അണ്ടര്‍ 19 ഏഷ്യ കപ്പ് സ്വന്തമാക്കിയതിന്‍റെ ആവേശത്തിലാണ് ഇന്ത്യന്‍ ടീമും രാജ്യവും. ത്രില്ലര്‍ പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ ഒരു വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. 338 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ അവസാന പന്തിലാണ് ജയിച്ചത്. ജയത്തിന് ശേഷം മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സേവാഗിനെ വിളിക്കുന്ന മകന്‍ ആര്യവീര്‍ സേവാഗിന്‍റെ വിഡിയോ കോള്‍ വൈറലാവുകയാണ്. ടൂർണമെന്റിലെ ഏറ്റവും കൂടുതൽ റൺസ് നേടി ഇന്ത്യയുടെ ജയത്തില്‍ നിര്‍ണായകമായ താരമായിരുന്നു ആര്യവീര്‍. ജയത്തിന് പിന്നാലെ അച്ഛനെ വിളിച്ച കളിയുടെ സകല ത്രില്ലിങ് നിമിഷങ്ങളും പറയുകയായിരുന്നു ആര്യവീര്‍.
'സീതാറാം, സീതാറാം, സീതാറാം എന്ന് ജപിച്ചുകൊണ്ടിരിക്കുകയായിരുന്നു, ദൈവമേ എന്തെങ്കിലും സംഭവിക്കണേ എന്ന് പ്രാര്‍ഥിച്ചു. അവസാന ഓവറിൽ എട്ട് റൺസ് വേണം, ഒരു ബോളിൽ മൂന്ന് റൺസ്, ബോളർമാരാണ് ബാറ്റ് ചെയ്യുന്നത്. 'ഭായ് ഒരു ഫോർ അടിക്കണേ, എങ്ങനെയെങ്കിലും ഒന്ന് തട്ടിത്തെറിച്ചെങ്കിലും പോകണേ' എന്ന് ഞാൻ പറഞ്ഞു. അത് കൊണ്ടു, ആവേശം കൊണ്ട് എല്ലാവർക്കും ശരിക്കും വട്ടായി. അത്രയധികം ആളുകൾ വന്നിട്ടുണ്ടായിരുന്നു, മുഴുവൻ പാകിസ്ഥാനികളായിരുന്നു,' സംസാരത്തിനിടയില്‍ ആര്യവീര്‍ ആവേശം കൊണ്ടു.
സ്റ്റേഡിയത്തിലുണ്ടായിരുന്ന പാക്കിസ്ഥാനികള്‍ തന്നെ പ്രോത്സാഹിപ്പിച്ചു എന്നും താരം പറഞ്ഞു. 2,000 പാകിസ്ഥാനികൾ ഉണ്ടായിരുന്നു. എല്ലാവരും 'സേവാഗ്, സേവാഗ്' എന്ന് ആർത്തുവിളിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ സേവാഗും സന്തോഷം പ്രകടിപ്പിച്ചു. പാകിസ്ഥാനികൾ തന്നെയായിരുന്നു സപ്പോർട്ട് ചെയ്തിരുന്നത്, നിങ്ങൾ ബാറ്റ് ചെയ്യുന്നുണ്ടല്ലോ എന്ന് പറഞ്ഞ്. എന്തൊരു രസമായിരുന്നു... അടിപൊളിയായിരുന്നു, ആര്യവീര്‍ കൂട്ടിച്ചേര്‍ത്തു.
ഏഷ്യാ കപ്പില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന ഇന്ത്യയുടെ ഉന്‍മുക്ത് ചന്ദിന്റെ പേരിലെ റെക്കോര്‍ഡ് ആര്യവീറിന് നഷ്ടമായത് വെറും 10 റണ്‍സ് അകലെയായിരുന്നു. അവസാന പന്തുവരെ നീണ്ട ആവേശകരമായ പോരാട്ടത്തില്‍ ഇന്ത്യൻ ഇന്നിങ്‌സിന് താരം ശക്തമായ അടിത്തറയിട്ടു. നായകൻ ലക്ഷ്യ രാജേഷ് റായ്ചന്ദാനിക്കൊപ്പം 95 റണ്‍സിന്റെ മികച്ച ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിച്ച ആര്യവീര്‍ 61 പന്തിൽ 58 റൺസ് നേടി. ഇതിനിടെ കൈമുട്ടിന് പരിക്കേറ്റിട്ടും ബാറ്റിങ് തുടർന്നു. അഞ്ചാം ഓവറില്‍ പാക് പേസര്‍ അലി റാസയുടെ പന്ത് കൊണ്ടാണ് പരുക്കേറ്റത്.