സുബ്രതോ കപ്പിൽ കേരളത്തിനായി കന്നി കിരീടം നേടിയ ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ ടീമിന് കരിപ്പൂർ വിമാനത്താവളത്തിൽ സ്വീകരണം. കേക്ക് മുറിച്ചും പുഷ്പഹാരം അണിയിച്ചുമാണ് ടീം അംഗങ്ങളെ സ്വീകരിച്ചത്. ദില്ലിയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഉത്തരാഖണ്ഡിനെ തോൽപ്പിച്ചാണ് കേരളത്തിൻ്റെ കന്നി കിരീട നേട്ടം.
ചരിത്ര നേട്ടം സ്വന്തമാക്കിയ ടീമിന് ജനപ്രതിനിധികളും പിടിഎ ഭാരവാഹികളുംനാട്ടുകാരും ഒരുക്കിയത് ആവേശ സ്വീകരണം. കരിപ്പൂർ വിമാനത്താവളത്തിൽ മധുരം പങ്കു വച്ച് കിരീട നേട്ടം ആഘോഷമാക്കി. 64 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കേരളത്തിലേക്ക് സുബ്രതോ കപ്പെത്തുന്നത്. ടൂർണമെൻ്റിലുടനീളം തോൽവി അറിയാതെ ഫറൂഖ് ഹയർ സെക്കൻഡറി സ്കൂൾ കാഴ്ച വച്ചത് മിന്നും പ്രകടനം . ഫൈനലിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഉത്തരാഖണ്ഡ് അമിനിറ്റി പബ്ലിക് സ്കൂളിനെയാണ് കേരള ടീം തോൽപ്പിച്ചത്. കിരീട നേട്ടത്തിൽ മാത്രമൊതുങ്ങിയില്ല, മികച്ച കളിക്കാരനും മികച്ച കോച്ചും കേരളത്തിൻ്റെ ടീമിൽ നിന്ന്. മലപ്പുറം എംഎസ്പി ഹയർസെക്കൻഡറി സ്കൂൾ 2014 ൽ ഫൈനലിൽ എത്തിയിരുന്നെങ്കിലും ബ്രസീൽ ടീമിനോട് പരാജയപ്പെട്ടിരുന്നു.