ഹിറ്റ്മാൻ എന്ന വിളിപ്പേരു അയാള്‍ക്ക് വെറുതെയങ്ങ് വന്ന് ചേര്‍ന്നതല്ല. അലസൻ എന്ന് വിളിച്ചവർക്കും...ഫിറ്റ്നസിന്‍റെ പേരിൽ പരിഹസിച്ചവർക്കും ബാറ്റിലൂടെ രോഹിത് ശര്‍മയുടെ മറുപടി. ഒരു ഏകദിന ടൂർണമെന്‍റ് കിരീടത്തിനായുള്ള ഇന്ത്യയുടെ 12-വർഷത്തെ കാത്തിരിപ്പിന് കൂടിയാണ് ഇതോടെ വിരാമമാകുന്നത്. ഇന്ന് അയാൾ ഇന്ത്യയ്ക്ക് ലോകകിരീടവും ചാമ്പ്യൻസ് ട്രോഫിയും സമ്മാനിച്ച വീര നായകനാണ്.
അമിതവണ്ണമുള്ളയാളെന്നും മോശം ക്യാപ്റ്റനെന്നും പരിഹാസം. ഒടുവില്‍ ചാമ്പ്യൻസ് ട്രോഫി ഫൈനല്‍ എത്തി. അവിടെയും നിർഭാഗ്യത്തിന്‍റെ റെക്കോർഡ്. രാജ്യാന്തര ഏകദിനത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ തുടർച്ചയായി ടോസ് നഷ്ടമാകുന്ന ക്യാപ്റ്റന്‍. സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറഞ്ഞു. പക്ഷേ ഇത് ഹിറ്റ്മാനാണ്. പരിഹസിച്ചവർക്കുള്ള മറുപടി ഒരൊറ്റ ഇന്നിങ്സിലുടെ. ടൂർണമെന്റിലുടനീളം ഫോമില്ലായ്മയുടെ പേരിൽ പഴികേട്ട രോഹിത് ശർമയുടെ ഇന്നിങ്സാണ് ഫൈനലിൽ ഇന്ത്യക്ക് കരുത്തായത്.
കിവീസിനെതിരെ ഇന്ത്യയുടെ വിജയലക്ഷ്യം 252 റണ്‍സ്. ഒരു ഓവറിൽ വേണ്ടതു ശരാശരി 5 റൺസ്. പിച്ചിന്‍റെ സ്വഭാവം തിരിച്ചറിഞ്ഞ ക്യാപ്റ്റന്‍റെ മനസ്സിൽ കൃത്യമായ ഗെയിം പ്ലാനുണ്ടായിരുന്നു. പവർപ്ലേയിലൂടെ പരമാവധി സ്കോർ നേടാൻ ശ്രമിച്ച രോഹിത് ശര്‍മ ബിഗ് ഹിറ്റുകളിലൂടെ കിവീസ് പേസർമാരെ അടിച്ചു പരത്തി. 83 പന്തുകൾ നേരിട്ട ഹിറ്റ്മാന്‍ 76 റൺസ് നേടി അടിത്തറയിട്ടു. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 252 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 49 ഓവറിൽ ലക്ഷ്യം മറികടന്നു.
കളിക്കുന്ന മണ്ണും പന്തിന്‍റെ വേഗതയും ഹിറ്റ്മാന് ഒരിക്കലും പ്രശ്നമാകാറില്ല. തനിക്ക് നേരെ ഉയർന്നുവരുന്ന ഷോട്ട് ബോളുകളെ ലോകത്ത് മറ്റാർക്കും സാധിക്കാത്തത്ര അനായാസതയോടെ അയാള്‍ അതിർത്തികടത്തും. തുടര്‍ച്ചയായി രണ്ട് ഐ.സി.സി. കിരീടങ്ങള്‍ നേടുന്ന നായകൻമാരുടെ പട്ടികയിലേക്ക് അങ്ങനെ രോഹിത് ശർമയുടെ പേരും. മത്സരശേഷം വിരമിക്കല്‍ ചോദ്യങ്ങളുമായി എത്തിയ മാധ്യമപ്രവര്‍ത്തകരോട് എല്ലാ സംശയങ്ങളും കാറ്റിൽപ്പറത്തിയുള്ള രോഹിത്തിന്‍റെ മറുപടി ഇങ്ങനെയായിരുന്നു. ‘ഭാവിയിലേക്ക് തൽക്കാലം പദ്ധതികളൊന്നുമില്ല’, ഭാവി കാര്യങ്ങൾ ഭാവിയിൽ നടക്കും’. അതായത് താന്‍ ഇവിടെ തന്നെ ഉണ്ടാകുമെന്ന് ഹിറ്റ്മാന്‍ ഉറപ്പിച്ച് പറയുന്നു.
ക്രീസിൽ നിലയുറപ്പിച്ചാൽ അയാളോളം അപകടം വിതയ്ക്കുന്ന മറ്റൊരാളുമില്ല. ഏകദിനത്തിൽ മൂന്ന് ഇരട്ട സെഞ്ചുറികളടക്കം റെക്കോഡുകളുടെ പെരുമഴ തീർത്ത പതിറ്റാണ്ടുകൾ. 2019-ലോകകപ്പിലെ അഞ്ച് സെഞ്ചുറികളുൾപ്പെടെ ടീമിനെ തോളിലേറ്റിയ എണ്ണമറ്റ പോരാട്ടങ്ങൾ. മുംബൈ ഇന്ത്യൻസിനായി പലവട്ടം കപ്പുയർത്തിയ നായകൻ. ഒടുവില്‍ 2024 ടി20 ലോകകപ്പും, ഇന്ന് ചാമ്പ്യൻസ് ട്രോഫി കിരീടവും. ദാദയ്ക്കും തലയ്ക്കുമൊപ്പം തലപ്പൊക്കമുള്ളവനായി എന്നും ഹിറ്റ്മാനും ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഹൃദയത്തിലുണ്ടാകും.