Cricket - Asia Cup - Final - India v Pakistan - Dubai International Cricket Stadium, Dubai, United Arab Emirates - September 28, 2025
India's Tilak Varma celebrates after winning the Asia Cup REUTERS/Satish Kumar

Cricket - Asia Cup - Final - India v Pakistan - Dubai International Cricket Stadium, Dubai, United Arab Emirates - September 28, 2025 India's Tilak Varma celebrates after winning the Asia Cup REUTERS/Satish Kumar

അടി, തിരിച്ച‌ടി, നിരാശ, ആവേശം. അവസാന ഓവര്‍ വരെ ആവേശമുറ്റിയ ത്രില്ലര്‍ പോരില്‍  പാക്കിസ്ഥാനെ കീഴ‌ടക്കി വിജയതിലകമണിഞ്ഞ് ഇന്ത്യ. 69 റണ്‍സുമായി പുറത്താകാതെ നിന്ന  തിലക് വര്‍മയാണ് ദുബായില്‍ ഇന്ത്യയുടെ രക്ഷകനായത്. 147 റണ്‍ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്കോര്‍ ബോര്‍ഡില്‍ 20 റണ്‍സെത്തിയപ്പോഴേക്കും ഓപ്പണര്‍മാര്‍ രണ്ടും ക്യാപ്റ്റന്‍ സൂര്യകുമാറും ഡഗ്ഔട്ടില്‍ തിരിച്ചെത്തി. പിന്നെ സഞ്ജുവിനെ കൂട്ടുപിടിച്ച് തിലക് വര്‍മയുടെ രക്ഷാപ്രവര്‍ത്തനം. അര്‍ധസെഞ്ചറി കൂട്ടുകെട്ടിന് പിന്നാലെ 24 റണ്‍സെടുത്ത സഞ്ജുവും പുറത്തായി.

ആറാമനായിറങ്ങിയ ശിവം ദുബെയെ കൂട്ട് പിടിച്ച് സമ്മര്‍ദങ്ങളെ അതിജീവിച്ച്  തിലക് വിജയത്തിനരികെയെത്തിച്ചു. വിജയത്തിന് 10 റണ്‍സ് അകലെ 33 റണ്‍സെടുത്ത ദുബെ വീണു. ഹാരിസ് റൗഫെറിഞ്ഞ അവസാന ഓവറില്‍ ഇന്ത്യയ്ക്ക് വേണ്ടത് 10 റണ്‍സ്. രണ്ടാം പന്തില്‍ തിലകിന്‍റെ സിക്സ്. നാലാം പന്തില്‍ ബൗണ്ടറി നേടി റിങ്കു സിങ് കളിയവസാനിപ്പിച്ചു. 53 പന്തില്‍ 4 സിക്സും 3 ഫോറും അടങ്ങിയതായിരുന്നു തിലക് വര്‍മയുടെ ഇന്നിങ്സ്.  പാക്കിസ്ഥാനായി ഫഹീം അഷ്റഫ് 3 വിക്കറ്റ് വീഴ്ത്തി.   

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് മികച്ച തുടക്കമാണ് ഓപ്പണർമാരായ സാഹിബ്‌സാദാ ഫർഹാനും (38 പന്തിൽ 57), ഫഖർ സമാനും (35 പന്തിൽ 46) ചേർന്ന് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 84 റൺസ് കൂട്ടിച്ചേർത്തു. മൂന്നു സിക്സും അഞ്ച് ഫോറുമടക്കമാണ് സാഹിബ്‌സാദാ ഫർഹാൻ ഇന്ത്യയ്‌ക്കെതിരെ തുടർച്ചയായ രണ്ടാം ഫിഫ്റ്റി നേടിയത്. ഒരുഘട്ടത്തില്‍ 200 കടക്കുമെന്ന് സ്കോറാണ് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ചേര്‍ന്ന് എറിഞ്ഞ് ഒതുക്കിയത്. 62 റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് പാക് ബാറ്റര്‍മാരെല്ലാം കൂടാരംകയറി.നാല് ഓവറില്‍ 30 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ചൈനാമെന്‍ കുല്‍ദീപ് യാദവാണ് പാക് നിരയുടെ നട്ടെല്ലൊടിച്ചത്. വരുണ്‍ ചക്രവര്‍ത്തിയും അക്സര്‍ പട്ടേലും ബുമ്രയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പാക് നിരയില്‍ 8 ബാറ്റര്‍മാര്‍ക്ക് രണ്ടക്കം കടക്കാനായില്ല.