ഇന്ത്യൻ സൂപ്പർ ലീഗ് 2025-26 സീസൺ അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചു. സംപ്രേഷണാവകാശ കരാറുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് സെപ്റ്റംബറിൽ ആരംഭിക്കേണ്ടിയിരുന്ന ഐഎസ്എല്‍ മാറ്റിവയ്ക്കാൻ കാരണം. ഫുട്ബോൾ സ്പോർട്സ് ഡെവലപ്‌മെന്റ് ലിമിറ്റഡും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും തമ്മിലുള്ള മാസ്റ്റർ റൈറ്റ്സ് എഗ്രിമെന്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ടാണ് അനിശ്ചിതത്വം ഉടലെടുത്തത്.
അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ 2025-26 സീസണിനായുള്ള വാർഷിക കലണ്ടറിൽ നിന്ന് ഐഎസ്എല്ലിനെ നേരത്തെ ഒഴിവാക്കിയിരുന്നു. വിവിധ പ്രായക്കാർക്കുള്ള ആഭ്യന്തര ടൂർണമെന്‍റുകളടക്കം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയപ്പോഴാണ് ഇന്ത്യയിലെ ഒന്നാം ഡിവിഷന്‍ ലീഗായ ഐഎസ്‌എല്ലിനെ മത്സര കലണ്ടറിൽ ഉൾപ്പെടുത്താതിരുന്നത്. തുടര്‍ന്ന് ഐഎസ്എൽ ഈ വര്‍ഷം ഉണ്ടാകില്ലെന്ന തരത്തില്‍ വാര്‍ത്തകളും പ്രചരിച്ചിരുന്നു.
2014ലാണ് ഇന്ത്യൻ ഫുട്ബോളിനെ ഉടച്ചു വാർക്കുക എന്ന ലക്ഷ്യത്തോടെ ഐഎസ്എല്‍ ആരംഭിക്കുന്നത്. 2019ല്‍ ഐ ലീഗിനെ മറികടന്ന് ഐഎസ്എല്‍ ഇന്ത്യയിലെ ഒന്നാം ഡിവിഷന്‍ ലീഗായി ഫെഡറേഷന്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ 11 എഡിഷനുകള്‍ ഇതുവരെ നടന്നിട്ടുണ്ട്.