മെക്സിക്കൻ ക്ലബ് വിട്ട 39-കാരനായ സെര്‍ജിയോ റാമോസിനെ സൗജന്യ ട്രാൻസ്ഫറിൽ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ നീക്കം. ഒരു പതിറ്റാണ്ടിനിടെ മൂന്നാം തവണയാണ് റാമോസിനായി യുണൈറ്റഡ് രംഗത്തിറങ്ങുന്നത്.
പ്രതിരോധത്തിലെ സ്ഥിരതയില്ലായ്മയും നേതൃപാടവത്തിന്റെ അഭാവവും പരിഹരിക്കാനാണ് വന്‍മരത്തെ തന്നെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലക്ഷ്യമിടുന്നത്. ഡ്രസിങ് റൂമിന് ആത്മവിശ്വാസം പകരാനും പ്രതിരോധനിരയ്ക്ക് ചുക്കാൻ പിടിക്കാനും കെൽപ്പുള്ള പരിചയസമ്പന്നന്‍ എന്ന നിലയ്ക്കാണ് റാമോസ് യുണൈറ്റഡിന്റെ റഡാറിലെത്തിയത്. ഡിസംബർ ഏഴിന് ടൊളൂക്കയോട് തോറ്റ ലിഗ MX പ്ലേ ഓഫ് സെമി ഫൈനലായിരുന്നു മെക്സിക്കൻ ക്ലബ് മൊണ്ടേറേയ്ക്കായുള്ള റാമോസിന്റെ അവസാന മത്സരം. 2015ലാണ് റാമോസിനായി മാഞ്ചസറ്റര്‍ യുണൈറ്റഡ് ആദ്യം രംഗത്തെത്തിയത്. എന്നാൽ അന്ന് റാമോസ് റയൽ മഡ്രിഡുമായുള്ള കരാർ പുതുക്കി. എട്ടു വർഷങ്ങൾക്കിപ്പുറം 2023-ൽ, ആഴ്ചയിൽ ഏകദേശം 73,000 പൗണ്ട് പ്രതിഫലം വാഗ്ദാനം ചെയ്ത് യുണൈറ്റഡ് വീണ്ടും രംഗത്തെത്തി. ക്ലബ് അധികൃതരെപ്പോലും അമ്പരപ്പിച്ചുകൊണ്ട് റാമോസ് ആ വാഗ്ദാനം നിരസിക്കുകയായിരുന്നു. ഇത്തവണയും കാര്യങ്ങൾ എളുപ്പമാകില്ല. ലാ ലിഗയിലെയും ഇറ്റാലിയൻ സീരി എയിലെയും നിരവധി ക്ലബുകൾ രംഗത്തുണ്ട്.