basketball

ബാസ്കറ്റ്ബോൾ കോർട്ടിലും ഇനി മാഞ്ചസ്റ്റർ യുണൈറ്റഡ്. എൻബിഎ യൂറോപ്പ് ലീഗിലായിരിക്കും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മല്‍സരിക്കുക. 2027-28 സീസണില്‍ എൻബിഎ യൂറോപ്പ് ലീഗ് ആരംഭിക്കുകയാണ് ലക്ഷ്യം. ഇറ്റാലിയൻ ബാസ്കറ്റ്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ജിയാനി പെട്രൂച്ചിയാണ് എൻബിഎ യൂറോപ്പ് ലീഗിലേക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ടീം വരുന്നുവെന്ന് വെളിപ്പെടുത്തിയത്. 

പദ്ധതിയനുസരിച്ച്, എൻബിഎ യൂറോപ്പ് ലീഗില്‍ മാഞ്ചസ്റ്റർ ഉൾപ്പെടെയുള്ള പ്രമുഖ യൂറോപ്യൻ നഗരങ്ങളിലായി 12 ഫ്രാഞ്ചൈസികളുണ്ടാകും. അമേരിക്കയ്ക്കു പുറത്തും യൂറോപ്പിലുമുള്ള ബാസ്കറ്റ്ബോളിന്റെ വളർച്ച പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. ധാരണയനുസരിച്ച്, ലീഗിൽ റജിസ്റ്റർ ചെയ്യുന്ന ക്ലബ്ബുകൾ അതത് രാജ്യങ്ങളിലെ ആഭ്യന്തര ലീഗുകളിലും നിർബന്ധമായും പങ്കെടുക്കണം. 

ക്ലബ്ബ് സ്വന്തമായി ഒരു ബാസ്കറ്റ്ബോൾ ടീമിനെ ഇറക്കുന്നത് ഇതാദ്യമല്ല. 1980-കളിൽ മാ‍ഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ബാസ്കറ്റ്ബോൾ ടീം ലീഗ് ചാംപ്യന്‍ഷിപ്പ് നേടിയിട്ടുണ്ട്. 1988ൽ പ്രാദേശിക വ്യവസായികളുടെ ഒരു സംഘം ടീമിനെ ഏറ്റെടുക്കുകയായിരുന്നു. റയല്‍ മഡ്രിഡ്, ബാര്‍സിലോന, ബയണ്‍ മ്യൂണിക് തുടങ്ങിയ ഫുട്ബോള്‍ വമ്പന്‍മാര്‍ക്ക് ബാസ്ക്കറ്റ് ബോള്‍ ക്ലബുകളുമുണ്ട്.

ENGLISH SUMMARY:

Manchester United is expanding into basketball with a team in the upcoming NBA Europe League. The NBA Europe League aims to capitalize on basketball's growth in Europe with 12 franchises in major European cities, including Manchester.