India's Jasprit Bumrah celebrates after taking the wicket of South Africa's Dewald Brevis during the first Twenty20 international cricket match between India and South Africa at the Barabati Stadium in Cuttack on December 9, 2025. (Photo by Noah SEELAM / AFP) / -- IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE --
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ട്വന്‍റി20യില്‍ 101 റണ്‍സിന്‍റെ കൂറ്റന്‍ ജയമാണ് ഇന്ത്യ നേടിയത്. ബാറ്റുകൊണ്ടും ബോളുകൊണ്ടും ഇന്ത്യ ആധിപത്യം പുലര്‍ത്തിയ കളിയില്‍ ജസ്പ്രീത് ബുംറയുടെ ട്വന്‍റി20യിലെ നൂറാം വിക്കറ്റ് നേട്ടമാണിപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. പത്താം ഓവറിലെ രണ്ടാമത്തെ പന്തില്‍ ഡിയേവാള്‍ഡ് ബ്രെവിസിനെ പുറത്താക്കിയാണ് ബുംറ തന്‍റെ 100–ാം വിക്കറ്റ് ആഘോഷിച്ചത്. മൂന്ന് ഫോറും ഒരു സിക്സുമടക്കം 14 പന്തില്‍ 22 റണ്‍സെടുത്ത് നില്‍ക്കവേയായിരുന്നു ബ്രെവിസിന്‍റെ മടക്കം. ഓഫ് സ്റ്റംപ് ലക്ഷ്യമാക്കി ബുംറയെറിഞ്ഞ പന്ത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് കൈപ്പിടിയിലാക്കി. പന്ത് നോബോളാണോയെന്ന് അംപയര്‍ സംശയം പ്രകടിപ്പിച്ചെങ്കിലും ബ്രെവിസ് മടങ്ങി. കമന്‍റേറ്റര്‍മാരും ഇതേ സംശയം പ്രകടിപ്പിച്ചു. റീപ്ലേയില്‍ ബുംറ ഒരു പൊടിക്ക് കാല്‍ മുന്നിലേക്ക് വച്ചുവെന്ന് വ്യക്തമായിരുന്നുവെങ്കിലും തേഡ് അംപയര്‍ വിക്കറ്റ് അനുവദിക്കുകയായിരുന്നു.
നേട്ടത്തോടെ മൂന്ന് ഫോര്‍മാറ്റിലും 100 വിക്കറ്റ് നേടിയ അഞ്ചാമത്തെ ബോളറായും ബുംറ മാറി. ഷാക്കിബ് അല്‍ ഹസന്‍, ടിം സൗത്തി, ലസിത് മലിംഗ, ഷഹീന്‍ അഫ്രീദി എന്നിവരാണ് മറ്റുതാരങ്ങള്‍.
അഞ്ചുമല്‍സരങ്ങളുടെ പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ടോസ് നഷ്ടപ്പെട്ടാണ് കളിക്കാനിറങ്ങിയതെങ്കിലും ഇന്ത്യ സമഗ്രാധിപത്യം പുലര്‍ത്തുകയായിരുന്നു. ആറുവിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. പുറത്താകാതെ 59 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയാണ് പ്ലേയര്‍ ഓഫ് ദ് മാച്ച്. അഭിഷേക് ശര്‍മ (17), അക്സര്‍ പട്ടേല്‍ (23), തിലക് വര്‍മ (26) എന്നിവര്‍ ഇന്നിങ്സ് കെട്ടിപ്പടുക്കാന‍് സഹായിച്ചു. തുടക്കത്തില്‍ മൂന്ന് ഗില്ലിന്‍റെയും സൂര്യകുമാറിന്‍റെയും വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു.
മറുപടി ബാറ്റിങിനിറങ്ങിയ പ്രോട്ടീസിന് 12.3 ഓവറില്‍ 74 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഓപ്പമിങ് ഓവറില്‍ ക്വിന്‍റണ്‍ ഡി കോക്ക് പൂജ്യത്തിന് പുറത്തായതിന്‍റെ ആഘാതം മറികടക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് പിന്നീട് കഴിഞ്ഞില്ല. ട്വന്‍റി20യിലെ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും കുറഞ്ഞ സ്കോറാണിത്. ബുംറയ്ക്കൊപ്പം അര്‍ഷ്ദീപും വരുണ്‍ ചക്രവര്‍ത്തിയും അക്സര്‍ പട്ടേലും രണ്ടുവീതം വിക്കറ്റുകള്‍ വീഴ്ത്തി. ഹാര്‍ദിക് പട്ടേലും ശിവം ദുബെയും ഓരോ വിക്കറ്റുമെടുത്തു.