മത്സരിക്കുന്ന ഇനം സബ് ജൂനിയർ തലത്തിൽ ഇല്ലാത്തതിനാൽ സീനിയർ തലത്തിൽ മത്സരിച്ച പാലക്കാടിന്‍റെ ഇനിയയ്ക്ക് സംസ്ഥാന സ്കൂൾ കായിക മേള അത്ലറ്റിക്സിൽ രണ്ടാം സ്വർണം. സീനിയർ പെൺകുട്ടികളുടെ പോൾവാൾട്ടിൽ സ്വർണവും വെള്ളിയും കോതമംഗലം മാർബേസിൽ സ്കൂളിലൂടെ എറണാകുളം നേടി. കായിക മേള അവസാനിക്കാൻ ഒരുദിനം മാത്രം ബാക്കി നിൽക്കെ അത്ലറ്റിക് കിരീടത്തിനായി കടുത്ത മത്സരമാണ്. ഓവറോൾ ചാമ്പ്യൻഷിപ്പ് തിരുവനന്തപുരം ഉറപ്പിച്ചു.
മലപ്പുറമോ, പാലക്കാടോ. അത്ലറ്റിക്സിൽ ആരാണെന്ന ചിത്രം ഇനിയും വ്യക്തമല്ല. ഇഞ്ചോടിഞ്ചാണ് അത്ലറ്റിക് കിരീടത്തിനായി ഇവർ തമ്മിലുള്ള മത്സരം. ഗെയിംസ് ഇനങ്ങളിലും, ഒവറോളിലും തിരുവനന്തപുരം തന്നെ.
സീനിയർ ആൺകുട്ടികളുടെ പോൾവോൾട്ടിൽ സ്വർണ്ണവും വെള്ളിയും എറണാകുളത്തിന് . മികച്ച മത്സരത്തിനൊടുവിൽ മാർ ബേസിൽ കോതമംഗലത്തിന്റെ ആകാശും ഗണേഷ് നാഥുമാണ് നേട്ടം കൈവരിച്ചത്. ജൂനിയർ പെൺകുട്ടികളുടെ ഹൈജമ്പിൽ മലപ്പുറത്തിന്റെ അശ്മിക ജേതാവായി. ജൂനിയർ ആൺകുട്ടികളുടെ ക്രോസ് കൺട്രിയിൽ എറണാകുളത്തിൻ്റെ സി.ഉല്ലാസ് ആണ് ഒന്നാമത്. വെയ്റ്റ് ലിഫ്റ്റിങ് ഉൾപ്പെടെയുള്ള മത്സരങ്ങൾ പുരോഗമിക്കുന്നു. അധ്യാപകരുടെ മത്സരങ്ങളും ഇന്ന് നടന്നു.