സംസ്ഥാനത്തെ തിരഞ്ഞെടുത്ത കായികപരിശീലകർക്ക് കായികരംഗത്തെ അതിനൂതനവും മികവുറ്റതുമായ പരിശീലന രീതികള്‍ പകര്‍ന്നു നല്‍കിയ 'കോച്ചസ് എംപവര്‍മെന്റ് പ്രോഗ്രാം 2025' പരിശീലന പരിപാടിയുടെ ഒന്നാം ഘട്ടത്തിന് സമാപനം. കായിക യുവജന വകുപ്പ് സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ചേര്‍ന്ന് തിരുവനന്തപുരം സായി എല്‍എന്‍സിപിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ കായിക വിഭാഗങ്ങളിലെ 86 കോച്ചുമാര്‍ക്ക് വിദഗ്ധ പരിശീലനം ലഭിച്ചു. അഞ്ചു ദിവസം നീണ്ടു നിന്ന പരിശീലന പരിപാടിയുടെ അവസാന ദിവസം ഫിറ്റ്‌നെസ് ടെസ്റ്റും, വിവിധ വിഷയങ്ങളില്‍ ക്ലാസുകളും, ഇന്ററാക്ഷന്‍ സെഷനും സംഘടിപ്പിച്ചു. പരിപാടിയില്‍ പങ്കെടുത്ത കോച്ചുമാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം സമാപന ചടങ്ങില്‍ നടന്നു.
അഞ്ചു ദിവസം നീണ്ട കോച്ചിങ് പ്രോഗ്രാമില്‍ വിവിധ കായികയിനങ്ങളിലെ വിദഗ്ധരാണ് ക്ലാസുകള്‍ എടുത്തത്. സായി മുന്‍കൈയെടുത്ത് ഇന്ത്യയില്‍ തന്നെ വിവിധ കായിക ഇനങ്ങളില്‍ പരിശീലനം നല്‍കുന്ന വിദേശ കോച്ചുമാരുടെ സേവനവും ഇത്തരം പരിപാടികളിൽ ഉള്‍പ്പെടുത്തണമെന്ന് പരിശീലനത്തിനെത്തിയ കോച്ചുമാര്‍ അഭിപ്രായപ്പെട്ടു.
സമാപന ചടങ്ങില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു.ഷറഫലി മുഖ്യപ്രഭാഷണം നടത്തി. പരിശീലന പരിപാടിയുടെ രണ്ടാം ഘട്ടം ജൂലായ് 14 മുതല്‍ 18 വരെ എല്‍എന്‍സിപിയില്‍ നടക്കും.