ഏഷ്യാകപ്പിന്റെ 41 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് ഇന്ത്യയും പാക്കിസ്ഥാനും ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നത്. 2023 ഏഷ്യാ കപ്പിനെക്കാള്‍ ഇത്തവണ 100 ശതമാനം വര്‍ധനയാണ് സമ്മാനത്തുകയില്‍ ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ വരുത്തിയിരിക്കുന്നത്. കപ്പടിക്കുന്ന ടീമിന് മൂന്ന് ലക്ഷം അമേരിക്കന്‍ ഡോളര്‍ അതായത് 2.6 കോടി രൂപ സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് ഏകദേശം 1.3 കോടി രൂപയും സമ്മാനത്തുകയായി ലഭിക്കും. ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെടുന്ന കളിക്കാരന് 12.5 ലക്ഷം രൂപയും ലഭിക്കും.
2023ല്‍ ഏകദിന ഫോര്‍മാറ്റിലായിരുന്നു ഏഷ്യാകപ്പ് നടന്നത്. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയിലിറങ്ങിയ ടീം കിരീടം നേടിയപ്പോള്‍ 1.6 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിച്ചത് 1.6 കോടി രൂപയായിരുന്നു. എന്നാല്‍ തൊട്ടുമുന്‍പ് 2022ല്‍ ടി20 ഫോര്‍മാറ്റില്‍ നടന്ന ഏഷ്യാ കപ്പ് കിരീടം നേടിയ ശ്രീലങ്കയ്ക്ക് 1.6 കോടിയും റണ്ണേഴ്സ് അപ്പായ പാകിസ്ഥാന് 79.66 ലക്ഷവുമായിരുന്നു സമ്മാനത്തുകയായി ലഭിച്ചത്. ഇന്ത്യ ഉള്‍പ്പെടെ 8 ടീമുകളാണ് ഇത്തവണ ടി20 ഫോര്‍മാറ്റില്‍ നടക്കുന്ന ഏഷ്യാ കപ്പില്‍ മല്‍സരിച്ചത്.
ഇന്ത്യയ്ക്ക് പുറമെ പാക്കിസ്ഥാന്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ്, ഹോങ്കോങ്, യുഎഇ, ഒമാന്‍ എന്നീ ടീമുകളായിരുന്നു ഏഷ്യാകപ്പില്‍ മല്‍സരിച്ചത്. നാലു ടീമുകളെ വീതം രണ്ട് ഗ്രൂപ്പായി തിരിച്ചായിരുന്നു ആദ്യ റൗണ്ട് മത്സരങ്ങള്‍. ഇതില്‍ മുന്നിലെത്തിയ ഇന്ത്യ, പാക്കിസ്ഥാന്, ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകള്‍ സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടി. സൂപ്പര്‍ ഫോറിലെത്തുന്ന നാലു ടീമുകൾ പരസ്പരം മല്‍സരിച്ച് മുന്നിലെത്തിയ ഇന്ത്യയും പാകിസ്ഥാനും ഫൈനലിലെത്തി. എട്ട് തവണ കിരീടം നേടിയ ഇന്ത്യയാണ് ഏഷ്യാകപ്പിലെ നിലവിലെ ജേതാക്കള്‍.