ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ലാൻഡിങ്ങിനിടെ വിമാനത്തിന്റെ ടയറുകൾ പൊട്ടിത്തെറിച്ചെങ്കിലും വൻ ദുരന്തം ഒഴിവാകുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 160 യാത്രക്കാരും സുരക്ഷിതരാണ്.
ലാൻഡിങ് ഗിയറിന് തകരാർ കണ്ടെത്തിയതിനെത്തുടർന്ന് വിമാനം നെടുമ്പാശേരിയിലേക്ക് തിരിച്ചുവിടുകയായിരുന്നു. റൺവേയിൽ ഇറങ്ങുന്നതിനിടെ വിമാനത്തിന്റെ വലതുവശത്തെ രണ്ട് ടയറുകൾ പൊട്ടിത്തെറിച്ചു. വിമാനത്തിൽ 160 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ആർക്കും പരുക്കേറ്റതായി റിപ്പോർട്ടുകളില്ല. ഫയർ ഫോഴ്സും ആംബുലൻസുകളും റൺവേയ്ക്ക് സമീപം നിലയുറപ്പിച്ചിരുന്നു.
ലാൻഡിംഗ് ഗിയറിൽ തകരാർ കണ്ടെത്തിയതിനെത്തുടർന്ന് വിമാനം കരിപ്പൂരിൽ ഇറക്കുന്നത് സുരക്ഷിതമല്ലെന്ന് പൈലറ്റ് തീരുമാനിക്കുകയായിരുന്നു. കരിപ്പൂർ വിമാനത്താവളത്തിലെ ഭൂപ്രകൃതിയും മുൻകാല അപകടങ്ങളും കണക്കിലെടുത്ത്, കൂടുതൽ സൗകര്യങ്ങളുള്ള നെടുമ്പാശേരിയിൽ വിമാനം ഇറക്കാൻ പൈലറ്റ് അനുമതി തേടി. രാവിലെ തന്നെ തകരാർ സംബന്ധിച്ച വിവരം സിയാൽ അധികൃതർക്ക് ലഭിച്ചിരുന്നു. എന്നാൽ യാത്രക്കാരുടെ ബന്ധുക്കൾക്കിടയിൽ പരിഭ്രാന്തി ഒഴിവാക്കാൻ വിവരം രഹസ്യമായി സൂക്ഷിക്കുകയും സുരക്ഷാ സന്നാഹങ്ങൾ അതീവ ജാഗ്രതയോടെ ഒരുക്കുകയും ചെയ്തു.
റൺവേയിൽ ഫയർഫോഴ്‌സ് യൂണിറ്റുകൾ, ആംബുലൻസുകൾ, മറ്റ് അടിയന്തര സേവന വിഭാഗങ്ങൾ എന്നിവയെ സജ്ജമാക്കി നിർത്തിയിരുന്നു. രാവിലെ 9:07-ഓടെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. ലാൻഡിംഗിന് ശേഷം നടത്തിയ പരിശോധനയിലാണ് വലതുവശത്തെ രണ്ട് ടയറുകൾ പൊട്ടിത്തെറിച്ച വിവരം വ്യക്തമായത്. നിലവിൽ റൺവേയിലെ തടസ്സങ്ങൾ നീക്കി മറ്റ് വിമാനങ്ങളുടെ സർവീസ് പുനഃസ്ഥാപിച്ചു. ടയർ പൊട്ടിത്തെറിക്കാനുണ്ടായ കൃത്യമായ സാങ്കേതിക കാരണം കണ്ടെത്താൻ വിദഗ്ധ പരിശോധന ആരംഭിച്ചിട്ടുണ്ട്. എ