ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് ഗൗതം ഗംഭീറിനെക്കുറിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പങ്കുവച്ച വാക്കുകള്‍ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കു ശേഷം ഏറ്റവും കഠിനമായ ജോലി ചെയ്യുന്ന വ്യക്തിയെന്നാണ് തരൂര്‍ പറഞ്ഞത്. നാഗ്പൂരില്‍വച്ച് ഇന്നലെ ഗൗതം ഗംഭീറുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്കു പിന്നാലെയായിരുന്നു തരൂരിന്റെ വാക്കുകള്‍.
ഗംഭീറുമായുള്ള കൂടിക്കാഴ്ച്ച മനോഹരമായിരുന്നുവെന്നും വിമര്‍ശനങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കുമിടെയിലും കൂളായി നടക്കുന്ന വ്യക്തിയെന്നുമാണ് തരൂര്‍ കുറിച്ചിരിക്കുന്നത്. മികച്ച തീരുമാനങ്ങള്‍ക്കും മികച്ച നേതൃത്വത്തിനും അഭിനന്ദനം. ഇന്ത്യ–ന്യൂസീലന്‍ഡ് പോരാട്ടത്തിന് എല്ലാവിധ ഭാവുകങ്ങളുമെന്നാണ് തരൂര്‍ എക്സില്‍ കുറിച്ചത്. ഗംഭീറിനൊപ്പമുള്ള ഫോട്ടോ കൂടി പങ്കുവച്ചാണ് പോസ്റ്റ്.
അതേസമയം എക്സിലെ പോസ്റ്റിനു താഴെ തരൂരിന്റെ അടുത്ത രാഷ്ട്രീയ നീക്കമാണോ എന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്. ‘അപ്പോള്‍ താങ്കള്‍ ബിജെപിയിലേക്കോ അതോ ഗംഭീര്‍ കോണ്‍ഗ്രസിലേക്കോ എന്നാണ് ഒരാളുടെ ചോദ്യം. അതേസമയം തരൂരിന്റെ വാക്കുകളെ പിന്തുണച്ചും ചിലര്‍ കമന്റുകള്‍ നല്‍കുന്നുണ്ട്. ടീം കോച്ച് എന്നത് വളരെ സമ്മര്‍ദ്ദമേറിയ ജോലിയാണെന്നും എല്ലാ ദിവസവും വിമര്‍ശിക്കപ്പെടുന്ന സാഹചര്യമാണെന്നും ഒരു എക്സ് ഉപയോക്താവ് പറയുന്നു.
തരൂരിന്റെ വാക്കുകള്‍ക്ക് നന്ദി അറിയിച്ച് ഗംഭീര്‍ എക്സിലൂടെ പ്രതികരിച്ചു. ഏറ്റവും മികച്ചവരായ സ്വന്തം ആളുകളോടൊപ്പം തന്നെ ഏറ്റുമുട്ടേണ്ടിവരുന്ന സാഹചര്യം ആസ്വദിക്കുന്നുണ്ടെന്ന് ഗംഭീര്‍ കുറിക്കുന്നു. ന്യൂസീലന്‍ഡിനെതിരെ നാഗ്പൂരില്‍ നടന്ന ഒന്നാം ട്വന്റി 20യില്‍ ഇന്ത്യ 48 റണ്‍സിന്റെ തകര്‍പ്പന്‍ ജയം നേടിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സ് നേടിയപ്പോള്‍ മറുപടി 190 റണ്‍സില്‍ അവസാനിച്ചിരുന്നു. 5 മത്സര പരമ്പരയില്‍ ഇന്ത്യ ഇതോടെ 1–0ന് മുന്നിലെത്തി.