TOPICS COVERED

അന്താരാഷ്ട്ര ക്രിക്കറ്റിൽ അടിമുടി മാറ്റത്തിനൊരുങ്ങുകയാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). ഡിആർഎസ്, സ്റ്റോപ് ക്ലോക്ക്, പന്തിൽ ഉമിനീർ ഉപയോഗിക്കുന്നത് തുടങ്ങിയവയിലെല്ലാം നിലവിലെ നിയമങ്ങൾ പൊളിക്കുകയാണ് ഐസിസി. ടെസ്റ്റ് ചാംപ്യൻഷിപ്പില്‍  പുതിയ നിയമങ്ങളിൽ ചിലത്  നിലവിൽ വന്നുകഴിഞ്ഞു. ജൂലൈ 2 മുതൽ വൈറ്റ്ബോൾ ക്രിക്കറ്റിലും ഈ നിയമങ്ങൾ ബാധകമാകും.

സ്റ്റോപ് ക്ലോക്ക്

വൈറ്റ് ബോൾ ക്രിക്കറ്റിന് പുറമേ ടെസ്റ്റിലും സ്റ്റോപ് ക്ലോക്ക് സംവിധാനവും കൊണ്ടുവരികയാണ് ഐസിസി. കുറഞ്ഞ ഓവർനിരക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുകയാണ് സ്റ്റോപ് ക്ലോക്കിലൂടെ ലക്ഷ്യമിടുന്നത്. ബോളിങ് ടീമിനെ സമയത്തിന്‍റെ വില പഠിപ്പിക്കാനാണ് നിയമം. പുതിയ നിയമപ്രകാരം ഫീൽഡിങ് ടീം ഒരു മിനിറ്റിനുള്ളിൽ പുതിയ ഓവർ ആരംഭിച്ചിരിക്കണം. ഇത് നടപ്പാക്കിയില്ലെങ്കിൽ അമ്പയർമാർ രണ്ട് മുന്നറിയിപ്പുകൾ നൽകും. അതിന് ശേഷവും ഇത് തുടർന്നാൽ അഞ്ച് റൺസ് പെനാൽറ്റി വിധിക്കും. ഓരോ 80 ഓവറിന് ശേഷവും ഈ മുന്നറിയിപ്പുകൾ പുതുക്കുന്നതായിരിക്കും.

ഉമിനീർ ഉപയോഗിച്ചാലും പന്ത് മാറ്റേണ്ടതില്ല

പന്തിൽ ഉമിനീർ പുരട്ടുന്നതിന് ഐസിസി വിലക്കുണ്ടെങ്കിലും പന്തിൽ ഉമിനീർ കണ്ടെത്തിയാൽ അമ്പയർമാർ പന്ത് മാറ്റണമെന്ന് നിർബന്ധമില്ലെന്നാണ് പുതിയ നിയമം. പന്ത് മാറ്റാനായി ടീമുകൾ മനപൂർവ്വം ഉമിനീർ പുരട്ടുന്ന സാഹചര്യം ഒഴിവാക്കാനാണ് ഈ തീരുമാനം. അതായത് പന്ത് കൂടുതൽ നനഞ്ഞിരിക്കുകയോ, കൂടുതൽ തിളക്കം വരുകയോ ചെയ്താൽ മാത്രമേ മാത്രമേ അമ്പയർമാർ പുതിയ പന്ത് ഉപയോഗിക്കേണ്ടതുള്ളൂ. ഉമിനീർ പുരട്ടിയിട്ടും പന്തിൽ മാറ്റമൊന്നും വന്നില്ലെങ്കിൽ ഉപയോഗിക്കുന്നത് തുടരാം. എന്നാൽ ബാറ്റിങ് ടീമിന് അഞ്ച് റൺസ് നൽകും.

ഡിആർഎസ്

ഡിആർഎസ് സംവിധാനത്തിലും മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.  വിക്കറ്റ് കീപ്പർ ക്യാച്ച് ചെയ്ത് ഒരു ബാറ്റർ പുറത്താകുന്ന സാഹചര്യം പരിഗണിക്കുന്നു എന്ന് കരുതുക. അമ്പയർ ഔട്ട് വിധിക്കുകയും ബാറ്റർ ഡിആർഎസ്സ് നൽകുകയും ചെയ്യുന്നു. പുതിയ നിയമപ്രകാരം ബാറ്റിൽ പന്ത് കൊണ്ടിട്ടില്ലെന്ന് തെളിഞ്ഞാലും പാഡിൽ തട്ടിയാൽ എൽബിഡബ്ല്യു ഔട്ട് പരിശോധിക്കും. എൽബിഡബ്ല്യു ബോൾ ട്രാക്കിങ് പരിശോധനയിൽ അമ്പയേഴ്‌സ് കോൾ ആണെങ്കിൽ നേരത്തേ അമ്പയർ ഔട്ട് നൽകിയത് പരിഗണിച്ച് ബാറ്റർ ഔട്ടാകും.

നോബോൾ - ക്യാച്ചിൽ സംശയമുണ്ടായാലും കൂടുതൽ പരിശോധന

സാധാരണഗതിയിൽ ഒരു നോബോളിലാണ് ക്യാച്ച് എടുക്കുന്നതെങ്കിൽ, ഫീൽഡർ എടുത്ത ക്യാച്ചിൽ സംശയമുണ്ടായാലും കൂടുതൽ പരിശോധന നടത്താറില്ല. എന്നാൽ പുതിയ നിയമപ്രകാരം ക്യാച്ച് എടുത്തോ എന്ന് കൃത്യമായി പരിശോധിക്കും. അതിന് ശേഷം ക്ലീൻ ക്യാച്ചാണെന്ന് തെളിഞ്ഞാൽ ബാറ്റിങ് ടീമിന് നോബോളിൻ്റെ എക്‌സ്ട്രാ റൺ മാത്രമേ ലഭിക്കൂ. മറിച്ചാണെങ്കിൽ ബാറ്റർമാർ പൂർത്തിയാക്കിയ റണ്ണും ലഭിക്കും.

ഷോർട്ട് റണ്‍

ഷോർട്ട് റൺ സാഹചര്യത്തിൽ നിയമം കടുപ്പിക്കുകയാണ് ഐസിസി. റണ്ണിനായി ഓടുന്നതിനിടെ ബാറ്റർ മനപൂർവ്വം ക്രീസിൽ ബാറ്റ് കുത്താതിരുന്നതായി അമ്പയർമാർ കണ്ടെത്തിയാൽ അടുത്ത പന്ത് ആര് ബാറ്റ് ചെയ്യണമെന്ന് ഫീൽഡിങ് ടീമിന്‍റെ ക്യാപ്റ്റന് തീരുമാനിക്കാം. അഞ്ച് റൺസ് പെനാൽറ്റിയുമുണ്ടാകും.

ENGLISH SUMMARY:

The International Cricket Council (ICC) is implementing significant changes to its rules across all formats, effective July 2nd for white-ball cricket.