ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പിച്ച് ബ്രൈട്ടന്‍. ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് ബ്രൈട്ടന്റെ വിജയം. 34ാം മിനിറ്റില്‍ എര്‍ലിങ് ഹാളന്റിന്റെ ഗോളില്‍ സിറ്റിയാണ് മുന്നിലെത്തിയത്. രണ്ടാം പകുതിയിലായിരുന്നു ബ്രൈട്ടന്റെ തിരിച്ചുവരവ്. പെനല്‍റ്റിയിലൂടെ മുന്‍ ലിവര്‍പൂള്‍ താരം െജയിംസ് മില്‍നര്‍ ബ്രൈട്ടനെ ഒപ്പമെത്തിച്ചു. 89ാം മിനിറ്റില്‍ ബ്രയാന്‍ ഗ്രൂഡയാണ് ബ്രൈട്ടന്റെ വിജയഗോള്‍ നേടിയത്. ഇരുവരും പകരക്കാരായാണ് കളത്തിലിറങ്ങിയത്.
ആദ്യപകുതിയില്‍ ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ സിറ്റിക്കായില്ല. ആദ്യ 45 മിനിറ്റില്‍ ഗ്വാര്‍ഡിയോളയുടെ ടീമിന് സമ്പൂര്‍ണ ആധിപത്യമായിരുന്നെങ്കില്‍ രണ്ടാം പകുതിയില്‍ ബ്രൈട്ടന്‍ ഗംഭീര തിരിച്ചുവരവോടെ ജയിച്ചുകയറി. ഹാളന്റിന്റെ ഗോളിന് ശേഷം ലക്ഷ്യത്തിലേക്ക് ഒരു ഷോട്ടെടുക്കാന്‍ പോലും ഏറെനേരം സിറ്റിക്കായില്ല. മാഞ്ചസ്റ്റര്‍ സിറ്റിയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ്.
കഴിഞ്ഞ ആഴ്ച്ച ടോട്ടനം ഹോട്സ്പര്‍ സിറ്റിയെ 2–0ന് പരാജയപ്പെടുത്തിയിരുന്നു. സിറ്റി പ്രതിരോധതാരം മത്തെയസ് ന്യൂനസിന്റെ കയ്യില്‍ പന്ത് തട്ടിയതിനാണ് ബ്രൈട്ടന് അനുകൂലമായി പെനല്‍റ്റി വിധിച്ചത്. 39കാരനായ മില്‍നര്‍ പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ചു. ലിവര്‍പൂളില്‍ സഹതാരമായിരുന്നു ഡീഗോ ജോട്ടയുടെ ഗോളാഘോഷം അനുകരിച്ചാണ് മില്‍നര്‍ ബ്രൈട്ടനെ ഒപ്പമെത്തിച്ചത്.