‘‘കിരീടത്തിനായുള്ള നിങ്ങളുടെ കാത്തിരിപ്പവസാനിപ്പിക്കാന്‍ കിഴക്കുനിന്ന് ഒരു രക്ഷകന്‍ വരും. ജന്‍മനാട്ടില്‍ നിന്ന് പലായനം ചെയ്ത അവന്റെ കുട്ടിക്കാലം അഭയാര്‍ഥികള്‍ക്കൊപ്പമായിരിക്കും. ജീവിതത്തില്‍ പൊരുതിജയിക്കാന്‍ പഠിച്ചവന്‍ നിങ്ങളെ യൂറോപ്പിന്റെ രാജാക്കന്‍മാരാക്കും....’’
സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് ഒരു മാലാഖയും ടോട്ടനം ഹോട്സ്പര്‍ ആരാധകരോട് ഇങ്ങനെ പറഞ്ഞിട്ടില്ല. എങ്കിലും കിരീടമില്ലാത്ത ക്ലബ് എന്ന പരിഹാസം ഏറ്റുവാങ്ങിയ കാലത്തൊക്കെ ഇങ്ങനെയൊരു പ്രവചനമുണ്ടായിരുന്നെങ്കിലെന്ന് അവര്‍ പ്രതീക്ഷിച്ചുകാണണം. നോര്‍ത്ത് ലണ്ടനിലെ എവേ സ്റ്റാന്‍ഡില്‍ നിന്ന് ഉയര്‍ന്നുകേട്ട പരിഹാസങ്ങള്‍ക്ക് അവസാനമിട്ട് പൊടിപിടിച്ചുകിടന്ന ടോട്ടനം ഹോട്സ്പറിന്റെ ട്രോഫി ക്യാബിനറ്റ് ഇന്നലെയവര്‍ മിനുക്കിയെടുത്തു. 40 വര്‍ഷത്തെ യൂറോപ്യന്‍ കിരീടദാരിദ്രം അവസാനിപ്പിച്ച്, അഭയാര്‍ഥി ക്യാംപില്‍ വളര്‍ന്ന ആഞ്ചെ പോസ്റ്റകോഗ്ലൂ ടോട്ടനം ഹോട്സ്പറിനെ യൂറോപ്പ ലീഗ് ചാംപ്യന്‍മാരാക്കിയതോടെ ഇനിയവര്‍ കിരീടമില്ലാത്ത ക്ലബ് അല്ല.
1967ല്‍ ഗ്രീസില്‍ പട്ടാള അട്ടിമറിക്കാലത്താണ് പോസ്റ്റകോഗ്ലൂ കുടുംബം നിലതെറ്റി വീണത്. അച്ഛന്റെ ബിസിനസ് തകര്‍ന്നതോടെ ഗ്രീസില്‍ നിന്ന് പലായനമല്ലാതെ മറ്റുവഴികളില്ലാതായി. അഞ്ചുവയസുകാരന്‍ ആഞ്ചെ ഉള്‍പ്പെടുന്ന അഭയാര്‍ഥി കുടുംബം ബോട്ടില്‍ കടല്‍കടന്ന് ഓസ്ട്രേലിയയില്‍ എത്തി. മെല്‍ബണിലെ അഭയാര്‍ഥി ക്യാംപില്‍ ജീവിതം. ഏതന്‍സില്‍ ബിസിനസ് ചെയ്തിരുന്ന ആഞ്ചെയുടെ പിതാവ് ഓസ്ട്രേലിയയില്‍ നിര്‍മാണമേഖലയിലെ തൊഴിലാളിയായി. രണ്ടും മൂന്നും ഷിഫ്റ്റുകളില്‍ ജോലി ചെയ്ത് കുടുംബം നോക്കിയിരുന്ന പിതാവിനെ കാണാന്‍ കുഞ്ഞ് ആഞ്ചെയ്ക്ക് കഴിഞ്ഞിരുന്നത് ഞായറാഴ്ചകളില്‍ മാത്രം. അന്ന് അച്ഛന്റെ കൈപിടിച്ച്, ഗ്രീക്ക് അഭയാര്‍ഥികള്‍ ചേര്‍ന്ന് രൂപീകരിച്ച സൗത്ത് മെല്‍ബണ്‍ ഹെല്ലാസെന്ന ക്ലബിന്റെ മല്‍സരം കാണാന്‍പോകും. ഫുട്ബോളും കാണാം ഗ്രീക്കും സംസാരിക്കാം എന്നതായിരുന്നു അച്ഛന്‍ കണ്ട മെച്ചം. ഫുട്ബോള്‍ ആഞ്ചെയുടെ തലയ്ക്കുപിടിക്കാന്‍ അധികനാള്‍ വേണ്ടിവന്നില്ല. ഒന്‍പതാം വയസില്‍ ഇതേ ക്ലബിന്റെ യൂത്ത് ടീമില്‍ ചേര്‍ന്നു. ഒരു പതിറ്റാണ്ടുകാലം പ്രതിരോധതാരമായും പിന്നീട് പരിശീലകനായും മെല്‍ബണ്‍ ഹെല്ലാസില്‍. രണ്ടുവട്ടം ഹെല്ലാസ് ഓസ്ട്രേലിയന്‍ ചാംപ്യന്‍മാരായത് ആഞ്ചെ ഒരുക്കിയ തന്ത്രങ്ങളുടെ മികവില്‍.
