ദേശീയ തലത്തില്‍ കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ പതിപ്പിന്റെ സംഭാവനയാണ് ഇരുപത്തിമൂന്നുകാരനായ വിഘ്നേഷ് പുത്തൂര്‍. അന്ന് മുംബൈ ഇന്ത്യന്‍സിന്റെ സ്കൗട്ടുകളാണ് ഈ ഇടങ്കയ്യന്‍ റിസ്റ്റ് സ്പിന്നറുടെ സാധ്യതകള്‍ കണ്ടെത്തിയത്.  കേരളത്തിന് വേണ്ടി അണ്ടര്‍ 14 മുതല്‍ അണ്ടര്‍ 23 വരെയുള്ള ടീമുകളില്‍ ഇടം നേടിയ വിഘ്നേഷ് ആലപ്പി റിപ്പിള്‍സിന് വേണ്ടിയാണ് പ്രഥമ കെ.സി.എല്ലില്‍ ഇറങ്ങിയത്. മുന്‍ഇന്ത്യന്‍ താരം സൗരഭ് തിവാരി,  ടി.എ. ശേഖര്‍ എന്നിവരാണ്  മുംബൈ ഇന്ത്യന്‍സിന് വേണ്ടി സ്കൗട്ടുകളായി എത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ടൂര്‍ണമെന്റുകള്‍ നേരില്‍ക്കണ്ട് യുവ പ്രതിഭകളെ കണ്ടെത്തുകയാണ് സ്കൗട്ടുകളുടെ ദൗത്യം.

കെ.സി.എല്‍ രണ്ടാം പതിപ്പിലാകട്ടെ സ്കൗട്ടുകളുടെ ശ്രദ്ധനേടാന്‍ ഒരുപിടി കൗമാരതാരങ്ങളാണ് തയാറെടുക്കുന്നത്. വിവിധ തലങ്ങളിൽ മികവ് തെളിയിച്ച ,ഇരുപതില്‍ താഴെ പ്രായമുള്ള നിരവധിപേര്‍ ദേശീയതലത്തില്‍ വലിയ താരങ്ങളാകാന്‍ കഠിന പരിശ്രമത്തിലാണ്. അഹ്മദ് ഇമ്രാൻ, ആദിത്യ ബൈജു, ഏദൻ ആപ്പിൾ ടോം, ജോബിൻ ജോബി, വിഷ്ണു മേനോൻ രഞ്ജിത്, രോഹിത് കെ ആർ തുടങ്ങിയവരാണ് ചെറുപ്രായത്തിൽ തന്നെ ലീഗിന്‍റെ ഭാഗമായിരിക്കുന്നത്.  ഈ സീസണിൽ കെസിഎൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം തൃപ്പൂണിത്തുറ സ്വദേശിയായ കെ ആ‍ർ രോഹിതാണ്. കുരുന്നു പ്രായത്തിൽ തന്നെ മികച്ച ഇന്നിങ്സുകളിലൂടെ കേരള ക്രിക്കറ്റിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് രോഹിത്. തന്നെക്കാൾ മുതി‍ർന്നവ‍ർക്കൊപ്പമായിരുന്നു രോഹിത് എന്നും കളിച്ചു വളർന്നത്. 16ാം വയസ്സിൽ തന്നെ കേരളത്തിനായി അണ്ടർ –19 ടീമില്‍ കളിച്ചു. അടുത്തിടെ നടന്ന എൻഎസ്കെ ട്രോഫി ഫൈനലിലെ പ്ലെയർ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടതും രോഹിത് ആയിരുന്നു. രോഹിതിനെ 75000 രൂപയ്ക്കാണ് തൃശൂർ ടൈറ്റന്‍സ് ടീമിലെത്തിച്ചിരിക്കുന്നത്. 

കഴിഞ്ഞ സീസണിൽ കേരളത്തിന്‍റെ അണ്ടർ 19 ക്യാപ്റ്റനായിരുന്ന അഹ്മദ് ഇമ്രാനാണ് ഏവരും ഉറ്റുനോക്കുന്ന മറ്റൊരു യുവതാരം. രഞ്ജി ട്രോഫി സെമി ഫൈനലിലൂടെ കേരള സീനിയർ ടീമിനായും അരങ്ങേറ്റം കുറിച്ചു. തിരുവനന്തപുരം പാപ്പനംകോട് സ്വദേശിയായ ഇമ്രാന്‍ കേരളത്തിനായി അണ്ടർ 14, 16,19, 23 ടീമുകളില്‍ കളിച്ചു. ബാറ്റിങ്ങിനൊപ്പം ഓഫ് സ്പിന്നറെന്ന നിലയിലും  മികവ് തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ തൃശൂ‍ർ ടൈറ്റൻസിനായി മികച്ച പ്രകടനം കാഴ്ച വച്ച അഹ്മദ് ഇമ്രാൻ 229 റൺസും അഞ്ച് വിക്കറ്റുകളും നേടിയിരുന്നു.  മൂന്ന് ലക്ഷം രൂപയ്ക്കാണ് ഇമ്രാനെ ലേലത്തിലൂടെ തൃശൂർ ഇത്തവണ നിലനിര്‍ത്തിയത്. 

