sports

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചിട്ടും മുഹമ്മദ് ഷമിയെ ടീമിലേക്ക് പരിഗണിച്ചതേയില്ല. മൂന്ന് വിക്കറ്റ് കീപ്പര്‍മാരുള്ള ടീമില്‍ സഞ്ജു സാംസണ് ഇടംപിടിക്കാനായില്ല. ഗില്ലിന് പകരക്കാരനായി കെ.എല്‍ രാഹുലിന് ക്യാപ്റ്റന്‍ സ്ഥാനം ലഭിച്ചപ്പോള്‍ ശ്രേയസ് അയ്യരുടെ അഭാവത്തില്‍ ഋഷഭ് പന്താണ് വൈസ് ക്യാപ്റ്റന്‍. 

പരുക്കേറ്റ് പുറത്തായ ശുഭ്മന്‍ ഗില്ലിന്റെ അഭാവത്തില്‍ ആരാകണം ഏകദിന ടീമിനെ നയിക്കേണ്ടത് എന്ന ചോദ്യത്തിന് മൂന്ന് ഓപ്ഷനുകളാണ് ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് മുന്നിലുണ്ടായിരുന്നു. കെ.എല്‍.രാഹുല്‍, ഋഷഭ് പന്ത്, അക്സര്‍ പട്ടേല്‍. ഗുവാഹത്തിയില്‍ ചേര്‍ന്ന യോഗത്തിനൊടുവില്‍ രാഹുല്‍ നായകനും പന്ത് ഉപനായകനുമായപ്പോള്‍ അക്സര്‍ പട്ടേലിന് ടീമിലേ ഇടംലഭിച്ചില്ല.  വാഷിങ്ടണ്‍ സുന്ദര്‍, ജഡേജ, കുല്‍ദീപ് എന്നിവരാണ് സ്പിന്നര്‍മാര്‍. ബുമ്രയുടെയും പാണ്ഡ്യയുടെയും അഭാവത്തില്‍ പേസ് നിരയില്‍ പ്രസിദ്ധും അര്‍ഷ്ദീപ് സിങ്ങും ഹര്‍ഷിത് റാണയും. ഷമിക്ക് ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍ എക്കാലത്തേക്കും അടഞ്ഞതിന്റെ സൂചനകൂടിയായി ടീം. ധ്രുവ് ജുറേല്‍ ടീമില്‍ ഇടംപിടിച്ചപ്പോള്‍ ഏകദിനത്തില്‍ 56.7 ശരാശരിയുള്ള സ‍ഞ്ജുവിന് ഇടമില്ല.  പരുക്കേറ്റ് വിശ്രമത്തിലുള്ള പാണ്ഡ്യ മുഷ്താഖ് അലി ട്രോഫിയില്‍ കളിച്ച് ഫിറ്റനസ് തെളിയിച്ചാല്‍ ട്വന്റി 20 ടീമിലേക്ക് പരിഗണിക്കും. ശ്രേയസിന്റെ അസാന്നിധ്യത്തില്‍ മധ്യനിരയിലേക്ക് തിലക് വര്‍മയെത്തേടി അവസരമെത്തി. ഇന്ത്യ എ ടീമിനായുള്ള മികച്ച പ്രകടനം ഗെയ്ക്വാദിനും ദേശീയ ടീമില്‍ ഇടം നല്‍കി. രോഹിത്തിനൊപ്പം ജയ്സ്വാള്‍ ഓപ്പണറാകും.  നവംബർ 30ന് റാഞ്ചിയിൽ ആരംഭിക്കുന്ന പരമ്പരയിലെ രണ്ടാം മല്‍സരം ഡിസംബര്‍ മൂന്നിന്  റായ്പൂരിലും മൂന്നാം മല്‍സരം ഡിസംബര്‍ ആറിന് വിശാഖപട്ടണത്തും നടക്കും.

ENGLISH SUMMARY:

Indian Cricket team selection sparks debate. KL Rahul captains the ODI squad against South Africa, but Sanju Samson's continued exclusion raises questions.