ഉസ്ബക്കിസ്ഥാനെതിരായ തകർപ്പൻ ജയത്തോടെ വിമർശകരുടെ വായടപ്പിച്ചെങ്കിലും, ലയണൽ മെസ്സിയെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാൻ വിസമ്മതിച്ച് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഗ്രൂപ്പ് കെ-യിലെ രണ്ടാം മത്സരത്തിൽ പോർച്ചുഗൽ 5-0 ന് ഉസ്ബക്കിസ്ഥാനെ തകർത്തിരുന്നു. എന്നാല്‍ മത്സരത്തിൽ ഇരട്ട ഗോൾ നേടിയ റൊണാൾഡോ, മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മെസ്സിയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് മനഃപൂർവ്വം ഒഴിഞ്ഞുമാറിയത്.
മെസ്സിയുമായുള്ള താരതമ്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് റൊണാൾഡോ കേട്ട ഭാവം പോലും നടിച്ചില്ല. ഒരു മാധ്യമപ്രവർത്തകൻ ചോദ്യം ചോദിച്ചു തുടങ്ങുന്നതിനിടയിൽ മെസ്സിയുടെ പേര് പരാമർശിച്ചതോടെ തന്നെ റൊണാൾഡോ മുഖം തിരിക്കുകയായിരുന്നു. ‘ഇന്നലെ ലയണൽ മെസ്സി രണ്ട് ഗോളുകൾ നേടി, എംബാപ്പെ...’ ചോദ്യം അത്രയുമെത്തിയപ്പോള്‍ തന്നെ റൊണാള്‍ഡോ മുഖം തിരിച്ചു. പിന്നീട് മറ്റൊരു റിപ്പോർട്ടറെ നോക്കി, ‘ശരി, ഇനി അടുത്ത ആൾ ചോദിക്കൂ’ എന്ന് നിര്‍ദേശിച്ചു. ഈ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ ഇതിനകം വൈറലായിട്ടുണ്ട്.
‘ഒരു ചോദ്യം ചോദിക്കട്ടെ’ എന്ന് മറ്റൊരു റിപ്പോര്‍ട്ടറുടെ അഭ്യര്‍ഥന കേട്ട റൊണാള്‍ഡോ, ‘ചോദിച്ചോളൂ, പക്ഷേ ഉത്തരം ചോദ്യത്തെ ആശ്രയിച്ചിരിക്കും’ എന്ന് മറുപടി നല്‍കി. ടൂർണമെന്‍റിന്‍റെ അടുത്ത ഘട്ടത്തിൽ മെസ്സിയുടെ അർജന്‍റീനയുമായി ഏറ്റുമുട്ടുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ‘ഇതിന് എങ്ങനെ ഉത്തരം നൽകണമെന്ന് എനിക്കറിയില്ല. വലിയ അർഥമില്ലാത്ത ചോദ്യമാണത്. എങ്കിലും അങ്ങനെ സംഭവിച്ചാൽ അത് അതിഗംഭീരമായിരിക്കും’ എന്നായിരുന്നു പ്രതികരണം. എന്നാല്‍ വീണ്ടും മെസ്സിയെക്കുറിച്ച് ചോദ്യം ഉയർന്നത് താരത്തെ അസ്വസ്ഥനാക്കുകയും ചെയ്തു.
ഒരു ആഴ്ച തനിക്ക് വളരെ ‘ഇരുണ്ടതായിരുന്നു’ എന്ന് റൊണാൾഡോ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഫുട്ബോളിൽ നിന്ന് താൻ വിരമിച്ചതുപോലെയാണ് പലരും പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു. ആദ്യ മത്സരത്തിൽ കോംഗോയ്‌ക്കെതിരെ പോർച്ചുഗൽ സമനില വഴങ്ങിയപ്പോൾ ഗോൾ നേടാനാകാതിരുന്നതിനെ തുടർന്ന് കടുത്ത വിമർശനങ്ങളാണ് താരം നേരിട്ടത്. എന്നാൽ രണ്ടാം മത്സരത്തിൽ രണ്ട് ഗോളുകൾ നേടി താരം ശക്തമായി തിരിച്ചുവരികയായിരുന്നു.
അതേസമയം, 2026 ഫിഫ ലോകകപ്പിൽ നിലവിൽ രണ്ട് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകളുമായി മെസ്സി ഗോൾവേട്ടയിൽ വളരെ മുന്നിലാണ്. ആദ്യ മത്സരത്തിൽ ഗോൾ നേടാനാകാതിരുന്ന റൊണാൾഡോ രണ്ടാം മത്സരത്തിലാണ് ഇരട്ട ഗോൾ നേടിയത്. നിലവിൽ മെസ്സിയുടെ അർജന്‍റീന നോക്കൗട്ടിലേക്ക് യോഗ്യത നേടിക്കഴിഞ്ഞു. എന്നാൽ ഉസ്ബക്കിസ്ഥാനെതിരെ വലിയ വിജയം നേടിയെങ്കിലും പോർച്ചുഗലിന് രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റാണുള്ളത്. പോർച്ചുഗലിന് ഇനിയും നോക്കൗട്ട് ഉറപ്പിക്കാനായിട്ടില്ല.