ഓസ്ട്രേലിയ–ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ഇന്ന് ലോഡ്സില്‍ തുടങ്ങും. തുടർച്ചയായി രണ്ടാം കിരീടം നേടാനുള്ള തയാറെടുപ്പിലാണ് ഓസ്ട്രേലിയ. നിലവിലെ ജേതാക്കളായ ഓസ്ട്രേലിയയെ അട്ടിമറിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക. ലോകോത്തര ബോളര്‍മാറുടെ തീപാറുന്ന പോരാട്ടത്തിനാകും ലോഡ്സ് വേദിയാകുക. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്ന് മണിക്ക് മല്‍സരം തുടങ്ങും.
ലോകത്തെ ബാറ്റര്‍മാരെ വിറപ്പിക്കുന്ന പേസ് പടയാണ് ഓസ്ട്രേലിയയുടെയും ദക്ഷിണാഫ്രിക്കയുടേതും. എന്നാല്‍ ലോര്‍ഡ്സില്‍ മല്‍സരഗതി നിശ്ചയിക്കുക സ്പിന്നര്‍മാരായിരിക്കും. ചൂടുകാലമായതിനാല്‍ പേസര്‍മാര്‍ക്ക് പ്രതീക്ഷിച്ച വേഗവും സ്വിങ്ങും ലഭിക്കുകയില്ല. എങ്കിലും മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പിച്ചിന്റെ സ്വഭാവത്തില്‍ മാറ്റം വന്നേക്കാം. പാറ്റ് കമ്മിന്‍സും ജോഷ് ഹെയ്സല്‍വുഡും ഓസീസിനായും കഗിസോ റബാദയും ലുങ്കി എൻഗിടിയും ദക്ഷിണാഫ്രിക്കക്കായും പേസ് നിരയില്‍ അണിനിരക്കും.
മല്‍സരത്തിന്റെ മൂന്നാം ദിനം മുതല്‍ പിച്ച് കൂടുതല്‍ വരണ്ടതാകാനും അത് സ്പിന്നിനെ പിന്തുണയക്കുകയും ചെയ്യും. പിച്ച് കൂടുതല്‍ വരണ്ടതാകുമ്പോള്‍ എത്തുന്ന ഓസീസിന്റെ നേഥന്‍ ലിയോണും ദക്ഷിണാഫ്രിക്കയുടെ കേശവ് മഹാരാജും മല്‍സരഗതി മാറ്റിമറിക്കും. ഇംഗ്ലണ്ടില്‍ ഏഴ് ടെസ്റ്റില്‍ നിന്ന് 21 വിക്കറ്റ് വീഴ്ത്തിയ മഹാരാജിന്റെ സ്പിന്നാണോ 16മല്‍സരങ്ങളില്‍ നിന്ന് 59 വിക്കറ്റെടുത്ത ലിയോണിന്റെ സ്പിന്നാണോ കൂടുതല്‍ ഫലപ്രദമെന്ന് കാത്തിരുന്നത് കാണാം. ലോഡ്സില്‍ 40 ടെസ്റ്റ് കളിച്ച ഓസ്ട്രേലിയ്ക്ക് 18 എണ്ണം ജയിക്കാനായി. ലോഡ്സില്‍ ദക്ഷിണാഫ്രിക്കയുടെസ്ഥിതി മറിച്ചാണ്. 18മല്‍സരം കളിച്ചതില്‍ ആറെണ്ണമാണ് ജയിച്ചത് തോറ്റത് എട്ടെണ്ണത്തിലും.