vinesh

TOPICS COVERED

ജന്തർ മന്തറിൽനിന്ന് തുടങ്ങി പാരീസ് വരെ നീളുന്നതാണ് വിനേഷ് ഫോഗട്ടിന്റെ രണ്ടാംഘട്ട പോരാട്ടത്തിന്റെ കഥ. ഭരണസംവിധാനങ്ങളോട് പൊരുതിയ വിനേഷിന്റെ മുൻപിൽ ഗുസ്തിയിലെ എതിരാളികൾ ഓരോന്നായി വീണു.  വിനേഷിനെ തെരുവിലൂടെ വലിച്ചിഴച്ചപ്പോഴുണ്ടായ അതേവേദനയാണ് അയോഗ്യയാക്കപ്പെടുമ്പോഴും രാജ്യത്തിന് അനുഭവപ്പെടുന്നത്.  

വനിതാ ഗുസ്തി താരങ്ങളെ ലൈംഗികാതിക്രമത്തിനിരയാക്കിയ ദേശീയ ഗുസ്തി ഫെഡറേഷന്റെ മുൻ പ്രസിഡന്റും ബിജെപി എംപിയുമായിരുന്ന ബ്രിജ് ഭൂഷനെതിരായ പ്രതിഷേധങ്ങളുടെ മുഖമായിരുന്നു വിനേഷ് ഫോഗട്ട്. പ്രതിഷേധത്തെ തെരുവിൽ നേരിട്ട ഡൽഹി പൊലീസിനെയും കേന്ദ്രസേനയെയും ഹരിയാനക്കാരായ വിനേഷും ബജ്റംഗ് പൂനിയയും സാക്ഷി മാലിക്കും നേരിട്ടത് മനക്കരുത്ത് കൊണ്ട്. പ്രതിഷേധിക്കാൻ ഇറങ്ങിയപ്പോൾ അവരുടെ ഭാവിയെക്കുറിച്ച് ആശങ്ക ഉണ്ടായിരുന്നതേയില്ല. വനിതാ താരങ്ങളുടെ അഭിമാനമായിരുന്നു അവരുടെ ഏകലക്ഷ്യം. 

രാജ്യം നൽകിയ ബഹുമതികളും രാജ്യാന്തര വേദികളിൽനിന്ന് വാരിക്കൂട്ടിയ മെഡലുകളും ഉപേക്ഷിക്കാൻ പോലും വിനേഷ് തയാറായി. ഡൽഹി പൊലീസിന്റെ മിനുസമുള്ള യൂണിഫോമിൽ പിടിച്ചതുകൊണ്ടാണ് ഗോദയിലേക്ക് ഇറങ്ങിയപ്പോൾ എതിരാളിയെ നേരിടാൻ വിനേഷിന് കൈക്കരുത് കൂടിയെന്ന് പലരും അടക്കം പറഞ്ഞു. രാജ്യത്തെ സംവിധാനങ്ങളോട് പോരാടിയ വിനേഷ്, ധൈര്യത്തിന്റെയും ധാർമികതയുടെയും സ്വർണ മെഡൽ നേടിയെന്ന് ബജ്റംഗ് പൂനിയ. സാധ്യമെങ്കിൽ തന്റെ മെഡൽ സാക്ഷിക്ക് നൽകാൻ തയാറെന്ന് ഇതേ ബ്രിജ് ഭൂഷൻ കാരണം ഗുസ്തി ഉപേക്ഷിച്ച സാക്ഷി മാലിക്. സ്വർണം പ്രതീക്ഷിച്ച വീട്ടിലേക്ക് വിനേഷിന് അയോഗ്യത എന്ന വാർത്ത ഇടിത്തീ പോലെ വന്നപ്പോൾ മാധ്യമങ്ങൾക്ക് മുന്നിൽ കരഞ്ഞ വിനേഷിന്റെ അമ്മാവൻ മഹാവീർ ഫോഗട്ടും.  വിനേഷ് വലിയൊരു മാതൃകയാണ്. പ്രചോദനമാണ്. ആരൊക്കെ തളർത്താൻ നോക്കിയാലും മനക്കരുത്തുണ്ടേൽ മുന്നേറാം എന്നതിന്റെ തെളിവ്. ബജ്റംഗ് പൂനിയയും സാക്ഷി മാലിക്കും പോലുള്ള സുഹൃത്തുക്കൾ ഒപ്പമുണ്ടേൽ ആ യാത്ര കുറച്ചുകൂടി എളുപ്പമാകുമെന്നും വിനേഷ് തെളിയിച്ചു 

Story of Vinesh Phogat's second phase of struggle starts from Jantar Mantar and extends to Paris: