പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതില്‍ പ്രതികരണവുമായി മുന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍. വിനേഷ് ഫോഗട്ട് അനുഭവസമ്പത്തുള്ള താരമാണ്. പക്ഷേ അവരുടെ ഭാഗത്തും തെറ്റുണ്ട്. ഇത് വിനേഷിന്റെ ആദ്യ ഒളിംപിക്സല്ലെന്നും അവര്‍ കുറ്റം ഏറ്റെടുക്കണമെന്നും സൈന പറഞ്ഞു
'അവര്‍ അനുഭവസമ്പന്നയായ കായികതാരമാണ്. ശരിയേതാണ് തെറ്റേതാണെന്ന് അവര്‍ക്ക് അറിയാം. എനിക്ക് ഗുസ്തി മത്സരങ്ങളുടെ വിശദാംശങ്ങളൊന്നും അറിയില്ല. ഫൈനല്‍ ദിനത്തില്‍ വിനേഷിന് സംഭവിച്ച പിഴവ് എന്താണെന്നും എനിക്കറിയില്ല. പക്ഷേ നിയമങ്ങളെല്ലാം അവര്‍ക്കറിയാം. നൂറ് ശതമാനം കഠിനാധ്വാനം നല്‍കുന്ന താരമാണ് വിനേഷ്. സാധാരണ ഗതിയില്‍ ഈ നിലയിലെത്തിയ കായികതാരത്തിന് ഇത്തരം തെറ്റുകള്‍ സംഭവിക്കാറില്ല. അവര്‍ക്കൊപ്പം വലിയൊരു ടീമുണ്ട്. ഒരുപാട് പരിശീലകരും ഫിസിഷ്യന്‍മാരും. എന്നിട്ടും ഇത് എങ്ങനെ സംഭവിച്ചു എന്നത് ഒരു ചോദ്യമാണ്.
അവര്‍ക്കെല്ലാം വിഷമമുണ്ടാവും. ഒരുകായികതാരമെന്ന നിലയില്‍ എനിക്കും വിഷമമുണ്ട്. ഇത് വിനേഷിന്റെ ആദ്യ ഒളിംപിക്‌സല്ല. അവരുടെ മൂന്നാം ഒളിംപിക്‌സാണിത്. ഒരു അത്‌ലറ്റെന്ന നിലയില്‍ എല്ലാ നിയമങ്ങളും അറിഞ്ഞിരിക്കണം. ഒളിംപിക്‌സ് പോലൊരു വലിയ വേദിയില്‍ അമിതഭാരം കാരണം മറ്റു ഗുസ്തി താരങ്ങള്‍ അയോഗ്യരാക്കപ്പെട്ടതായി മുന്‍പ് കേട്ടിട്ടില്ല. അവര്‍ പരിചയസമ്പന്നയായ അത്ലറ്റാണ്. വിനേഷിന്റെ ഭാഗത്തും തെറ്റ് സംഭവിച്ചിട്ടുണ്ട്. അവരും കുറ്റം ഏറ്റെടുക്കണം. അതുപോലെയൊരു വലിയ മല്‍സരത്തില്‍ തെറ്റ് സംഭവിക്കാന്‍ പാടില്ല.
അവര്‍ ഏഷ്യന്‍, കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യനാണ്. ഇതുപോലെയുള്ള വലിയ മല്‍സരത്തിന് മുമ്പ് മല്‍സരാര്‍ത്ഥി കരുതലോടെ ഇരിക്കണം. ഉറപ്പായ ഒരു മെഡല്‍ നഷ്ടമായതില്‍ എനിക്ക് നിരാശയുണ്ട്. അവരും പരിശീലകരും ഇപ്പോള്‍ ഏത് അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത് എന്ന് എനിക്കറിയാം. എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടാവണം. വിജയത്തിന് ശേഷം അവരുടെ പരിശീലകര്‍ കരയുന്നത് കണ്ടിരുന്നു. എന്താണ് സംഭവിച്ചത് എന്നതിനെ പറ്റി കൃത്യമായി അവര്‍ക്ക് മാത്രമേ പറയാന്‍ പറ്റൂ,എന്നും സൈന പറഞ്ഞു.