Image Credit: AP, AFP, X

  • 'സ്പെയിന്‍ ഒന്നോ രണ്ടോ ഗോളുകള്‍ ആദ്യം നേടിയാല്‍ അര്‍ജന്‍റീനയ്ക്ക് പിന്നെ കളിയിലേക്കൊരു തിരിച്ചുവരവുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. പൊസഷന്‍ സ്പെയിനാകുമെന്നതാണ് വാസ്തവം'

ലോകകപ്പ് ഫൈനലില്‍ അര്‍ജന്‍റീനയെ സ്പെയിന്‍ തകര്‍ക്കുമെന്ന് ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡോ. പുഷ്പം പോലെ സ്പെയിന്‍ ജയിക്കുമെന്നാണ് റൊണാള്‍ഡോ പറയുന്നത്. കഴി‍ഞ്ഞ 37 മല്‍സരങ്ങളില്‍ തോല്‍വിയറിയാതെയാണ് സ്പെയിന്‍ ഫൈനലോളം എത്തിയതെന്നാണ് താരം ചൂണ്ടിക്കാട്ടുന്നത്. 'സ്പെയിന്‍ അനായാസം ജയിക്കുമെന്നാണ് എനിക്ക് തോന്നുന്നത്'- ഫൈനലിന് മുന്നോടിയായി ഇഎസ്പിഎന്‍ ബ്രസീലിന് നല്‍കിയ അഭിമുഖത്തില്‍ റൊണാള്‍ഡോ പറഞ്ഞു.

ടൂര്‍ണമെന്‍റിലുടനീളം അര്‍ജന്‍റീനയും സ്പെയിനും തന്‍റെ പ്രിയപ്പെട്ട ടീമുകളായിരുന്നുവെന്നും മുന്‍ ബ്രസീല്‍ സ്ട്രൈക്കര്‍ പറഞ്ഞു. സെമിയില്‍ ഫ്രാന്‍സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് സ്പെയിന്‍ ഫൈനലില്‍ കടന്നത്. പൊസഷനിലെ സമഗ്രാധിപത്യമാണ് സ്പെയിന്‍റെ മേല്‍ക്കൈയെന്നും കളിയുടെ വിധി തീരുമാനിക്കാന്‍ സ്പെയിന് മറ്റാരെക്കാളും കഴിവുണ്ടെന്നും റൊണാള്‍ഡോ വിലയിരുത്തുന്നു. 'സ്പെയിന്‍ ഒന്നോ രണ്ടോ ഗോളുകള്‍ ആദ്യം നേടിയാല്‍ അര്‍ജന്‍റീനയ്ക്ക് പിന്നെ കളിയിലേക്കൊരു തിരിച്ചുവരവുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. പൊസഷന്‍ സ്പെയിനാകുമെന്നതാണ് വാസ്തവം'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടൂര്‍ണമെന്‍റിലെ ഒരു ഘട്ടത്തിലും സ്പെയിന്‍ പിന്നിലായിട്ടില്ലെന്നതും രണ്ടാം കിരീടമെന്ന മോഹത്തിന് മാറ്റ് കൂട്ടുന്നു. 2010 ലാണ് സ്പെയിന്‍ മുന്‍പ് കിരീടം ചൂടിയത്. അതേസമയം, ദേശീയടീമിനായി നീലക്കുപ്പായത്തില്‍ മെസി അവസാനമായി ഇറങ്ങുമ്പോള്‍ കിരീടത്തില്‍ കുറഞ്ഞൊന്നും അര്‍ജന്‍റീന നല്‍കാന്‍ ആഗ്രഹിക്കുന്നില്ല. ജയിച്ചാല്‍ അര്‍ജന്‍റീനയുടെ നാലാം ലോകകപ്പ് കിരീടമാകുമിത്. അസാധാരണമായ യാത്രയായിരുന്നു ഈ ലോകകപ്പില്‍ അര്‍ജന്‍റീനയുടേതെന്ന് റൊണാള്‍ഡോ ചൂണ്ടിക്കാട്ടുന്നു. ‌‌

1994 ല്‍ ലോകകപ്പ് നേടിയ ബ്രസീല്‍ ടീമില്‍ അംഗമായിരുന്നു റൊണാള്‍ഡോ. 98 ല്‍ ബ്രസീലിനെ ലോകകപ്പ് ഫൈനലിലും എത്തിച്ചു. ആ ലോകകപ്പില്‍ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോളുമായാണ് റൊണാള്‍ഡോ മടങ്ങിയത്. മുട്ടിന് പരുക്കേറ്റ് കളിക്കളത്തിന് പുറത്തിരിക്കേണ്ടി വന്ന റൊണാള്‍ഡോ എട്ടുഗോളുകളുമായാണ് 2002 ലെ ലോകകപ്പില്‍ മടങ്ങിയെത്തിയത്. ‌19 ലോകകപ്പ് മല്‍സരങ്ങളില്‍ നിന്നായി 15 ഗോളുകളും രണ്ട് കിരീടങ്ങളുമാണ് റൊണാള്‍ഡോ നേടിയിട്ടുള്ളത്. 

ENGLISH SUMMARY:

Football legend Ronaldo Nazário predicted that Spain will easily defeat Argentina in the World Cup final, highlighting Spain's impressive 37-match unbeaten streak heading into the clash. Speaking to ESPN Brazil, the former Brazilian striker noted that if Spain scores one or two early goals, Argentina will find it nearly impossible to make a comeback against their dominant possession-based playstyle. While acknowledging that both sides were his favorite teams throughout the tournament, Ronaldo believes Spain's tactical superiority gives them the edge to claim their second World Cup title. Meanwhile, Argentina enters the final highly motivated to win a historic fourth World Cup trophy in what is expected to be Lionel Messi's final international match.