(Screengrab from YouTube/Ashley Morrison Media)
ഏഷ്യാകപ്പില്‍ ഇന്ത്യ– പാകിസ്ഥാന്‍ മല്‍സരങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ പാക് താരങ്ങളുമായി ഹസ്തദാനത്തിന് തയ്യാറായിരുന്നില്ല. ഇത് വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. പിന്നാലെ ഏകദിന വനിതാ ലോകകപ്പിലും ഇന്ത്യന്‍ താരങ്ങള്‍ പാക് താരങ്ങള്‍ക്ക് കൈ കൊടുത്തിരുന്നില്ല. എന്നാല്‍ തികച്ചും വ്യത്യസ്തമായിരുന്നു സുൽത്താൻ ഓഫ് ജോഹർ കപ്പ് ജൂനിയർ ഹോക്കി ടൂർണമെന്റ്. മലേഷ്യയിലെ ജോഹർ ബഹ്രുവിൽ നടക്കുന്ന ഇന്ത്യ– പാക് മത്സരത്തിന്റെ തുടക്കത്തില്‍ ഇരു രാജ്യങ്ങളുടേയും ദേശീയഗാനങ്ങൾ ആലപിച്ചതിനുശേഷം ഇരു ടീമുകളിലെയും കളിക്കാര്‍ പരസ്പരം ഹൈ-ഫൈവ് കൈമാറി. അതേസമയം, ഹസ്തദാനം ഇല്ലായിരുന്നു.
രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ചും പ്രകോപനങ്ങളെക്കുറിച്ചും ചിന്തിക്കാതെ കളിയിൽ ശ്രദ്ധിക്കാൻ ഇരുരാജ്യങ്ങളുടെയും ഹോക്കി ബോർഡുകൾ കളിക്കാർക്ക് നേരത്തേ നിർദേശം നൽകിയിരുന്നു. ഇന്ത്യ ഹസ്തദാനത്തിന് തയ്യാറായില്ലെങ്കില്‍ കാര്യമാക്കാതെ മുന്നോട്ട് പോകണമെന്നായിരുന്നു പാകിസ്ഥാൻ ഹോക്കി ഫെഡറേഷന്‍ തങ്ങളുടെ കളിക്കാര്‍ക്ക് നല്‍കിയ സന്ദേശം. വിവാദങ്ങൾ ഒഴിവാക്കുന്നതിനായി മത്സരത്തിന് ഒരു ദിവസം മുമ്പായിരുന്നു പാക് ഹോക്കി ഫെഡറേഷന്‍റെ നിര്‍ദേശം വന്നത്. കളിക്കിടെ വൈകാരികമായ ആംഗ്യങ്ങളോ സംഘർഷങ്ങളോ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. ഇതിന് പിന്നാലെയാണ് ഹോക്കിയില്‍ താരങ്ങള്‍ പരസ്പരം ഹൈ–ഫൈവ് കൈമാറിയത്. കൈകള്‍ ഉയര്‍ത്തി പരസ്പരം മുട്ടിക്കുന്ന രീതിയാണിത്.
ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ, ഏഷ്യാ കപ്പില്‍ പാകിസ്ഥാനുമായി കളിച്ച മൂന്നുകളിയിലും ഇന്ത്യൻ താരങ്ങൾ പാക് താരങ്ങളുമായി ഹസ്തദാനത്തിന് തയ്യാറായിരുന്നില്ല. മാത്രമല്ല മല്‍സരത്തില്‍ ജേതാക്കളായതിന് ശേഷം, ഏഷ്യ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാനും പാക്കിസ്ഥാന്‍ മന്ത്രിയും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി.) ചെയർമാനുമായ മൊഹ്‌സിൻ നഖ്‌വിയില്‍ നിന്ന് ഏഷ്യാ കപ്പ് വാങ്ങാൻ ഇന്ത്യ വിസമ്മതിക്കുകയും ചെയ്തിരുന്നു. ഏഷ്യാകപ്പിലെ വിവാദത്തിന് പിന്നാലെ ഏകദിന വനിതാ ലോകകപ്പിലും താരങ്ങള്‍ ഹസ്തദാനം ഒഴിവാക്കുകയുണ്ടായി. ഏഷ്യാകപ്പില്‍ സ്വീകരിച്ച അതേ സമീപനം വനിതാ ലോകകപ്പിലും തുടരുമെന്ന് നേരത്തെ ബിസിസിഐ സെക്രട്ടറി അറിയിക്കുകയും ചെയ്തിരുന്നു. നേരത്തേ, ബിഹാറിൽ നടന്ന ഏഷ്യാകപ്പ് ഹോക്കിയിൽനിന്ന് പാക്കിസ്ഥാൻ സീനിയർ ടീം പിന്മാറിയിരുന്നു.
അതേസമയം, ആദ്യ 2 മത്സരങ്ങളും ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം സുൽത്താൻ ഓഫ് ജോഹർ കപ്പ് ജൂനിയർ ഹോക്കി ടൂർണമെന്റില്‍ പാകിസ്ഥാനെതിരെ ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ മലേഷ്യയ്ക്കെതിരെ 7–1 വിജയം നേടിയ പാക്കിസ്ഥാൻ 2–ാം മത്സരത്തിൽ ബ്രിട്ടനോടു പരാജയപ്പെട്ടിരുന്നു.