ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരായ കിരീടപ്പോരാട്ടത്തിനിറങ്ങുമ്പോള്‍ ചരിത്രനേട്ടത്തിനരികിലാണ് മലയാളി താരം സഞ്ജു സാംസണ്‍. ഇന്ന് പാക്കിസ്ഥാനെതിരെ 64 റൺസ് കൂടി നേടിയാല്‍ ഒരു ടി20 ടൂര്‍ണമെന്‍റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന റെക്കോര്‍ഡ് സഞ്ജുവിന് സ്വന്തം പേരിലാക്കാം. 2024ലെ ടി20 ലോകകപ്പില്‍ 171 റണ്‍സടിച്ച ഋഷഭ് പന്തിന്‍റെ പേരിലാണ് നിലവിലെ റെക്കോര്‍ഡ്.
ഇന്ന് പാകിസ്ഥാനെതിരെ 64 റൺസ് കൂടി നേടിയാല്‍ സഞ്ജുവിന് പന്തിനെ മറികടക്കാം. നിലവില്‍ ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് മലയാളി താരം. 2007ലെ ആദ്യ ടി20 ലോകകപ്പില്‍ 154 റണ്‍സടിച്ചാണ് ധോണി രണ്ടാം സ്ഥാനത്തുള്ളത്. ഇന്ന് 47 റണ്‍സ് കൂടി നേടിയാല്‍ ധോനിയെ മറികടക്കാം. ടൂര്‍ണമെന്‍റില്‍ മൂന്ന് കളിയില്‍ ബാറ്റിങിനിറങ്ങിയ സഞ്ജു 36 ശരാശരിയില്‍ 108 റണ്‍സാണ് നേടിയത്. സ്ട്രൈക്ക് റേറ്റ് 127.05. ഒമാനെതിരെ ഒരു അര്‍ധസെഞ്ചുറിയും മാന്‍ ഓഫ് ദ് മാച്ചും കഴിഞ്ഞ മത്സരത്തില്‍ ശ്രീലങ്കക്കെതിരെയ ഇന്ത്യയുടെ ഇംപാക്ട് പ്ലേയറുമായി. അവസാന മത്സരത്തില്‍ അഞ്ചാം നമ്പറിലിറങ്ങി 23 പന്തില്‍ 39 റണ്‍സടിച്ച സഞ്ജു ഇന്നും അതേസ്ഥാനത്ത് തന്നെയാവും ഇറങ്ങുക എന്നാണ് കരുതുന്നത്.
ഇന്ന് പാക്കിസ്ഥാനെതിരെ 31 റണ്‍സ് കൂടി നേടിയാല്‍ ടി20 ക്രിക്കറ്റിൽ ആയിരം റണ്‍സ് തികയ്ക്കാനും സഞ്ജുവിനാവും. നിലവില്‍ 48 മത്സരങ്ങളില്‍ മൂന്ന് സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറിയും അടക്കം 969 റണ്‍സാണ് സഞ്ജുവിന്‍റെ സമ്പാദ്യം. സഞ്ജുവിന്‍റെ തന്നെ വാക്കുകള്‍ കടമെടുത്താല്‍ ജോക്കർ വേഷമഴിച്ച് മാസ് കാണിക്കാൻ ഇതിലും മികച്ചൊരു അവസരമില്ല.