ഏതാനും മാസങ്ങള്‍ക്ക് മുമ്പ് രാജസ്ഥാൻ റോയല്‍സ് താരം റിയാൻ പരാഗിന്‍റെ ‘യുട്യൂബ് സെർച്ച് ഹിസ്റ്ററി’ ചോർന്നത് വലിയ വിവാദമായിരുന്നു. ഓൺലൈനിൽ ഒരു ലൈവ് സ്ട്രീമിനിടെ യുട്യൂബിൽ സെര്‍ച്ച് ചെയ്യുമ്പോഴാണ് പരാഗ് മുൻപ് തിരഞ്ഞ കാര്യങ്ങൾ പുറത്തുവന്നത്. ബോളിവുഡ് താരങ്ങളായ അനന്യ പാണ്ഡെ, സാറ അലി ഖാൻ എന്നിവരെക്കുറിച്ചായിരുന്നു പരാഗിന്‍റെ യുട്യൂബ് സെര്‍ച്ച്.
സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെ റിയാൻ പരാഗിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നിരുന്നു. പിന്നാലെ താരം എക്സ് പ്ലാറ്റ്ഫോമിൽ ട്രെൻഡിങ്ങുമായിരുന്നു. 2024 ഐപിഎല്‍ സീസണിനു ശേഷം സ്വന്തം നാടായ അസമിൽ തിരിച്ചെത്തിയതിനു പിന്നാലെയാണ് പരാഗ് വിവാദത്തിലായത്. ഇപ്പോള്‍ വിഷയത്തില്‍ പ്രതികരിക്കുകയാണ് പരാഗ്. എന്താണ് സംഭവിച്ചതെന്ന് തനിക്ക് മനസിലായില്ലെന്നും പുറത്ത് വന്ന് ഒന്നും വിശദീകരിക്കാനായില്ലെന്നും താരം സിറ്റി 1016 റേഡിയോ സ്റ്റേഷന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
'സ്ട്രീമിങ്ങിനിടെ യൂട്യൂബിൽ പോയി, സംഗീതത്തിനായി തിരഞ്ഞു. പക്ഷേ എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു, പക്ഷേ സ്ട്രീം അവസാനിച്ചപ്പോഴാണ് അബദ്ധം മനസിലായത്. എനിക്ക് പുറത്തിറങ്ങി എല്ലാം വ്യക്തമാക്കാൻ മതിയായ കാരണമാണ് ഇത് എന്ന് തോന്നിയില്ല. ആർക്കും മനസ്സിലാവുകയുമില്ല,' റിയാന്‍ പറഞ്ഞു.