Image: REUTERS
മുത്തശ്ശിയുടെ കൈപിടിച്ച് റോസാരിയോ തെരുവിലൂടെ നടന്ന, ആ കുഞ്ഞു ചെക്കനിന്ന് 38–ാം പിറന്നാൾ. ഭൂമിയുടെ നിലനിൽപ്പോളം ഓർത്തുവയ്ക്കാൻ, പാടിപ്പുകഴ്ത്താൻ, വീണ്ടും വീണ്ടും കണ്ടാസ്വദിക്കാനുള്ള ഇന്ദ്രജാലങ്ങൾ തന്റെ ഇടം കാല്‍ കൊണ്ട് പകർന്നുതന്നു കഴിഞ്ഞു ഈ 38 വർഷത്തെ ജീവിതം കൊണ്ട് ലയണൽ ആന്ദ്രെസ് മെസി.
Image: AFP
ഫാക്ടറി തൊഴിലാളിയായ ഹോർഹെ മെസ്സിയുടെയും തൂപ്പു തൊഴിലാളിയായ സീലിയയുടെയും മൂന്നാമത്തെ മകനായി 1987 ജൂൺ 24നായിരുന്നു ലോക ഫുട്ബോളിലെ ഈ അദ്ഭുത പ്രവാചകന്റെ പിറവി. കാലുറച്ച കാലം തൊട്ട് തന്റെ ഇടതുകാലിൽ ഒട്ടിപ്പിടിച്ചതുപോലെ കാൽപന്തുമായി റോസാരിയിയോയിലെ ചെളി മൈതാനത്ത് വളഞ്ഞും പുളഞ്ഞും പാഞ്ഞ ആ കുഞ്ഞൻ ചെക്കനെ കണ്ട് അന്ന് തന്നെ റോസാരിയോക്കാർ പറഞ്ഞു, ഇവൻ ഫുട്ബോൾ കളിക്കാനായി ജനിച്ചവൻ. റോസാരിയോയിലെ പ്രാദേശിക ക്ലബായ ഗ്രാൻഡോളിക്ക് വേണ്ടിയായിരുന്നു കളി അരങ്ങേറ്റം. റോസാരിയോയിലെ കുഞ്ഞു ചെക്കനിൽ നിന്ന് കാൽപന്തുകളിയുടെ മിശിഹായിലേക്ക്, കാലം കണ്ട ഏറ്റവും മികച്ച കാൽപന്ത് കളിക്കാരനിലേക്കുള്ള യാത്ര അവിടെ തുടങ്ങുന്നു.
Image: AFP
ഒരു കെട്ടുകഥയെന്നപോലെ, പർവ്വതങ്ങൾ പോലെ ഉയർന്നുവന്ന പ്രതിബന്ധങ്ങളെ അതിജയിച്ച, വീണ്ടും വീണ്ടും വീണുപോയിട്ടും ഉയിർത്തെഴുന്നേറ്റ് ലക്ഷ്യം കീഴടക്കിയ നായകന്റെ അതിസാഹസിക യാത്രയാണത്. ഹോർമോൺ കുറവ് മൂലം വളർച്ച മുരടിച്ച ഒരു കുട്ടിക്കാലം. ചികിത്സയ്ക്കായി പണമില്ലാതെ നിസ്സഹായരായ ഒരു വർക്കിങ് ക്ലാസ് കുടുംബം, ചികിത്സയ്ക്കും, ഒപ്പം ദൈവം കനിഞ്ഞ് നൽകിയ കളി അടവുകൾ തേച്ച് മിനുക്കാനും പതിമൂന്നാം വയസ്സിൽ ബാര്‍സിലോനയിലേക്കുള്ള പറിച്ച് നടൽ, അതും ഒരു നാപ്കിനിൽ എഴുതിയ കരാറിന്റെ ബലത്തിൽ. ഹോർമോൺ ചികിത്സയ്ക്കൊപ്പം കുഞ്ഞു മെസ്സി വളർന്ന് തുടങ്ങി. ബാര്‍സിലോന ജൂനിയർ ടീമുകളിൽ നിന്ന് സീനിയർ ടീമിലേക്ക് അതിവേഗം ഡ്രിബിൾ ചെയ്ത് കയറി. 16–ാം വസ്സിൽ അരങ്ങേറ്റം. അധികമാരോടും സംസാരിക്കാത്ത ആ നാണം കുണുങ്ങിയെ കൂടെകൂട്ടി ആത്മവിശ്വാസം പകരാൻ ഒരു ഇതിഹാസം അന്ന് ബാര്‍സിലോന ടീമിൽ ഉണ്ടായിരുന്നു, സാക്ഷാൽ റൊണാൾഡീഞ്ഞോ.
