New Delhi: India's Ishan Kishan, front, grimaces in pain after getting injured during a practice session ahead of an ICC Men's T20 World Cup 2026 cricket match between India and Namibia, at the Arun Jaitley Stadium, in New Delhi, Wednesday, Feb. 11, 2026. (PTI Photo/Salman Ali) (PTI02_11_2026_000492B)
നമീബിയയുമായുള്ള മല്‍സരത്തിന് മുന്നോടിയായി നെറ്റ്സില്‍ പരിശീലനം നടത്തുന്നതിനിടെ ഇന്ത്യയുടെ സൂപ്പര്‍താരം ഇഷാന്‍ കിഷന് പരുക്കേറ്റു. ജസ്പ്രീത് ബുംറയെറിഞ്ഞ പന്ത് ഇഷാന്‍റെ കാല്‍ക്കുഴയില്‍ പതിക്കുകയായിരുന്നു. കാല്‍ വലിച്ച് വച്ച് നടന്നതാരം പിന്നീട് വീണ്ടും പരിശീലനത്തിനിറങ്ങിയ ശേഷമാണ് മടങ്ങിയത്. അണുബാധയെ തുടര്‍ന്ന് അഭിഷേക് ശര്‍മ കളിച്ചേക്കില്ലെന്ന ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് ഇഷാന്‍ കിഷന്‍റെ പരുക്കും വെല്ലുവിളിയാകുന്നത്. അതേസമയം, ഇത് സാരമുള്ളതല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വയറിലെ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അഭിഷേക് ഡിസ്ചാര്‍ജ് ആയെങ്കിലും നമീബിയയ്ക്കെതിരെ ഇന്ന് കളിക്കുന്ന കാര്യം സംശയമാണ്. അഭിഷേകിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും കളിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടാകുമെന്നും തിലക് വര്‍മ ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
യുഎസ്എയ്ക്കെതിരായ മല്‍സരത്തില്‍ പൂജ്യത്തിനാണ് അഭിഷേക് പുറത്തായത്. ശാരീരിക ബുദ്ധിമുട്ടുണ്ടായിട്ടും കളിക്കാനിറങ്ങിയതായിരുന്നു താരം. പിന്നീട് ഫീല്‍ഡിങിന് അഭിഷേകിന് പകരം സഞ്ജുവാണ് ഇറങ്ങിയത്. മല്‍സരത്തിന് പിന്നാലെ അഭിഷേകിന്‍റെ നില വഷളായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഫെബ്രുവരി 15ന് പാക്കിസ്ഥാനെതിരായ മല്‍സരത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നതിനാല്‍ തന്നെ നമീബിയയ്ക്കെതിരെ അഭിേഷകിന് വിശ്രമം അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ചയോടെ താരം ആരോഗ്യം വീണ്ടെടുത്തെന്ന് ബോധ്യമായാല്‍ കൊളംബോയിലേക്ക് തിരിക്കുമെന്നും ശനിയാഴ്ച പരിശീലനത്തിന് ശേഷം ഞായറാഴ്ച കളിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇഷാനോ അഭിഷേകോ പുറത്തിരുന്നാല്‍ സഞ്ജുവാകും നമീബിയയ്ക്കെതിരെ ഓപ്പണറായി ഇറങ്ങുക. ബാറ്റിങ് കോച്ച് സിതാന്‍ഷു കോട്ടകിനൊപ്പവും അല്ലാതെയും ദീര്‍ഘനേരമാണ് സഞ്ജു നെറ്റ്സില്‍ ചെലവഴിച്ചത്. ഇതോടെയാണ് താരം ഇന്ന് പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമെന്ന സൂചനകള്‍ പുറത്തുവന്നത്.