ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ഇനി ടെസ്റ്റ് മത്സരം കളിച്ചേക്കില്ലെന്ന് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. ടെസ്റ്റ് മത്സരം കളിക്കാന്‍ പാകത്തില്‍ ഫിറ്റ്നസ് ഹര്‍ദിക്കിന് ഇപ്പോഴില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് രവി ശാസ്ത്രിയുടെ വാക്കുകള്‍. 

ടെസ്റ്റ് ക്രിക്കറ്റിനോട് ഇണങ്ങാന്‍ പാകത്തിലല്ല ഹര്‍ദിക്കിന്റെ ശരീരം. അതിനെ കുറിച്ച് വളരെ വ്യക്തമായി അറിയാം എന്നാണ് രവി ശാസ്ത്രിയുടെ പ്രതികരണം. 2016ല്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച ഹര്‍ദിക് 11 ടെസ്റ്റുകളാണ് ഇതുവരെ കളിച്ചത്. 532 റണ്‍സ് നേടിയപ്പോള്‍ 17 വിക്കറ്റ് വീഴ്ത്തി. 2017 ജൂലൈയില്‍ ലങ്കക്കെതിരെയായിരുന്നു ഹര്‍ദിക്കിന്റെ ടെസ്റ്റ് അരങ്ങേറ്റം. അവസാനമായി ടെസ്റ്റ് കളിച്ചത് 2018 സെപ്തംബറിലും. 

ഹര്‍ദിക്കിനെ പോലെ ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറുടെ അസാന്നിധ്യം ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിഫ് ഫൈനലില്‍ ഉള്‍പ്പെടെ തിരിച്ചടിയായിരുന്നു. നാല് പേസര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തുന്നതിനായി അശ്വിനെ ബെഞ്ചിലിരുത്തിയ ഇന്ത്യയുടെ നീക്കം ഇവിടെ പാളിയിരുന്നു. ഇതോടെ ഹര്‍ദിക്കിനെ വീണ്ടും റെഡ് ബോള്‍ ക്രിക്കറ്റില്‍ കാണാന്‍ കാത്തിരിക്കുന്നു എന്ന പ്രതികരണവുമായി മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ഉള്‍പ്പെടെ രംഗത്തെത്തി.