Instagram: Saina Nehwal
ഒളിമ്പിക് മെഡല്‍ ജേതാവ് സൈന നേഹ്‌വാള്‍ ഭര്‍ത്താവ് പരുപ്പളളി കശ്യപുമായി വേര്‍പിരിയുന്നു. 2012 ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ ബ്രോൺസ് മെഡല്‍ നേടിയ സൈന, സോഷ്യല്‍ മീഡിയയിലൂടെയാണ് വേര്‍പിരിയല്‍ വാര്‍ത്ത അറിയിച്ചത്.
‘ജീവിതം പലപ്പോഴും നമ്മളെ വ്യത്യസ്ത ദിശകളിലേക്കാണ് നയിക്കുന്നത്. ഏറെ ആലോചനയ്ക്കു ശേഷമാണ് പരുപ്പള്ളി കശ്യപ്പും ഞാനും വേര്‍പിരിയാന്‍ തീരുമാനിച്ചിരിക്കുന്നത്. സമാധാനത്തിനും വ്യക്തിപരമായ വളര്‍ച്ചയ്ക്കും സൗഖ്യത്തിനുമായി വേര്‍പിരിയുകയാണ്. നമ്മള്‍ തമ്മിലുണ്ടായിരുന്ന ഓര്‍മ്മകള്‍ക്ക് ഏറെ നന്ദിയുണ്ട്. മികച്ച കാര്യങ്ങള്‍ പ്രതീക്ഷിച്ച് മുന്നോട്ട് പോകുകയാണ്. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യത പരിഗണിക്കുന്നതിന് നന്ദി’ എന്നാണ് സൈന തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ എഴുതിയത്.
Instagram: Saina Nehwal
2018ലാണ് സൈനയും കശ്യപും വിവാഹിതരായത്. ഹൈദരാബാദിലെ പുല്ലേല ഗോപീചന്ദ് അക്കാദമിയിലാണ് ഇരുവശും പരിശീലനം നടത്തിയിരുന്നത്. 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവാണ് കശ്യപ്. കര്‍ണം മല്ലേശ്വരിക്കു ശേഷം ഇന്ത്യയ്ക്ക് ഒളിമ്പിക് മെഡല്‍ നേടിത്തന്ന വനിത കൂടിയാണ് സൈന. 2015ല്‍ ബാഡ്മിന്റണ്‍ വനിതാസിംഗിള്‍സ് റാങ്കിങ്ങില്‍ നമ്പര്‍ വണ്‍ ആയ ആദ്യ ഇന്ത്യന്‍ വനിതയും സൈനയാണ്. സൈനയുടെ ഭാഗത്തുനിന്നും വേര്‍പിരിയല്‍ സ്ഥിരീകരണം വന്നെങ്കിലും കശ്യപ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Instagram: Saina Nehwal
2024ല്‍ ആണ് താന്‍ ആര്‍ത്രൈറ്റിസ് രോഗബാധ നേരിടുകയാണെന്നും ഇതുതന്നെ ബാഡ്മിന്റണ്‍ കരിയറില്‍ തുടരുമോ ഇല്ലയോ എന്ന തീരുമാനത്തിലേക്ക് എത്തിച്ചേക്കാമെന്നും സൈന പറഞ്ഞത്. ‘മുട്ടുവേദന വളരെ തീവ്രമായ അവസ്ഥയിലാണ്, കാൾറ്റിലേജ് വളരെ മോശം രീതിയിലാണ്. എട്ടു മുതൽ ഒൻപതു മണിക്കൂർ വരെ കഠിനമായി പരിശീലനം നടത്തേണ്ടിയിരിക്കുന്നു എന്നത് ഇപ്പോള്‍ വളരെ ബുദ്ധിമുട്ടാണ്’ എന്നാണ് ഇന്ത്യൻ ഷൂട്ടിംഗ് ഇതിഹാസമായ ഗഗൻ നാരംഗ് അവതരിപ്പിച്ച ‘ഹൗസ് ഓഫ് ഗ്ലോറി’ പോഡ്കാസ്റ്റിൽ സൈന പറഞ്ഞത്. മത്സരങ്ങളില്‍ നിന്നെല്ലാം മാറിനില്‍ക്കേണ്ട അവസ്ഥയും ൈസനയ്ക്ക് വന്നിരുന്നു.