Image: Reuters
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ നട്ടെല്ലായി തുടരാന്‍ ബ്രൂണോ ഫെര്‍ണാണ്ടസ് വേണോ ? അതോ ബ്രൂണോയെ വിറ്റുകിട്ടുന്ന പണം വേണോ? കുറച്ചുകാലമായി ആരാധകരെ തൃപ്തിപ്പെടുത്താന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാനേജ്മെന്റ് ഉപയോഗിക്കുന്ന വാക്കാണ് സ്ക്വാഡ് റീബിള്‍ഡ്. ടീമിനെ ഉടച്ചുവാര്‍ക്കാന്‍ പണംവേണം. യൂറോപ്യന്‍ യോഗ്യത നേടാതെപോയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സീസണ്‍ പൂര്‍ത്തിയായി ദിവസങ്ങള്‍ക്കം ഏഷ്യന്‍ ടൂര്‍ ആരംഭിച്ചിരുന്നു. പണം തന്നെയാണ് ഈ ഏഷ്യന്‍ പര്യടനത്തിന്റെയും ലക്ഷ്യം.
Image: Reuters
തുടര്‍ച്ചയായി രണ്ടാം സീസണിലും ചാംപ്യന്‍സ് ലീഗ് യോഗ്യത നേടാന്‍ കഴിയാത്തതിനാല്‍ കിറ്റ് സ്പോണ്‍സര്‍മാരായ അഡിഡാസിന് കരാര്‍ പ്രകാരം യുണൈറ്റഡ് അങ്ങോട്ട് തുക നല്‍കേണ്ടതുണ്ട്. ഇതിനുള്ള പണം കൂടി കണ്ടെത്താനാണ് ഏഷ്യന്‍ പര്യടനമെന്നാണ് സൂചന. 10 മില്യണ്‍ ഡോളറാണ് ഏഷ്യന്‍ പര്യടനത്തിലൂടെ യൂണൈറ്റഡിലേക്ക് എത്തുന്നത്. യുണൈറ്റഡ് 15ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ദുരന്തസീസണില്‍ 19 ഗോളുമായി ടോപ് സ്കോററായിരുന്നു പോര്‍ച്ചുഗീസ് പ്ലേമേക്കറായ ബ്രൂണോ. യുണൈറ്റഡ് നിരയില്‍ ഏറ്റവുമധികം പ്രതിഫലംപറ്റുന്ന താരവും ബ്രൂണോയാണ്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് ബ്രൂണോ ഫെര്‍ണാണ്ടസ് യുണൈറ്റഡുമായി കരാര്‍ പുതുക്കിയത്. 2027വരെയാണ് പുതിയ കരാര്‍. ആവശ്യമെങ്കില്‍ ഒരു വര്‍ഷത്തേക്കുകൂടി കരാര്‍ നീട്ടാമെന്ന വ്യവസ്ഥയുമുണ്ട്. 2020ല്‍ പോര്‍ച്ചുഗല്‍ ക്ലബ് സ്പോര്‍ട്ടിങ് ലിസ്ബണില്‍ നിന്ന് 428 കോടി രൂപയ്ക്കാണ് ബ്രൂണോ ഫെർണാണ്ടസിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമിലെത്തിച്ചത്.
Image: Reuters
ക്ലബ് ലോകകപ്പ് ലക്ഷ്യമിട്ടാണ് സൗദി അറേബ്യന്‍ ക്ലബും ഏഷ്യന്‍ ചാംപ്യന്‍മാരുമായ അല്‍ ഹിലാല്‍ ടീമിന്റെ കരുത്തുകൂട്ടുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ റയല്‍ മഡ്രിഡ്, റെഡ് ബുള്‍ സാല്‍സ്ബര്‍ഗ് എന്നീ ടീമുകള്‍ളെയാണ് അല്‍ ഹിലാലിന് നേരിടേണ്ടത്. റിയാദിലെത്തിയാണ് ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഏജന്റ് അല്‍ ഹിലാലുമായി ചര്‍ച്ച നടത്തിയത്. 200 മില്യണ്‍ യൂറോയുടെ ഡീലാണ് ബ്രൂണോയ്ക്ക് മുന്നില്‍ അല്‍ ഹിലാല്‍ നീട്ടിവച്ചിരിക്കുന്നതെന്നാണ് സൂചന. അല്‍ ഹിലാലിന്റെ റഡാറില്‍ ലിവര്‍പൂള്‍ താരങ്ങളായ ലൂയിസ് ഡിയാസും ഡാര്‍വിന്‍ ന്യൂനിയസുമുണ്ട്.