പോസ്റ്റകോഗ്ലൂവിന്റെ പ്രിയപ്പെട്ട എതിരാളികള്‍
ബ്രണ്ടന്‍ മക്കല്ലം കണ്ണുംപൂട്ടി അടിച്ചുകളിക്കാന്‍ ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിച്ചതോടെ ബാസ്ബോളിന്റെ ക്രിക്കറ്റില്‍ പിറവികണ്ടു. ഇതേസമയം ടോട്ടനം ഹോട്സ്പറും പുതിയൊരു അറ്റാക്കിങ് രീതി പരീക്ഷിക്കുകയായിരുന്നു ആഞ്ചേബോള്‍. എതിരാളികളുടെ ഹാഫില്‍ സമ്മര്‍ദം നിലനിര്‍ത്തി ഗോളടിക്കുകയാണ് ആഞ്ചേബോളിന്റെ പ്രഥമലക്ഷ്യം.
ഹൈ ഡിഫന്‍സീവ് ലൈനായതിനാല്‍ പിഴവിനുള്ള സാധ്യത ഏറും. ആഞ്ചേബോള്‍ തന്ത്രം കൊണ്ട് ടോട്ടനം ഹോട്സ്പറിന് പ്രീമിയര്‍ ലീഗില്‍ പിടിച്ചുനില്‍ക്കാനായില്ല. എന്നാല്‍ തന്ത്രം മെച്ചപ്പെടുത്തി യൂറോപ്പ ലീഗില്‍ പരീക്ഷിച്ചതോടെ ഫലം കണ്ടുതുടങ്ങി. ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ 27.7 ശതമാനം മാത്രമായിരുന്നു ടോട്ടനം ഹോട്സ്പറിന്റെ പൊസഷന്‍. പന്ത് നിയന്ത്രിച്ചിട്ടും അവസരങ്ങള്‍ മുതലാക്കാന്‍ യുണൈറ്റഡിനാകാതെ പോയപ്പോള്‍ കിട്ടിയ അവസരം ഗോളാക്കി മാറ്റി ആഞ്ചേബോളിന്റെ പുതിയമുഖവുമായി ടോട്ടനം ചാംപ്യന്‍മാരായി.
പോസ്റ്റെക്കോസിന്റെ പ്രിയപ്പെട്ട എതിരാളികളാണ് യുണൈറ്റഡെന്നതും ധൈര്യത്തോടെ പരീക്ഷണം നടത്താന്‍ കാരണമായി. പോസ്റ്റകോഗ്ലുവിന് കീഴില്‍ ടോട്ടനം ഒരുമല്‍സരം പോലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ തോറ്റിട്ടില്ല. ഈ സീസണില്‍ കളിച്ച നാല് മല്‍സരങ്ങളിലും ജയം എന്നതാണ് ചുവന്ന ചെകുത്താന്‍മാര്‍ക്കെതിരായ റെക്കോര്‍ഡ്. ടോട്ടനം ഹോട്സ്പര്‍ പരിശീലകനായി എത്തിയ ആദ്യ സീസണില്‍ കാര്യമായ നേട്ടമൊന്നുമുണ്ടാക്കാന്‍ പോസ്റ്റകോഗ്ലൂവിന് കഴിഞ്ഞില്ല.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെയുള്ള ഉത്തരം രണ്ടാം സീസണില്‍ കിരീടം നേടുന്നതാണ് എന്റെ പതിവെന്നായിരുന്നു. പറഞ്ഞവാക്ക് തെറ്റിയില്ല. ബ്രിസ്ബേനിലും യോകോഹാമയിലും സെല്‍റ്റിക്കിലും രണ്ടാം സീസണില്‍ കിരീടം നേടിയതുപോലെ ടോട്ടനംഹോട്സപറിലും കിരീടമെത്തി.