x/acb
പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയിലെത്തി വയറിലെ കൊഴുപ്പു നീക്കല്‍ ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ അംപയര്‍ ബിസ്മില്ല ജന്‍ ഷിന്‍വാരിക്ക് ദാരുണാന്ത്യം. ഐസിസിയുടെ രാജ്യാന്തര അംപയറായ ഷിന്‍വരി(41) തിങ്കളാഴ്ചയാണ് മരിച്ചത്. അഫ്ഗാനിസ്ഥാന്‍ സ്വദേശിയായ ഷിന്‍വരി 34 ഏകദിനങ്ങളും 26 ട്വന്‍റി20കളും 31 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളും 51 ലിസ്റ്റ് എ മല്‍സരങ്ങളും 96 ആഭ്യന്തര ട്വന്‍റി20കളും നിയന്ത്രിച്ചിട്ടുണ്ട്. 2017 ല്‍ ഷാര്‍ജയില്‍ വച്ച് നടന്ന അഫ്ഗാന്‍–അയര്‍ലന്‍ഡ് മല്‍സരമാണ് ഷിന്‍വരി ആദ്യമായി നിയന്ത്രിച്ചത്.
ശരീരഭാരം അമിതമായതിനെ തുടര്‍ന്ന് പെഷാവറിലെത്തിയ ഷിന്‍വരി വയറിലെ കൊഴുപ്പുനീക്കം ചെയ്യല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയായിരുന്നു. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും മണിക്കൂറുകള്‍ക്കകം ഷിന്‍വരിയുടെ നില വഷളാവുകയും ജീവന്‍ നഷ്ടമാവുകയുമായിരുന്നുവെന്ന് കുടുംബം അറിയിച്ചു. തിരികെ അഫ്ഗാനിസ്ഥാനിലെത്തിച്ച മൃതദേഹം കബറടക്കിയതായി ഷിന്‍വരിയുടെ സഹോദരന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. അഞ്ച് ആണ്‍മക്കളും ഏഴ് പെണ്‍മക്കളുമാണ് ഷിന്‍വരിക്കുള്ളത്.
ഷിന്‍വരിയുടെ പെട്ടെന്നുള്ള വിയോഗത്തില്‍ കടുത്ത ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് അറിയിച്ച ഐസിസി അദ്ദേഹത്തിന്‍റെ സംഭാവനകളെയും അനുസ്മരിച്ചു. ഷിന്‍വരിയുടെ നിര്യാണത്തില്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും അനുശോചനം അറിയിച്ചിട്ടുണ്ട്. കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അഫ്ഗാന്‍ ക്രിക്കറ്റിന് കനത്ത നഷ്ടമാണ് അകാലത്തിലുള്ള ഷിന്‍വരിയുടെ വിടവാങ്ങലെന്നും പ്രസ്താവനയില്‍ ബോര്‍ഡ് കുറിച്ചു.