മുന്‍ ഭാര്യയ്ക്കും മകള്‍ക്കും ചെലവിനായി പ്രതിമാസം നാലുലക്ഷം രൂപ വീതം നല്‍കാന്‍ മുഹമ്മദ് ഷമിയോട് കല്‍ക്കട്ട ഹൈക്കോടതി. പ്രതിമാസം അര ലക്ഷം ജീവനാംശവും 80,000 രൂപ മകള്‍ക്കായും നല്‍കാനുത്തരവിട്ട ജില്ലാ കോടതി വിധിക്കെതിരെ ഹസിന‍് ജഹാന്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി വിധി. ഹസിന് ജഹാന്‍റെ ചെലവിനായി മാസം ഒന്നര ലക്ഷവും മകള്‍ക്കായി മാസം രണ്ടര ലക്ഷവും ഷമി നല്‍കണമെന്നും അവരുടെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കാന്‍ അത് അത്യാവശ്യമാണെന്നും ജസ്റ്റിസ് അജോയ് കുമാര്‍ മുഖര്‍ജിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഈ തുകയ്ക്ക് പുറമെ മകളുടെ വിദ്യാഭ്യാസമുള്‍പ്പടെയുള്ള മറ്റാവശ്യങ്ങള്‍ക്കായി പണം നല്‍കുന്നതില്‍ ഷമിക്ക് തീരുമാനമെടുക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

2018 മാര്‍ച്ചിലാണ് ഷമി തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് ഹസിന്‍ ജാദവ്പുര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഷമിയുടെ കുടുംബവും തന്നെ ഉപദ്രവിക്കുന്നതായി അവര്‍ പരാതിയില്‍ ആരോപിച്ചിരുന്നു. മകളുടെ കാര്യത്തില്‍ ഷമിക്ക് തീരെ ശ്രദ്ധയില്ലെന്നും ഹസിന്‍ വാദിച്ചു.  ഗാര്‍ഹിക പീഡനത്തിന് പുറമെ സ്ത്രീധന പീഡനവും വാതുവയ്പും  ഹസില്‍ ആരോപിച്ചു. 

ഏഴ് ലക്ഷം രൂപ മാസം ജീവനാംശമായും മൂന്ന് ലക്ഷം മകളുടെ ചെലവിനായും വേണമെന്നുമായിരുന്നു ഹസിന്‍റെ ആവശ്യം. എന്നാല്‍ ഇത്രയും വലിയ തുക അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ജില്ലാ കോടതി ജീവനാംശം നല്‍കണമെന്ന വാദം തള്ളുകയും മകള്‍ക്ക് ചെലവിനായി 80,000 രൂപ നല്‍കാന്‍ വിധിക്കുകയുമായിരുന്നു. അപ്പീല്‍ പോയതോടെ ഈ തുകയ്ക്ക് പുറമെ അരലക്ഷം  രൂപ ജീവനാംശമായി വിധിച്ചു. 

എന്നാല്‍ തനിക്കും മകള്‍ക്കും മാന്യമായി ജീവിക്കാനും മകളുടെ ആവശ്യങ്ങള്‍ നിറവേറ്റാനും ഈ തുക അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹസിന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഷമിയുമായി പിരിഞ്ഞ ശേഷവും ഹസിന്‍ അവിവാഹിതയായി തുടരുകയാണെന്നും കുടുംബമായി ജീവിച്ചിരുന്നത് പോലെ മെച്ചപ്പെട്ട ജീവിതം നയിക്കുന്നതിനായി ഹസിന് സാമ്പത്തികം ആവശ്യമുണ്ടെന്നും കുഞ്ഞിന്‍റെ സുരക്ഷിതമായ ഭാവിക്കും അത് അത്യാവശ്യമാണെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ നിലവിലെ വിധി. 2014 ലാണ് ഷമിയും ഹസിനും വിവാഹിതരായത്. 

ENGLISH SUMMARY:

The Calcutta High Court has ordered Indian cricketer Mohammed Shami to pay his ex-wife Hasin Jahan and daughter ₹4 lakh monthly in maintenance, increasing it from a district court's ₹1.3 lakh. The ruling covers ₹1.5 lakh for Jahan and ₹2.5 lakh for their daughter, ensuring their financial stability.