ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പര നഷ്ടമായതിന് പിന്നാലെ ഗൗതം ഗംഭീറിനെതിരെ രൂക്ഷ വിമര്‍ശനം. മൂന്ന് മല്‍സരങ്ങളുടെ പരമ്പരയില്‍ ആദ്യ ജയത്തിന് ശേഷം ശുഭ്മന്‍ ഗില്ലിന്‍റെ ടീം കിവീസിനോട് പരാജയപ്പെടുകയായിരുന്നു. 41 റണ്‍സിന്‍റെ നാണംകെട്ട തോല്‍വിയാണ് മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ ഇന്ത്യയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. 124 റണ്‍സുമായി വിരാട് കോലി പൊരുതിയെങ്കിലും ഒപ്പം നില്‍ക്കാന്‍ ഹര്‍ഷിത് റാണയല്ലാതെ മറ്റാരും ഇല്ലാതെ പോയി. ന്യൂസീലന്‍ഡിനോട് ഇതാദ്യമായാണ് സ്വന്തം നാട്ടില്‍ വച്ച് ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകുന്നത്. ഗംഭീറിന് കീഴില്‍ ഇത് മൂന്നാംവട്ടമാണ് ഹോം പരമ്പര ഇന്ത്യയ്ക്ക് നഷ്ടമാകുന്നതും. നേരത്തെ ശ്രീലങ്കയോടും ഓസ്ട്രേലിയയോടും ഇന്ത്യ തോറ്റിരുന്നു. ഇതോടെയാണ് ഗംഭീറിന് നേരെ വീണ്ടും ചോദ്യമുനകള്‍ നീണ്ടത്.
പ്ലേയിങ് ഇലവനിലെ സ്ഥിരതയില്ലായ്മയാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നാണ് രഹാനെയുടെ വിലയിരുത്തല്‍. 2027ലെ ലോകകപ്പ് മനസിലുണ്ടെങ്കില്‍ ഈ തയാറെടുപ്പ് പോരെന്നും ടീമിലെ സ്ഥാനത്തില്‍ കളിക്കാര്‍ക്ക് വ്യക്തവും കൃത്യവുമായ ഉറപ്പും അവരുടെ പങ്കെന്നതില്‍ ബോധവും ഉണ്ടാക്കേണ്ടതുണ്ടെന്നും ക്രിക് ബസിന് നല്‍കിയ അഭിമുഖത്തില്‍ രഹാനെ പറഞ്ഞു. 'ചോദ്യങ്ങള്‍ക്ക് മൂര്‍ച്ചയേറും. അവസാനത്തെ ഒന്‍പത് ഏകദിനങ്ങളില്‍ അഞ്ചിലും ഇന്ത്യ തോറ്റമ്പി. അതിന് കാരണമുണ്ട്. ടീമിലെ നിരന്തര മാറ്റങ്ങളാണ് വില്ലന്‍. ലോകകപ്പിനായി തയാറെടുക്കുമ്പോള്‍ കളിക്കാര്‍ക്ക് സുരക്ഷിതത്വ ബോധവും വ്യക്തതയും മാനേജ്മെന്‍റില്‍ നിന്ന് ലഭിക്കേണ്ടതുണ്ട്. ആരൊക്കെ ടീമിലുണ്ടാകും അവര്‍ ഏതൊക്കെ സ്ഥാനങ്ങളില്‍ കളിക്കും എന്നതില്‍ മാനേജ്മെന്‍റിനും കളിക്കാര്‍ക്കും കൃത്യമായ ബോധ്യമുണ്ടാകണം. വ്യക്തതയില്ലാതെ ഒന്നും ചെയ്തിട്ട് കാര്യമില്ല'- രഹാനെ വ്യക്തമാക്കി.
ഇന്ത്യ തോല്‍ക്കുമ്പോള്‍ ആരാധകര്‍ വിമര്‍ശിക്കും. സ്വാഭാവികമാണത്. ആരാധകര്‍ അത്രയധികം വൈകാരികമായാണ് കളിയെ സമീപിക്കുന്നത്. ഇന്ത്യ കളി ജയിക്കണമെന്നും പരമ്പര സ്വന്തമാക്കണമെന്നുമാണ് എല്ലാവരുടെയും ആഗ്രഹം. പ്രത്യേകിച്ചും ഇന്ത്യയില്‍ വച്ച് നടക്കുന്ന മല്‍സരങ്ങളിലെന്നും രഹാനെ പറഞ്ഞു. ഇന്ത്യയില്‍ വച്ച് ന്യൂസീലന്‍ഡിനെ നേരിടുമ്പോള്‍ 3–0 എന്ന ക്ലീന്‍ സ്വീപ്പാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അങ്ങനെ ആവണം ഫലവും. അതുണ്ടാകാത്തപ്പോള്‍ സ്വാഭാവിക പ്രതികരണങ്ങള്‍ ഉണ്ടാകുമെന്നും രഹാനെ വിശദീകരിച്ചു. അടുത്ത ഏകദിന പരമ്പരയ്ക്ക് ആറുമാസത്തെ ഇടവേളയുണ്ട്. ഈ സമയത്ത് ഓരോ കളിക്കാരെയും മാനേജ്മെന്‍റ് വിലയിരുത്തുകയും ആരൊക്കെ കളിക്കണമെന്നും താരങ്ങളുടെ കഴിവിനെ എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് തീരുമാനിക്കുകയും വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്ലേയിങ് ഇലവനില്‍ ഗംഭീര്‍ നടത്തുന്ന പരീക്ഷണങ്ങള്‍ ഇതാദ്യമായല്ല വിമര്‍ശനത്തിന് വിധേയമാകുന്നത്. ഗംഭീറിന് കീഴില്‍ ആരും സുരക്ഷിതരല്ലെന്നും എപ്പോള്‍ വേണമെങ്കിലും ടീമിന് പുറത്താകാമെന്നുമാണ് കളിക്കാരുടെ തോന്നലെന്നും മുന്‍താരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ശുഭ്മന്‍ ഗില്‍ ട്വന്‍റി20 ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായതിന് പിന്നാലെയാണ് കളിക്കാരുടെ അരക്ഷിതത്വബോധം തീവ്രമാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.