ഇന്ത്യ എ ക്രിക്കറ്റ് ടീമിൽ നിന്നും സർഫറാസ് ഖാനെ പുറത്താക്കിയതിനെതിരെ രൂക്ഷവിമര്‍ശനവുമായി കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്. സർഫറാസിന്റെ പേര് കാരണമാണോ അയാളെ തിരഞ്ഞെടുക്കാത്തതെന്ന് ഷമ എക്​സില്‍ കുറിച്ചു.  ഇന്ത്യൻ ഹെഡ് കോച്ച് ഗൗതം ഗംഭീറിനെയും അവർ വിമർശിച്ചു. 

'സർഫറാസിന്റെ പേര് കാരണമാണോ അദ്ദേഹത്തെ തിരഞ്ഞെടുക്കാത്തത്. #justasking ഇതിൽ ഗംഭീറിന്റെ നിലപാട് എവിടെയാണ് എന്ന് നമുക്ക് അറിയാം,' ഷമ മുഹമ്മദ് എക്‌സിൽ കുറിച്ചു. കഴിഞ്ഞ വർഷം രോഹിത് ശർമയുടെ ഫിറ്റ്‌നസിനെ ചൊല്ലിയും ഷമ വിമർശനും ഉയർത്തിയിരുന്നു.

പിന്നാലെ ഷമക്കെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം അതുൽ വാസൻ രംഗത്തെത്തി. 'സർഫറാസിന് ഇന്ത്യൻ ടീം ആവശ്യത്തിന് അവസരം നൽകിയിട്ടുണ്ട്. പക്ഷെ കോൺഗ്രസ് ഇതിനെ വേറെ രീതിയിലേക്ക് പ്ലേസ് ചെയ്യുന്നു. ഇങ്ങനെ ഇന്ത്യൻ ടീമിൽ ഇതുവരെ നടന്നിട്ടില്ല. എന്നാൽ അസ്ഹറിന്റെ കാലം മുതൽ ഈ റിലീജയൺ കാർഡ് ഇടക്കിടെ ഇറക്കാറുണ്ട്,' അതുൽ വാസൻ പറഞ്ഞു.

ഇന്ത്യന്‍ ടീമിലേക്ക് മടങ്ങി വരുന്നതിനായി ശരീരഭാരം കുറച്ച് വമ്പന്‍ മെയ്ക്ക് ഓവറാണ് സര്‍ഫറാസ് ഖാന്‍ നടത്തിയത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്​ക്കെതിരായ ഇന്ത്യന്‍ എ ടീമിലേക്കുള്ള 15 അംഗ പട്ടിക ബിസിസിഐ പുറത്തുവിട്ടപ്പോള്‍ സര്‍ഫറാസ് ഇല്ലായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനവും ഫിറ്റ്നസുമെല്ലാം കണക്കിലെടുത്താല്‍ ടീമിലെത്താന്‍ എന്തുകൊണ്ടും യോഗ്യനായിരുന്നു സര്‍ഫറാസ്. എന്നാല്‍ താരത്തിന് പുറത്തേക്കുള്ള വഴി വെട്ടിയത് ഋഷഭ് പന്തിന്‍റെ മടങ്ങിവരവാണെന്നാണ് റിപ്പോര്‍ട്ട്.

ENGLISH SUMMARY:

Sarfaraz Khan's exclusion from the India A team sparks controversy. This decision has drawn criticism, with some suggesting underlying biases in the selection process.