messi-confusion

​മെസിപ്പടയുടെ കേരള സന്ദര്‍ശനത്തെക്കുറിച്ചുള്ള അവകാശവാദത്തില്‍ ഇപ്പോഴും അടിമുടി ദുരൂഹതയും ആശയക്കുഴപ്പവുമാണ്. ഫിഫയെ കാര്യങ്ങള്‍ ധരിപ്പിച്ചത് എപ്പോള്‍ എന്നതില്‍ കായികമന്ത്രിയും സ്പോണ്‍സറും പറയുന്നതില്‍ വൈരുധ്യമുണ്ട്. നവംബറില്‍ മെസി എത്തിയേക്കാമെന്ന് കായികമന്ത്രി ഇപ്പോഴും അവകാശപ്പെടുന്നുണ്ടെങ്കിലും സ്പോണ്‍സര്‍ ആ സാധ്യത പൂര്‍ണമായും തള്ളുകയാണ്. സ്റ്റേഡിയം കൈമാറിയതില്‍ അടക്കം ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ നിരവധിയുണ്ട്. 

നാട്ടിന്‍പുറത്ത് ഗോലി കളിക്കുന്നതിന് വേണ്ട തയ്യാറെടുപ്പോ പ്രഫഷണലിസമോ പോലും ഇല്ലാതെയാണ് ലോകചാംപ്യന്മാരെ കേരളത്തില്‍ എത്തിക്കുമെന്ന് സ്പോണ്‍സറും സര്‍ക്കാരും അവകാശപ്പെട്ടത്. സ്റ്റേഡിയത്തിന്‍റെ ശേഷി വര്‍ധിപ്പിക്കുന്നതും സാങ്കേതിക അനുമതികള്‍ നേടുന്നതും അടക്കം പൂര്‍ത്തിയാക്കി ഫിഫയില്‍ നിന്ന് പച്ചക്കൊടി വാങ്ങിയശേഷമേ അര്‍ജന്‍റീന ടീമിന്‍റെ സന്ദര്‍ശന സമയക്രമം പ്രഖ്യാപിക്കേണ്ടിയിരുന്നത്. എന്നാല്‍ നവംബറില്‍ ടീം എത്തുമെന്ന് ആദ്യമേ പ്രഖ്യാപിച്ചു. എന്നിട്ടിപ്പോള്‍ സ്പോണ്‍സര്‍ പറയുന്നത് ഫിഫ നിലവാരത്തില്‍ സ്റ്റേഡിയം ഇല്ലാത്തതാണ് നവംബറില്‍ അര്‍ജന്‍റീന വരാത്തതിന് പ്രധാനകാരണമെന്ന്. 

കൊച്ചിയിലെ സ്റ്റേഡിയില്‍ മല്‍സരം നടത്താന്‍ അനുമതി തേടി ഫിഫയെ എപ്പോള്‍ സമീപിച്ചു. സാങ്കേതിക അനുമതി വിവരങ്ങള്‍ ഉള്‍പ്പെടെ എപ്പോള്‍ ഫിഫയ്ക്ക് കൈമാറി എന്നീ കാര്യങ്ങളില്‍ സ്പോണ്‍സര്‍ വ്യക്തമായ മറുപടി നല്‍കുന്നില്ല. സാങ്കേതിക അനുമതി വിവരങ്ങള്‍ കൈമാറാന്‍ വൈകിയതാണ് പ്രശ്നമെന്ന് മന്ത്രി പറയുന്നു. 

നവംബറില്‍ ടീം എത്തിയേക്കാം എന്ന കായികമന്ത്രി ഇപ്പോഴും പ്രതീക്ഷവയ്ക്കുന്നുണ്ടെങ്കിലും ഇനി സാധ്യതമാര്‍ച്ചിലെന്നും അത് വേണോയെന്ന് താന്‍ തീരുമാനിക്കുമെന്നുമാണ് സ്പോണ്‍സര്‍ പറയുന്നത്. കൊച്ചി സ്റ്റേഡിയം ജിസിഡിഎ സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ മുഖേനയാണ് തനിക്ക് കൈമാറിയതെന്ന് സ്പോണ്‍സര്‍. 70 കോടിയിലധികം ചെലവ് പ്രതീക്ഷിക്കുന്ന അറ്റകുറ്റപ്പണിക്കായുള്ള പണം മുഴുവനായും മുടക്കുന്നതും സ്പോണ്‍സറാണ്. സര്‍ക്കാരിന്‍റെ സഹായമില്ല. എന്നാല്‍ സ്റ്റേഡിയം കൈമാറിയതിന്‍റെ ഉപാധികള്‍ എന്തൊക്കെയാണെന്നത് അജ്ഞാതം. 

ENGLISH SUMMARY:

Messi Kerala Visit: The planned visit of Argentina's football team to Kerala is shrouded in mystery and confusion. Discrepancies exist between the sports minister and the sponsor regarding communication with FIFA, raising questions about the preparedness and professionalism in organizing such a high-profile event.