കേരളത്തിൻ്റെ ഭാവി ഫാസ്റ്റ് ബൗളിങ് പ്രതീക്ഷകളാണ് ഏദൻ ആപ്പിൾ ടോമും ആദിത്യ ബൈജുവും. പതിനാറാം വയസ്സിൽ കേരളത്തിനായി രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ഏദൻ ആപ്പിൾ ടോം. ആദ്യ മല്‍സരത്തില്‍ തന്നെ മാൻ ഓഫ് ദി മാച്ച് ആയി. രഞ്ജിട്രോഫിയില്‍ വിദർഭയ്ക്കെതിരായ ഫൈനലിൽ അടക്കം ഏദൻ കേരളത്തിന് വേണ്ടി കളിച്ചിരുന്നു. ഒന്നര ലക്ഷം രൂപയ്ക്കാണ് തിരുവനന്തപുരം സ്വദേശിയായ ഏദനെ,, കൊല്ലം സെയിലേഴ്സ് ഇത്തവണ ടീമിലെത്തിച്ചിരിക്കുന്നത്. മറുവശത്ത് എംആർഎഫ് പേസ് ഫൌണ്ടേഷനിൽ പരിശീലനം പൂർത്തിയാക്കിയ താരമാണ് ആദിത്യ ബൈജു. കഴിഞ്ഞ സീസണിൽ കൂച്ച് ബിഹാർ ട്രോഫി, വിനു മങ്കാദ് ട്രോഫി തുടങ്ങിയ ജൂനിയർ ടൂർണമെൻ്റുകളിൽ മികച്ച പ്രകടനം കാഴ്ച വച്ച ആദിത്യയെ ഒന്നര ലക്ഷത്തിനാണ് ആലപ്പി റിപ്പിൾ  സ്വന്തമാക്കിയത്. 

നിലവിൽ കേരളത്തിൻ്റെ അണ്ടർ 19 ടീമംഗമായ ജോബിൻ ജോബി കഴിഞ്ഞ കെസിഎൽ സീസണിൽ ശ്രദ്ധിക്കപ്പെട്ട യുവതാരങ്ങളിൽ ഒരാളാണ്. കൂറ്റനടികളിലൂടെ ശ്രദ്ധേയനായ ജോബിൻ ഫാസ്റ്റ് ബോളിങ് ഓൾറൌണ്ടർ കൂടിയാണ്. കെസിഎ പ്രസിഡന്റ്സ്  കപ്പിൽ ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങിയ ജോബിനായിരുന്നു പരമ്പരയുടെ താരമായും ബെസ്റ്റ് പ്രോമിസിങ് യങ്സ്റ്ററായും തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ സീസണിൽ 252 റൺസുമായി തങ്ങൾക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച വച്ച ജോബിനെ 85000 രൂപയ്ക്ക് കൊച്ചി തന്നെ ലേലത്തിലൂടെ സ്വന്തമാക്കുകയായിരുന്നു. തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിയാണ് ജോബിൻ. തൃശൂർ ടൈറ്റൻസിൻ്റെ വിഷ്ണു മേനോനും വെടിക്കെട്ട് ബാറ്ററെന്ന നിലയിൽ ശ്രദ്ധേയനാണ്. ഇരുപതുകാരനായ വിഷ്ണുവിനെ 1.40 ലക്ഷത്തിനാണ് തൃശൂർ  സ്വന്തമാക്കിയത്.

ENGLISH SUMMARY:

The first edition of the Kerala Cricket League (KCL) brought Vignesh Puthoor, a 23-year-old left-arm wrist spinner, to national attention, with Mumbai Indians scouts identifying his potential. Now, the second KCL season is set to highlight a new crop of teenage talents, many under 20, striving for national recognition. Youngsters like Ahmed Imran (former Kerala U19 captain, Ranji debutant), Eden Apple Tom (Ranji debut at 16, fast bowler), Adithya Baiju (MRF Pace Foundation product, promising pacer), Jobin Joby (U19 all-rounder), and Rohit K.R. (KCL's youngest player, 16-year-old sensation) are poised to make their mark. These players, already showcasing their skills in various junior tournaments and some making senior team debuts, are being closely watched by scouts from major teams, underscoring KCL's role in nurturing future cricket stars.