ക്രിക്കറ്റില്‍ നിന്നും പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ ഇന്ത്യ. ഏഷ്യാ കപ്പ് ടൂര്‍ണമെന്റുകളില്‍ നിന്ന് പിന്‍മാറുന്നതായി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനെ വാക്കാല്‍ അറിയിച്ചു. പാക്കിസ്ഥാന്‍ ആഭ്യന്തരമന്ത്രിയായ മൊഹസിന്‍ നഖ്വിയാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാനെന്നതാണ് ബിസിസിഐയുടെ കടുത്തതീരുമാനത്തിന് പിന്നില്‍. പുരുഷ ഏഷ്യ കപ്പിന് ഇന്ത്യയാണ് വേദിയാകേണ്ടത്.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെതിരെ തുടങ്ങിയ പ്രത്യാക്രമണം ക്രിക്കറ്റിലേക്കും വ്യാപിപ്പിക്കുകയാണ് ഇന്ത്യ. ഒരു പാക്കിസ്ഥാന്‍ മന്ത്രി നേതൃത്വം വഹിക്കുന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ നടത്തുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കാനില്ലെന്നാണ് ബിസിസിഐ നിലപാട്. വനിതാ ഏമേര്‍ജിങ് ടീം ഏഷ്യ കപ്പില്‍ നിന്ന് പിന്‍മാറുന്നതായി ഇന്ത്യ വാക്കാല്‍ എസിസിയെ അറിയിച്ചു. ഇതോടെ സെപ്റ്റംബറില്‍ നടക്കുന്ന പുരുഷ ഏഷ്യ കപ്പിലെ ഇന്ത്യന്‍ പങ്കാളിത്തവും അനിശ്ചിതത്വത്തിലായി. അടുത്തമാസം ശ്രീലങ്കയിലാണ് വനിതാ ടൂര്‍ണമെന്റ് നിശ്ചയിച്ചിരിക്കുന്നത്. പുരുഷ ഏഷ്യ കപ്പില്‍ നിന്ന് ഇന്ത്യ പിന്‍മാറിയാല്‍ സ്പോണ്‍സര്‍മാര്‍ക്ക് വന്‍നഷ്ടമാകും. അടുത്ത എട്ടുവര്‍ഷത്തേക്ക് 170 മില്യണ്‍ അമേരിക്കന്‍ ഡോളറിനാണ് ഏഷ്യ കപ്പ് ടൂര്‍ണമെന്റുകളുടെ സംപ്രേഷണാവകാശം ഒരു ചാനല്‍ സ്വന്തമാക്കിയത്. ഏഷ്യയിലെ ക്രിക്കറ്റ് വികസനത്തിനായി 1983ലാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ രൂപീകരിച്ചത്. ജെയ് ഷാ ഐസിസി ചെയര്‍മാനായതോടെയാണ് പാക്കിസ്ഥാന്‍ മന്ത്രി എസിസിയുെട തലപ്പത്ത് എത്തിയത്. മൊഹസിന്‍ നഖ്വി ACC തലപ്പത്ത് ഇരിക്കുന്നിടത്തോളം കാലം ഏഷ്യാ കപ്പില്‍ ചാംപ്യന്‍സ് ട്രോഫി പോലെ ഒരു ഹൈബ്രിഡ് മോഡലിനും ഇന്ത്യ തയ്യാറാകില്ല.