Image: AFP
ക്ലബ് കരിയറിൽ സമ്മോഹനമായിരുന്നു മെസ്സിയുടെ തുടക്കം. ചാംപ്യൻസ് ലീഗുകളും ലാലിഗ കിരീടങ്ങളും, ക്ലബ് ലോകകപ്പുകളും ബാർസക്കായി നേടിക്കൊടുത്തു . തുടർച്ചയായ നാല് ബലോൻ ദ് ഓർ, ഫിഫ ബെസ്റ്റ് പ്ലെയർ പുരസ്കാരങ്ങൾ നേടി 24–ാം വയസ്സിൽ തന്നെ മെസി, പെലെയും മറഡോണയും ഉള്‍പ്പെടുന്ന ഫുട്ബോൾ ചക്രവർത്തിമാരുടെ ഇരിപ്പിടത്തിൽ സ്ഥാനമുറപ്പിച്ചു. ക്ലബിൽ ലോകം കീഴടക്കിയപ്പോഴും രാജ്യാന്തര ഫുട്ബോളിൽ ഒരു കിരീടത്തിനായി മെസിക്ക് തന്റെ 35 വയസ്സുവരെ കാത്തിരിക്കേണ്ടി വന്നു. അതിന് മുമ്പ് അഞ്ച് ഫൈനലുകളിൽ മെസ്സിയുടെ കണ്ണീരു വീണു. 2014 ലോകപ്പ് ഫൈനലിൽ ഗോഡ്സെയുടെ ഒറ്റ ഷോട്ടിൽ നെഞ്ച് പിളർന്ന മിശിഹ തലകുനിച്ച് മടങ്ങുന്ന കാഴ്ച. 2016 കോപ്പ ഫൈനലിൽ പെനൽറ്റി പാഴാക്കി വാവിട്ട് കരഞ്ഞ നായകൻ. വിമർശനങ്ങളുടെയും പരിഹാസങ്ങളുടെയും അമ്പുകളേറ്റ് തളർന്ന് രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിച്ചു.
Image: AFP
പരാജയത്തിന്റെ ആ അഗാധ ഗർത്തത്തിൽ നിന്ന് തിരിച്ചു വന്നാണ് തന്റെ കളി ജീവിതത്തിന്റെ അവസാന ലാപ്പിൽ നഷ്ടപ്പെട്ടതെല്ലാം മെസ്സി വെട്ടിപ്പിടിച്ചത്. 2021ൽ കോപ്പ, 2022ൽ ഖത്തറിൽ ലോകം ജയിച്ച് തന്റെ അവസാന കൊടുമുടിയും കീഴടക്കി കാൽപന്തുകളിയുടെ എക്കാലത്തെയും ഇതിഹാസപ്പട്ടം മെസ്സി അണിഞ്ഞു. അങ്ങനെ മുത്തശ്ശി കഥകളിൽ മാത്രം കേട്ടിട്ടുള്ള ഒരു ഇതിഹാസ ചരിതം 2022 ഡിസംബർ പതിനെട്ടിന് പൂർണ്ണത കൈവരിച്ചു.
Image: AFP
പക്ഷേ ഒരിക്കലും വറ്റാത്ത വിജയ ദാഹിയാണ് മെസ്സി. ഖത്തറിൽ സമ്പൂർണമാക്കിയ കളി ജീവിതത്തിൽ കൂടുതൽ നിറച്ചാർത്തുകൾക്കായി അയാൾ ഇടംകാൽ നൃത്തം തുടരുകയാണ്. അടുത്ത വർഷം അമേരിക്കൻ മണ്ണിൽ നടക്കുന്ന വിശ്വകിരീടം കൂടി തന്റെ ദൃഷ്ടിയിൽ ഉറപ്പിച്ച്. മുപ്പത്തി എട്ടാം വയസ്സിൽ കാലുകൾക്ക് പഴയ വേഗതയില്ല. പക്ഷേ ഇപ്പോഴും, മൂന്നും നാലും പേർ ചേർന്ന് അടച്ച പ്രതിരോധ പൂട്ടുകൾ തുറക്കാൻ നൊടിയിടയിൽ മാറിമറിയുന്ന ഒരൊറ്റ പദചലനം മതി. മറ്റാർക്കും കാണാനാകാത്ത വിടവുകളിലൂടെ പ്രവഹിക്കുന്ന പാസുകളിൽ പുകൾപെറ്റ ഏത് പ്രതിരോധവും അസ്ത്രപ്രജ്ഞരാവും. ഗോൾമുഖത്ത് കിട്ടുന്ന ഏത് അര്‍ധാവസരത്തിലും ഗോൾവലഭേദിക്കാനുള്ള പ്രഹരശേഷി ബാക്കിയുണ്ട് ആ ഇടം കാലിൽ. അതിനാൽ കാത്തിരിക്കുന്നു ലിയോണൽ മെസ്സിയുടെ അവസാന ഇടം കാൽ നൃത്തത്തിന്, അടുത്ത വർഷം അങ്ങ് അമേരിക്കയിൽ. ഇതിഹാസമേ ഒരായിരം പിറന്നാൾ വാഴ്ത്തുക്കൾ