ആഷസ് പെര്‍ത്ത് ടെസ്റ്റില്‍ ട്രാവിസ് ഹെഡ് സമ്മാനിച്ച ഷോക്കിലാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. 

മല്‍സരത്തിന്‍റെ ആദ്യ നാല് സെഷനുകളിലും ആധിപത്യം നേടിയ ഇംഗ്ലണ്ടിന് ‘ഹെഡ് ഷോ’യിലാണ് അടിതെറ്റിയത്. ട്രാവിസ് ഹെഡിന്റെ അവിശ്വസനീയ ഇന്നിങ്സിൽ താൻ ഞെട്ടിപ്പോയെന്നാണ് ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ് പറഞ്ഞത്.  എട്ടുവിക്കറ്റിനാണ് ഇംഗ്ലണ്ടിന്റെ തോല്‍വി.  

ഒന്നാം ഇന്നിങ്സില്‍ ഒച്ചിഴയും പോലെ ബാറ്റുചെയ്ത ഓസീസ് സ്കോര്‍ 30 റണ്‍സ് പിന്നിട്ടത് 15 ഓവറില്‍. രണ്ടാം ഇന്നിങ്സില്‍ ഒൗട്ട് ഓഫ് സിലബസായി എത്തിയ ട്രാവിസ് ഹെഡ് ഏകദിനം പോലെ അടിച്ചുകളിച്ചതോടെ15 ഓവറില്‍ സ്കോര്‍ 87 റണ്‍സ്. 205 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ആര് ഓപ്പൺ ചെയ്യുമെന്ന കാര്യത്തിൽ ഓസീസിന് ആശയക്കുഴപ്പമുണ്ടായിരുന്നു. ഓപ്പണറാകാന്‍ സന്നദ്ധത അറിയിച്ച ഹെഡിനോട് ക്യാപ്റ്റന്‍ സ്മിത് പറഞ്ഞ് അടിച്ചുതകര്‍ക്കാന്‍. ഹെഡ് കുറിച്ചത് ആഷസ് ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി.

ടെസ്റ്റിലും ഓപ്പണറാകണമെന്നത് കുറച്ചുനാളായുള്ള ആഗ്രഹമായിരുന്നുവെന്നും ഇത് നടപ്പാക്കാനുള്ള ശരിയായ അവസരമാണിതെന്ന് തോന്നി എന്നും ഹെഡ് മല്‍സരശേഷം പറഞ്ഞു.  

രണ്ടുദിവസം മാത്രംനീണ്ട ടെസ്റ്റില്‍ ആദ്യ നാല് സെഷനുകളിലും ഇംഗ്ലണ്ടിനായിരുന്നു മുൻതൂക്കം. എന്നാൽ, രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് ശേഷമുണ്ടായ ബാറ്റിങ് തകർച്ചയോടെ സര്‍വനിയന്ത്രണവും നഷ്ടമായി. പന്തിന് കാര്യമായ ചലനങ്ങളൊന്നും ഇല്ലാതിരുന്നിട്ടും, ക്ഷമയുടെ കണികപോലുമില്ലാത്ത ഇംഗ്ലീഷ് ബാറ്റര്‍മാരുടെ ദൗര്‍ബല്യം ഓസീസ് മുതലാക്കി. വേഗമേറിയ ഗുഡ് ലെങ്ത് പന്തുകൾക്കു മുന്നിൽ ബാറ്റർമാർ പതറി. ഓലി പോപ്, ജോ റൂട്ട്, ഹാരി ബ്രൂക്ക് എന്നിവരെല്ലാം പുറത്തായത് അനാവശ്യ ഡ്രൈവുകൾക്ക് ശ്രമിച്ച്. ‌

2010-11ലെ പരമ്പര തോറ്റതിന് ശേഷം സ്വന്തം നാട്ടിൽ നടക്കുന്ന ആഷസ് ടെസ്റ്റുകളിലെ ഓസ്‌ട്രേലിയയുടെ അപരാജിത കുതിപ്പ് 16 മത്സരങ്ങളായി. 

ENGLISH SUMMARY:

Ashes Test: Travis Head's explosive innings shocked England in the Perth Test. England dominated the first four sessions, but Head's incredible batting display led to their defeat, extending Australia's unbeaten home Ashes streak to 16 matches.