ജന്‍മനാടായ ഡല്‍ഹി കയ്യൊഴിഞ്ഞ കൗമാരക്കാരന്‍, ബെംഗളൂരുവില്‍, ഇതിഹാസമായി വളര്‍ന്ന് ഒടുക്കം കിരീടവും സമ്മാനിച്ചു. ഐപിഎലില്‍ ആദ്യസീസണ്‍ മുതല്‍ ഒരു ടീമിനായി മാത്രം കളിച്ചിട്ടുള്ള ഏകതാരമായ വിരാട് കോലിക്ക് ഇത് മധുരപതിനെട്ട്.
2008ലെ പ്രഥമ ഐപിഎൽ താരലേലം. അതേവര്‍ഷം അണ്ടർ 19 ലോകകിരീടം നേടിയ ഇന്ത്യൻ ടീമംഗങ്ങളെ ലേലത്തിൽ ഉൾപ്പെടുത്താൻ തീരുമാനിക്കുന്നു. നേരിട്ട് ലേലം നടത്താതെ ഓരോ ടീമിനും ഇഷ്ടമുള്ള താരത്തെ ടീമിലെടുക്കാന്‍ അവസരം. U 19 ടീം ക്യാപ്റ്റനായ വിരാട് കോലിയെന്ന ഡൽഹിക്കാരൻ പയ്യനെ ഡൽഹി ഡെയർ ഡെവിൾസ് സ്വന്തമാക്കുമെന്ന് എല്ലാവരും കരുതി. എന്നാൽ ടീമിൽ ആവശ്യത്തിനു ബാറ്റർമാരുണ്ടെന്ന കാരണത്താല്‍ പേസ് ബോളര്‍ പ്രദീപ് സാങ്‌വാനെ ഡല്‍ഹി ടീമിലെത്തിച്ചു. ഡൽഹി തഴഞ്ഞ കോലിയെ തേടി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവെത്തി. ആദ്യമൂന്നുവര്‍ഷം കാര്യമായ ചലനമുണ്ടാക്കാന്‍ കോലിക്ക് കഴിഞ്ഞില്ലെങ്കിലും 2011ൽ ടീം പൂർണമായും പൊളിച്ചെഴുതിയപ്പോൾ കോലിയെ മാത്രം ബെംഗളൂരു നിലനിർത്തി. 2013ൽ നായകസ്ഥാനം സമ്മാനിച്ചു. അപ്പോഴേക്കും രാജ്യാന്തര ക്രിക്കറ്റിലെ സൂപ്പർ താരമായി മാറിയിരുന്നു കോലി. തുടര്‍ച്ചയായ ഒന്‍പത് വര്‍ഷം ടീമിനെ നയിച്ചു. മൂന്ന് ഫൈനലുകള്‍ മൂന്നിലും തോല്‍വി.