സെവാഗ് എന്ന കുടുംബപ്പേര് കാരണം തന്‍റെ മകൻ ആര്യവീർ സെവാഗിന് ഒട്ടനവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്. അണ്ടർ-19 ഏഷ്യാ കപ്പ് ടൂർണമെന്റിലെ മിന്നും പ്രകടനത്തോടെ ആര്യവീർ വിമർശകർക്ക് മറുപടി നൽകിയെന്നും ക്രിക്കറ്റ് ലോകത്തിന്റെ ആദരവ് നേടിയെടുത്തെന്നും സെവാഗ് വ്യക്തമാക്കി.

ഒരു താരം അയാള്‍ ക്രിക്കറ്റ് കളിച്ച് തന്‍റെ കഴിവ് ബോധ്യപ്പെടുത്തുന്നതുവരെ ആളുകൾ പേര് നോക്കിയാണ് വിലയിരുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. മറ്റുള്ളവരുെട ബഹുമാനം ‌‌നേടണമെങ്കിൽ വലിയ സ്കോറുകൾ നേടണമെന്ന് താൻ എപ്പോഴും ആര്യവീറിനോട് പറയാറുണ്ടായിരുന്നുവെന്നും ഈ ടൂർണമെന്റിൽ അവൻ അത് തെളിയിച്ചുവെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

ഭാവിയിലും ഇത്തരം താരതമ്യങ്ങളും വിമർശനങ്ങളും ഉണ്ടായേക്കാം. എന്നാൽ അവന് കഴിവുണ്ടെന്നും മികച്ച പ്രകടനം നടത്താൻ സാധിക്കുമെന്നും ഇപ്പോൾ എല്ലാവർക്കുമറിയാം. അതിനാൽ ഇനി രാജ്യത്തിന്റെ സ്നേഹമേ അവന് ലഭിക്കൂ എന്നാണ് വിശ്വാസമെന്നും സെവാഗ് കൂട്ടിച്ചേർത്തു. ഇന്ത്യയുടെ അണ്ടർ-19 ഏഷ്യാ കപ്പ് വിജയത്തിലും പ്രത്യേകിച്ച് പാകിസ്ഥാനെതിരായ ഫൈനലിലും ആര്യവീർ നിർണായകമായ സംഭാവനയാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. മുഴുവൻ ടീമിനെയും വിജയത്തിന് അഭിനന്ദിക്കുന്നതായും വീരേന്ദർ സെവാഗ് പറയുന്നു.

ഒമാനിൽ നടന്ന 2026 അണ്ടർ-19 ഏഷ്യാ കപ്പിൽ ഇന്ത്യ കിരീടം നേടിയപ്പോൾ ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ആര്യവീർ സെവാഗാണ്. അഞ്ച് മത്സരങ്ങളിൽ നിന്ന് 90.25 ശരാശരിയിൽ ഒരു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറിയുമടക്കം 361 റൺസ് നേടി ടൂർണമെന്റിലെ റൺവേട്ടക്കാരിലും ഒന്നാമനാകാന്‍ ആര്യവീറിനായി. യുഎഇക്കെതിരെ നേടിയ 160 റൺസാണ് ടൂർണമെന്റിലെ ആര്യവീറിന്‍റെ ഉയർന്ന സ്കോർ.

പാകിസ്ഥാനെതിരായ ഫൈനലിൽ 61 പന്തിൽ ഒന്‍പത് ബൗണ്ടറികൾ ഉൾപ്പെടെ 58 റൺസ് നേടി ആര്യവീർ നേടി. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ഉയർത്തിയ 338 റൺസ് വിജയലക്ഷ്യം അവസാന പന്തിൽ ഒരു വിക്കറ്റിനാണ് ഇന്ത്യ മറികടന്നത്.

ENGLISH SUMMARY:

Former India cricketer Virender Sehwag revealed that his son Aryavir Sehwag faced heavy criticism merely because of his famous surname before proving his talent on the field. Sehwag noted that people judge players by their name until big performances earn respect, adding that Aryavir silenced critics with his standout show in the 2026 Under-19 Asia Cup in Oman. Winning Player of the Tournament, Aryavir finished as the top run-scorer with 361 runs at an average of 90.25, including a tournament-best 160 against the UAE and 58 in the final against Pakistan. Sehwag praised the entire squad after India chased down Pakistan's 338 by one wicket off the final ball to lift the trophy.