ഖത്തറിൽ നടത്താൻ നിശ്ചയിച്ചിരുന്ന സ്പെയിൻ–അർജന്‍റീന ഫൈനലിസിമ മല്‍സരം റദ്ദാക്കി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഖത്തില്‍ നിന്ന് വേദിമാറ്റാന്‍ തീരുമാനിച്ചെങ്കിലും പകരം വേദിയില്‍ ധാരണയിലെത്താനായില്ല. ലയണൽ മെസിയും ലമീൻ യമാലും നേർക്കുനേർ ഏറ്റുമുട്ടുന്നത് കാണാനുള്ള അവസരമാണ് ഇതോടെ ആരാധകർക്ക് നഷ്ടമായത്. 

അര്‍ജന്‍റീന ലോകകിരീടം ഉയര്‍ത്തിയ ഖത്തറിലെ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ഈ മാസം 27നാണ്  വന്‍കരയുടെ രാജാക്കന്‍മാര്‍ നേര്‍ക്കുനേരെത്തുന്ന പോരാട്ടം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഖത്തറിലെ സംഘാടകരുമായി ചർച്ചകൾ നടത്തിയെന്നും മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം കാരണം മത്സരം നടത്താൻ കഴിയില്ലെന്നും യുവേഫ പറഞ്ഞു.

 മല്‍സരം നടത്തുന്നതിനായി പ്രായോഗികമായ മറ്റ് വഴികൾ തേടിയിരുന്നെങ്കിലും അർജന്‍റീനിയൻ ഫുട്ബോൾ അസോസിയേഷന് അവയൊന്നും സ്വീകാര്യമല്ലായിരുന്നു എന്നും യുവേഫ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. റയല്‍ മഡ്രിഡ് ഹോം ഗ്രൗണ്ടായ സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ മല്‍സരം നടത്താമെന്നും ഇരുടീമിന്റെയും ആരാധകര്‍ക്കായി ടിക്കറ്റ് വീതിച്ചുനല്‍കാമെന്നും യുവേഫ അറിയിച്ചിരുന്നു. 

രണ്ട് പാദങ്ങളായി മല്‍സരം നടത്തുക എന്നതായിരുന്നു രണ്ടാമത്തെ നിർദേശം. ആദ്യപാദം മാർച്ച് 27ന് ബെർണബ്യൂവിലും, രണ്ടാം പാദം അടുത്ത യൂറോ, കോപ്പ അമേരിക്ക ടൂർണമെന്‍റുകൾക്ക് മുമ്പുള്ള ഒരു അന്താരാഷ്ട്ര ഇടവേളയിൽ ബ്യൂനസ് ഐറിസിലും നടത്താമെന്നും അറിയിച്ചു. എന്നാൽ, ഈ രണ്ട് നിർദേശങ്ങളും അര്‍ജന്‍റീന തള്ളിയതോടെ മല്‍സരം ഉപേക്ഷിച്ചു

ENGLISH SUMMARY:

The Finalissima match between Spain and Argentina, originally scheduled for Qatar, has been cancelled. This cancellation means fans will miss out on the chance to see Lionel Messi and Lamine Yamal face off, with venue change discussions failing to reach an agreement.