മൂന്നുവര്‍ഷം മുമ്പ് ഒരു ഡോക്ടറെ കാണാന്‍ ലണ്ടനിലെത്തിയതാണ് ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറര്‍. മടങ്ങും വഴി ഓള്‍ ഇംഗ്ലണ്ട് ടെന്നിസ് ക്ലബിലൊന്ന് കയറി പരിചയം പുതുക്കി ചായകുടിക്കാമെന്ന് കരുതി. എന്നാല്‍ ചാംപ്യന്‍മാര്‍ക്ക് ലഭിക്കുന്ന അമൂല്യമായ മെമ്പര്‍ഷിപ്പ് കാര്‍ഡ് ഫെഡററുെട കൈവശമില്ലായിരുന്നു.

വീമ്പുപറയാന്‍ ഇഷ്ടപ്പെടാത്ത ഫെഡറര്‍, ഗതികെട്ട് മനസ്സില്ലാ മനസ്സോടെയെങ്കിലും എട്ടുതവണ വിമ്പിള്‍ഡന്‍ ജയിച്ച ആളാണന്നുവരെ പറഞ്ഞുനോക്കിയെങ്കിലും കടത്തിവിട്ടില്ല. മെയിന്‍ എന്‍ട്രന്‍സ് വഴി പ്രവേശനം നിഷേധിച്ചപ്പോള്‍ നമ്മളെയൊക്കെ പോലെ ഫെഡററും മറ്റേതെങ്കിലും വഴി അകത്തുകടക്കാനൊരു ശ്രമം നടത്തി.

മറ്റൊരു ഗേറ്റിലെ സ്റ്റാഫ് ഫെഡററെ തിരിച്ചറിഞ്ഞ് മെമ്പര്‍ഷിപ്പ് കാര്‍ഡ് ഇല്ലാതിരുന്നിട്ടും ക്ലബിലേക്ക് കടത്തിവിട്ടു. അമേരിക്കയിലെ ട്രെവര്‍ നോവ ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് ഫെഡറര്‍ മെമ്പര്‍ഷിപ്പ് കാര്‍ഡിന്റെ വിലയറിഞ്ഞ നിമിഷം പരസ്യമാക്കിയത്. വിമ്പിള്‍ഡന്‍ കിരീടം നേടിയവര്‍ക്ക് മാത്രം ലഭിക്കുന്ന അംഗീകാരമാണ് ഈ മെമ്പര്‍ഷിപ്പ് കാര്‍ഡ്.

ഈ കാര്‍ഡുണ്ടെങ്കില്‍ ആജീവനന്തം ക്ലബില്‍ പ്രവേശിക്കാം. സൗകര്യങ്ങളെല്ലാം സൗജന്യമായി ഉപയോഗപ്പെടുത്താം. സെന്റര്‍ കോര്‍ട്ടില്‍ മല്‍സരം കാണാന്‍ എത്തിയാല്‍ ഒരു സീറ്റും ചാംപ്യന്‍മാര്‍ക്കായി റിസര്‍വ് ചെയ്തിട്ടുണ്ട്. തീര്‍ന്നില്ല ഒരിക്കലെങ്കിലും വിമ്പിള്‍ഡന്‍ കിരീടം നേടിയവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍...

പോക്കറ്റ് നിറയ്ക്കുന്ന കിരീടം

619 കോടി രൂപയാണ് ഇക്കുറി വിമ്പിള്‍ഡന്‍ ജേതാക്കള്‍ക്കുള്ള സമ്മാനത്തുക. മുൻ വർഷത്തെക്കാൾ 7 ശതമാനം വർധന. പുരുഷ, വനിതാ സിംഗിൾസ് ജേതാക്കൾക്ക് കിരീടം നേടിയാല്‍ ഏകദേശം 35 കോടി രൂപ പോക്കറ്റിലാകും. സിംഗിൾസിൽ ആദ്യ റൗണ്ടിൽ തോറ്റു പുറത്താകുന്നവർക്ക് പോലും കിട്ടും 77 ലക്ഷം രൂപ പ്രൈസ് മണി. 2007 മുതലാണ് വിമ്പിള്‍ഡനില്‍ പുരുഷ വനിതാ വിഭാഗങ്ങളില്‍ തുല്യസമ്മാനത്തുകയാക്കിയത്.

ചാംപ്യന്‍മാര്‍ നൃത്തംവയ്ക്കുന്ന പാര്‍ട്ടി

1977 മുതലാണ് ചാംപ്യന്‍സ് ഡിന്നറെന്ന പതിവ് വിമ്പിള്‍ഡനില്‍ തുടങ്ങുന്നത്. ടൂര്‍ണമെന്റ് അവസാനിച്ചതിന് തൊട്ടടുത്ത ദിവസം പുരുഷ വനിതാ സിംഗിള്‍സ് ചാംപ്യന്‍മാര്‍ ഒന്നിച്ച് നൃത്തംവയ്ക്കും. മുന്‍ ചാംപ്യന്‍മാര്‍ ഉള്‍പ്പെടെ ക്ഷണിക്കപ്പെട്ട അതിഥികളും സ്പോണ്‍സര്‍മാരുമൊക്കെയാണ് ചാംപ്യന്‍സ് പാര്‍ട്ടിയിലെത്തുന്നത്. 2018ല്‍ കിരീടം നേടിയ നൊവാക് ജോക്കോവിച്ചും ജര്‍മനിയുെട ആഞ്ജലിക് കെര്‍ബറും ചേര്‍ന്നുള്ള നൃത്തം വൈറലായിരുന്നു.

കയ്യില്‍കിട്ടുന്നത് കിരീടത്തിന്റെ റെപ്ലിക്ക

യഥാര്‍ഥ കിരീടത്തിന്റെ മാതൃകയിലുള്ള റെപ്ലിക്ക മാത്രമാണ് ചാംപ്യന്‍മാര്‍ക്ക് ലഭിക്കുന്നത്. ഒറിജിനല്‍ കിരീടം എന്നും വിമ്പിള്‍ഡന്‍ മ്യൂസിയത്തിലുണ്ടാകും. പുരുഷന്‍മാര്‍ക്ക് സില്‍വര്‍ ഗില്‍റ്റ് കപ്പും വനിതകള്‍ക്ക് വീനസ് റോസ്‍വാട്ടര്‍ ഡിഷുമാണ് സമ്മാനമായി നല്‍കുന്നത്. പുരുഷന്‍മാരുടെ കിരീടത്തിന് മുകളില്‍ ഒരു പൈനാപ്പിളും കാണാം. 17 –18 നൂറ്റാണ്ടുകളില്‍ ഒരു സ്റ്റാറ്റസ് സിമ്പലായിരുന്നു പൈനാപ്പിള്‍. ആഡംബരത്തിന്റെയും പ്രൗഡിയുടെയും സമ്പന്നതയുടെയും ഒക്കെ പ്രതീകം. അതിഥികള്‍ക്ക് പൈനാപ്പിള്‍ നല്‍കുന്നത് പണമുള്ളവന് മാത്രം നടക്കുന്ന കാര്യമായിരുന്നു. അങ്ങനെയാണ് പൈനാപ്പിളും വിമ്പിള്‍ഡന്‍ ട്രോഫിയില്‍ ഇടംപിടിച്ചത്.

ENGLISH SUMMARY:

Wimbledon Champion Awaits ₹619 Crore Fortune and Prestigious Champions Dinner