File Photo: PTI
ചെസ് ഇതിഹാസം മാഗ്നസ് കാള്‍സനെ വീണ്ടും തോല്‍പ്പിച്ച് ഇന്ത്യയുടെ ഡി.ഗുകേഷ്. ഗ്രാന്‍ഡ് ചെസ് ടൂര്‍ണമെന്‍റിന്‍റെ ഭാഗമായുള്ള സൂപ്പര്‍ യുണൈറ്റഡ് റാപിഡ് ചെസിലായിരുന്നു ഗുകേഷിന്‍റെ സൂപ്പര്‍ ജയം. ക്രൊയേഷ്യയില്‍ നടന്ന മല്‍സരത്തില്‍ ആദ്യ മല്‍സരം തോറ്റെങ്കിലും പിന്നീട് തുടര്‍ച്ചയായ അഞ്ച് വിജയങ്ങളാണ് ഗുകേഷ് നേടിയത്. ജയത്തോടെ ഗുകേഷ് 10 പോയിന്‍റോടെ പട്ടികയില്‍ ഒന്നാമതെത്തി.
Image Credit: chess24com
ടൂര്‍ണമെന്‍റിലെ ഏറ്റവും ദുര്‍ബലനായ എതിരാളിയായാണ് താന്‍ ഗുകേഷിനെ കാണുന്നതെന്ന കാള്‍സന്‍റെ പരിഹാസത്തിന് പിന്നാലെയാണ് ഗുകേഷിന്‍റെ ജയം. മികച്ച കളിക്കാരനെന്ന് അംഗീകരിക്കപ്പെടണമെങ്കില്‍ ഗുകേഷ് ഇനിയുമൊരുപാട് തെളിയിക്കാനുണ്ടെന്നും ടൂര്‍ണമെന്‍റിന് മുന്‍പ് നല്‍കിയ അഭിമുഖത്തില്‍ കാള്‍സന്‍ പരിഹസിച്ചിരുന്നു. എന്നാല്‍ തോല്‍വിക്ക് പിന്നാലെ ആത്മവിശ്വാസം നഷ്ടപ്പെട്ടവനായാണ് കാള്‍സന്‍ കാമറയ്ക്ക് മുന്നില്‍പ്രത്യക്ഷപ്പെട്ടത്. തന്‍റെ കളി മോശമായിരുന്നുവെന്നും അതിനുള്ള ശിക്ഷയാണ് ലഭിച്ചതെന്നും കാള്‍സന്‍ പ്രതികരിച്ചു. ഗുകേഷിന്‍റെ നീക്കങ്ങള്‍ മനസിലാക്കുന്നതില്‍ പിഴവ് പറ്റിയെന്നും മികച്ച കളിയാണ് ഗുകേഷ് പുറത്തെടുത്തതെന്നും കാള്‍സന്‍ സമ്മതിച്ചു.
ചെസ് കളിക്കുന്നത് തനിക്കിപ്പോള്‍ ആസ്വദിക്കാന്‍ കഴിയുന്നില്ലെന്നും പഴയതുപോലെയുള്ള ഒഴുക്ക് കളിയില്‍ നഷ്ടമാകുന്നുവെന്നും കാള്‍സന്‍ വെളിപ്പെടുത്തി. അത് തന്നെ നിരാശപ്പെടുത്തുന്നുവെന്നും മോശം പ്രകടനങ്ങള്‍ക്ക് കാരണമാകുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.
File Photo: PTI
ടൂര്‍ണമെന്‍റില്‍ ഇനിയും കാള്‍സനും ഗുകേഷും ഏറ്റുമുട്ടും. ബ്ലിറ്റ്സ് ഫോര്‍മാറ്റിലുള്ള മല്‍സരങ്ങളാണ് ഇനി നടക്കാനുള്ളത്. അടുത്ത രണ്ട് മല്‍സരങ്ങളില്‍ ഗുകേഷിനെതിരെ ജയം നേടി ആധിപത്യം വീണ്ടെടുക്കാനാകും കാള്‍സന്‍റെ ശ്രമം. നേരത്തെ നോര്‍വേ ചെസിലും ഗുകേഷ് കാള്‍സനെ തോല്‍പ്പിച്ചിരുന്നു.
Google Trending Topic: Gukesh