ഒളിംപിക്സിൽ ആദ്യമായി മെഡല്‍ നേടിയ മലയാളിയും മുന്‍ ഹോക്കി താരവുമായ മാനുവൽ ഫ്രെഡറിക് അന്തരിച്ചു. ബെംഗളുരുവിലായിരുന്നു അന്ത്യം. 1972 മ്യൂണിക് ഒളിംപിക്സിൽ പുരുഷ ഹോക്കിയിൽ ഇന്ത്യ വെങ്കലം നേടിയപ്പോൾ ടീമിന്റെ ഗോൾകീപ്പർ കണ്ണൂരുകാരനായ മാനുവൽ ഫ്രെഡറിക് ആയിരുന്നു. കായികരംഗത്തെ സംഭാവനകള്‍ക്ക് 2019 ല്‍ ധ്യാന്‍ചന്ദ് അവാര്‍ഡ് നല്‍കി മാനുവല്‍ ഫ്രെഡറികിനെ രാജ്യം ആദരിച്ചിട്ടുണ്ട്.
ഫുട്ബോളിൽ സ്ട്രൈക്കറായും ഹോക്കിയിൽ ഗോൾകീപ്പറായും 12ാം വയസ്സിൽ കളി തുടങ്ങിയതാണ് മാനുവൽ ഫ്രെഡറിക്സ്. ഇന്ത്യൻ ജഴ്സിയിൽ കളിക്കണമെന്ന് ലക്ഷ്യമിട്ട് ആ പ്രായത്തിൽത്തന്നെ പരിശീലനം തുടങ്ങി. കണ്ണൂർ ബിഇഎം സ്കൂളിലെ ഫുട്ബോൾ ടീമിൽനിന്ന് സെന്റ് മൈക്കിൾസ് സ്കൂൾ ടീം വഴി ഹോക്കിയിൽ സജീവമായി.
15ാം വയസ്സിൽ ആർമി സ്കൂളിൽ എത്തിയത് വഴിത്തിരിവായി. 17ാം വയസ്സിൽ ബോംബെ ഗോൾഡ് കപ്പിൽ കളിച്ചു. 1971ൽ ഇന്ത്യൻ ടീമിന്റെ ഭാഗമായി ആദ്യ രാജ്യാന്തര മൽസരം. 72ലെ മ്യൂണിച്ച് ഒളിംപിക്സിൽ വെങ്കലവും 73ലെ ഹോക്കി ലോകകപ്പിൽ വെളളിയും നേടി. 7 വർഷം ഇന്ത്യൻ ടീമിന്റെ പ്രധാന ഗോൾകീപ്പറായിരുന്നു.