ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസര്‍ വിടുന്നെന്ന സൂചന ശക്തമായതോടെ ഇനി ചേക്കേറാന്‍ പോകുന്ന ക്ലബ് ഏതായിരിക്കും എന്നാണ് ഫുട്ബോള്‍ ലോകത്തെ ചര്‍ച്ച. ക്ലബ് ലോകകപ്പില്‍ കളിക്കണമെങ്കില്‍ വരുന്ന ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ സി.ആര്‍.സെവനെ ഏതെങ്കിലുമൊരു ക്ലബ് സ്വന്തമാക്കണം.
സൗദി പ്രോ ലീഗില്‍ മൂന്നാം സ്ഥാനത്ത് അല്‍ നസര്‍ ഫിനിഷ് ചെയ്തതിന് പിന്നാലെയായിരുന്നു താരത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. അടുത്ത മാസം അല്‍ നസറുമായുള്ള കരാര്‍ അവസാനിക്കാനിക്കും. സൗദി വിട്ട് ഫുട്ബോളിന്റെ രാജാവ് ഇനി എങ്ങോട്ട് ചേക്കേറുമെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ക്ലബ് ലോകകപ്പിന് യോഗ്യത നേടിയ 32 ടീമുകളില്‍ ഏതെങ്കിലും റോണോയെ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ സ്വന്തമാക്കിയാല്‍ ക്ലബ് ലോകകപ്പില്‍ താരത്തിന് പന്തുതട്ടാം. ജൂണ്‍ 1 മുതല്‍ 10 വരെയാണ് പ്രത്യേക ട്രാന്‍സ്ഫര്‍ വിന്‍ഡോ. താരത്തെ സ്വന്തമാക്കാന്‍ തയ്യാറെടുക്കുന്ന ക്ലബുകളില്‍ ബ്രസീലിയന്‍ ക്ലബ് ബൊട്ടഫോഗോയും മൊറോക്കന്‍ ക്ലബ് വദാദ് കസബ്ലാങ്ക വരെയുണ്ടെന്നാണ് സൂചന. അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറിലേക്ക് ക്രിസ്റ്റ്യാനോ ചേക്കേറിയാല്‍ എല്‍ ക്ലാസിക്കോ കാലം തിരിച്ചെത്തുമെന്നും പ്രതീക്ഷിക്കുന്നവരുണ്ട്. അല്‍നസറിന്റെ ബദ്ധവൈരികളായ അല്‍ ഹിലാലിന്റെ പാളയത്തിലേക്ക് ക്രിസ്റ്റ്യാനോ എത്താനുള്ള സാധ്യതയുമുണ്ട്.
അതേ സമയം, ക്ലബ് ലോകകപ്പിനായി മാത്രം ചുരുങ്ങിയ കാലത്തേക്ക് ഒരു ക്ലബിനായി താരം കളിച്ചേക്കുമെന്നും പ്രവചനങ്ങളുണ്ട്. തന്റെ ആദ്യ ക്ലബായ സ്പോട്ടിങ് ലിസ്ബണിലേക്ക് റോണോ മടങ്ങാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ക്ലബ് ലോകകപ്പ് തുടങ്ങുന്ന ജൂണ്‍ 15ന് മുന്‍പേ സസ്പെന്‍സുകള്‍ക്ക് അന്ത്യമാകുമെന്ന് പ്രതീക്ഷിക്കാം..