Image: AFP
ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഒന്നാം ഇന്നിങ്സില്‍ മികച്ച ലീഡ് ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. 242 റണ്‍സ് പിന്നിട്ട് നില്‍ക്കുന്ന ഇന്ത്യയുടെ മൂന്ന് വിക്കറ്റുകളാണ് ഇംഗ്ലീഷ് ബൗളര്‍മാര്‍ സ്വന്തമാക്കിയത്. കെ.എല്‍ രാഹുലും റിഷഭ് പന്തുമാണ് ക്രീസിലുള്ളത്.
ആദ്യ രണ്ട് ടെസ്റ്റിലും ഒന്നാം ഇന്നിങ്സ് സ്കോര്‍ നാനൂറിന് മുകളിലായിരുന്നു. എന്നാല്‍ മൂന്നാം ടെസ്റ്റില്‍ ബൗളര്‍മാരുടെ കൃത്യതയാണ് കാണുന്നത്. ഇംഗ്ലണ്ടിന്‍റെ ആദ്യ ഇന്നിങ്സ് സ്കോറായ 387 ന് മറുപടിയുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കം യശസ്വി ജയ്സ്വാള്‍ നല്‍കി. എന്നാല്‍ അതിന് ആയുസ് ഉണ്ടായില്ല. 13 റണ്ണില്‍ നില്‍ക്കെ ജയ്സ്വാള്‍ ജോഫ്രാ ആര്‍ച്ചറിന്‍റെ പന്തില്‍ ഹാരി ബ്രൂക്കിന് പിടികൊടുത്തു. 40 റണ്ണെടുത്ത് മലയാളി താരം കരുണ്‍ നായരും, 16 റണ്ണുമായി നായകന്‍ ശുഭ്മന്‍ ഗില്ലും മടങ്ങിയെങ്കിലും മറുവശത്ത് ഉറച്ചുനിന്ന കെഎല്‍ രാഹുല്‍ അര്‍ധ സെഞ്ചറി തികച്ചു. 53 റണ്ണുമായി രാഹുലും 19 റണ്ണുമായി റിഷഭ് പന്തുമാണ് ക്രീസില്‍.
4ന് 251 എന്ന നിലയില്‍ രണ്ടാംദിനം മത്സരം പുനരാരംഭിച്ച ഇംഗ്ലണ്ടിന്‍റെ നില തെറ്റിച്ചത് ജസ്പ്രീത് ബുമ്ര. നിര്‍ണായകമായ വിക്കറ്റുകളെല്ലാം പോക്കറ്റിലാക്കി ബുമ്ര 5 വിക്കറ്റ് നേടി. ഇംഗ്ലണ്ട് സ്കോറിന്‍റെ അച്ചുതണ്ടായ ജോ റൂട്ടിന്‍റെയടക്കം വിക്കറ്റുകള്‍ ഇക്കൂട്ടത്തിലുണ്ട്. ടെസ്റ്റ് കരിയറിലെ 37മത്തേയും ഇന്ത്യയ്ക്കെതിരായ 11–ാം സെഞ്ചറിയും കുറിച്ചാണ് റൂട്ട് മടങ്ങിയത്. ഒരു ഘട്ടത്തില്‍ 7ന് 271 എന്ന് പരുങ്ങിയ ഇംഗ്ലണ്ടിനെ 350 ല്‍ എത്തിച്ചത് ജെയ്മി സ്മിത്തിന്‍റെയും ബ്രൈഡന്‍ കാര്‍സിന്‍റെയും അര്‍ധ സെഞ്ചറി പ്രകടനമാണ്.
Image: PTI